ടിയാഗോയ്ക്ക് ശേഷം വിലകുറഞ്ഞ ഇ.വിയായി സിട്രൺ ഇ സി 3; 11.50 ലക്ഷത്തിന് ഇലക്ട്രിക് എസ്.യു.വി വാങ്ങാം

എൻട്രി ലെവൽ ഇ.വി കാറുകളുടെ വിഭാഗത്തിൽ ടാറ്റ ടിയാഗോയുടെ അപ്രമാദിത്വം അവസാനിപ്പിച്ച് പുതിയൊരു വാഹനംകൂടി എത്തുന്നു. ഫ്രഞ്ച് കമ്പനിയായ സിട്രന്റെ ഇ സി 3 ഇ.വിയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തേ പുറത്തിറക്കിയെങ്കിലും വാഹനത്തിന്റെ വില പ്രഖ്യാപിച്ചത് ഇപ്പോഴാണ്. നാല് വേരിയന്റിൽ എത്തുന്ന വാഹനത്തിന്റെ വില 11.50 ലക്ഷത്തിൽ ആരംഭിക്കും.

8.69 ലക്ഷം രൂപ മുതലാണ് ടാറ്റ ടിയാഗോയുടെ വില ആരംഭിക്കുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ സിട്രണിന്റെ വില അൽപ്പം കൂടുതലാണെന്ന് കാണാം. ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനും വൈബ് പായ്ക്കും ഉള്ള ടോപ്പ്-സ്‌പെക് ഇ സി 3 ഫീല്‍ ട്രിമ്മിന്റെ വില 12.43 ലക്ഷം രൂപയാണ്. ടിയാഗോ ഇ.വി 7 വേരിയന്റുകൾ ഓഫര്‍ ചെയ്യുന്നുണ്ട്. അതേസമയം ഒരു പവര്‍ട്രെയിനും ഡ്യുവല്‍ ടോണ്‍, വൈബ് പാക്ക് എന്നിങ്ങനെ കോസ്മെറ്റിക് ചോയ്സുകളുള്ള രണ്ട് ട്രിം ലെവലുമാണ് സിട്രൺ ഇ സി 3 ഇ.വിക്ക് ലഭിക്കുന്നത്.

സിട്രണ്‍ ഇ.സി 3ക്ക് ടാറ്റ ടിയാഗോ ഇ.വിയേക്കാള്‍ 212 എം.എം നീളവും 56 എം.എം വീതിയും 50 എം.എം ഉയരവും കൂടുതലാണ്. സിട്രണ്‍ ഇ.വിക്ക് ടിയാഗോ ഇ.വിയെക്കാള്‍ 140 എം.എം കൂടുതൽ നീളമുള്ള വീല്‍ബേസും 4 എം.എം കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സും 75 ലിറ്റര്‍ വലിയ ബൂട്ട് സ്‌പെയിസും അവകാശപ്പെടാനുണ്ട്. പവര്‍ട്രെയിന്‍ കണക്കുകളുടെ കാര്യത്തിലും മാറ്റം പ്രകടമാണ്.

ടിയാഗോ ഇ.വിയുടെ ഏറ്റവും വലിയ ബാറ്ററി പായ്ക്ക് 24 kWh ആണ്. ഇതിനേക്കാള്‍ 5.2 kWh കൂടുതല്‍ ബാറ്ററി ശേഷിയും 29 Nm ടോര്‍ക്കും സിട്രണ്‍ ഇ.സി 3 വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ പവറിന്റെ കാര്യത്തില്‍ ടിയാഗോ ഇ.വിയാണ് മുന്നിൽ. സിട്രണ്‍ ഇ.സി 3-യേക്കാള്‍ (56 bhp) 18 bhp പവര്‍ കൂടുതലാണ് ടിയാഗോ ഇ.വിക്ക് (60/75 bhp). ഒപ്പം തന്നെ പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ടിയാഗോ മുന്നിലാണ്.


പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ടിയാഗോക്ക് 5.7 സെക്കന്‍ഡ് മാത്രം മതി. അതേസമയം സിട്രണ്‍ ഇ.സി 3-ക്ക് 6.8 സെക്കന്‍ഡ് വേണം. ടിയാഗോ ഇ.വിക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. എന്നാല്‍ സിട്രണ്‍ ഇ.സി 3 യുടെ പരമാവധി വേഗത മണിക്കൂറില്‍ 107 കിലോമീറ്റര്‍ ആണ്.

ടിയാഗോ ഇ.വി 315 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോള്‍ സിട്രണ്‍ ഇ.സി 3 ഫുള്‍ചാര്‍ജില്‍ 320 കിലോമീറ്റര്‍ സഞ്ചരിക്കും. ടിയാഗോയുടെ 7 ഇഞ്ച് ടച്ച് സ്‌ക്രീനിനേക്കാള്‍ വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ആണ് സിട്രണ്‍ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സിസ്റ്റം എന്നിവയും ലഭിക്കും.

Tags:    
News Summary - Citroen eC3 launched at Rs 11.50 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.