അടങ്ങാതെ ജിംനി തരംഗം; ബുക്കിങ് കുതിക്കുന്നു

പറഞ്ഞും കേട്ടുംമാത്രം പരിചയമുള്ള ഒരു വാഹനത്തിനായി ഉപഭോക്താക്കൾ കൂട്ടത്തോടെ ബുക്കിങ് കേന്ദ്രങ്ങളിലേക്ക് കുതിക്കുക. സംഭവം അത്ര പതിവുള്ളതല്ലെങ്കിലും മാരുതി സുസുകി ജിംനിയുടെ കാര്യത്തിൽ സംഭവിക്കുന്നത് അതാണ്. 2023 ഓട്ടോ എക്‌സ്‌പോയിലാണ് ജിംനി അവതരിപ്പിക്കപ്പെട്ടത്. നിലവിൽ വാഹനത്തിന്റെ വിലപോലും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എന്നിട്ടും ജിംനിക്ക് ഇതുവരെ 16,500ലധികം ബുക്കിങ്ങുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് മാരുതി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

പ്രതിദിനം ജിംനിക്ക് ശരാശരി 700ലധികം ബുക്കിങ്ങുകള്‍ സ്ഥിരമായി ലഭിക്കുന്നതായാണ് കണക്കുകള്‍. 2018ല്‍ മാരുതി സുസുകി അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിച്ച 3 ഡോര്‍ ജിംനിയുടെ 5 ഡോര്‍ വകഭേദമാണ് ഇന്ത്യയില്‍ അവതരിപ്പിച്ച ജിംനി.

മാരുതിയുടെ മറ്റ് ഉല്‍പ്പന്നങ്ങളില്‍ കാണപ്പെടാത്ത ബോക്സി എക്സ്റ്റീരിയര്‍ ഡിസൈനിലാണ് ജിംനി വരുന്നത്. 3,985 എംഎം നീളവും 1,645 എംഎം വീതിയും 1,720 എംഎം ഉയരവുമാണ് അളവുകള്‍. എസ്.യു.വിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 210 എംഎം ആണ്. കൂടാതെ, ജിംനിക്ക് 36-ഡിഗ്രി അപ്രോച്ച് ആംഗിള്‍, 24-ഡിഗ്രി റാംപ് ബ്രേക്ക്-ഓവര്‍, 50-ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ എന്നിവയുണ്ട്. ഓഫ് റോഡ് ഡ്രൈവിംഗിന് കൂടുതല്‍ അനുയോജ്യമാക്കാന്‍ വേണ്ടി മാരുതി സുസുക്കി എഞ്ചിനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഓഫ് റോഡിംഗിന് പറ്റിയ തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. 2H, 4H, 4L ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ഗിയര്‍ എന്നിവ ഉള്‍പ്പെടുന്ന മാരുതിയുടെ ഓള്‍ഗ്രിപ്പ് പ്രോ സിസ്റ്റം ജിംനിക്ക് ലഭിക്കും.

ഡാഷ്ബോര്‍ഡിന്റെ മധ്യത്തില്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലുള്ള സൗകര്യങ്ങള്‍ ജിംനിയുടെ വില കൂടിയ ആല്‍ഫ വേരിയന്റ് വാഗ്ദാനം ചെയ്യും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ നല്‍കുന്ന സ്മാര്‍ട്ട്‌പ്ലേ സംവിധാനവും ഉണ്ടാകും. 6 എയര്‍ബാഗുകള്‍, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ (LSD), ഹില്‍ ഹോള്‍ഡ് അസിസ്റ്റന്റോടുകൂടിയ ഇഎസ്പി, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിയര്‍വ്യൂ ക്യാമറ, ഇബിഡിയുള്ള എബിഎസ് എന്നിവയോടൊപ്പം മറ്റ് നിരവിധി സേഫ്റ്റി ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നു.

പുതുക്കിയ എര്‍ട്ടിഗയ്ക്കും XL6-നും പുതിയ ബ്രെസയ്ക്കും കരുത്ത് പകരുന്ന മാരുതി സുസുക്കി 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് K15C ഡ്യുവല്‍ജെറ്റ് എഞ്ചിനാണ് ജിംനിയിലും. എഞ്ചിന്‍ പരമാവധി 104.8 bhp പവറും 134.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷൻ, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയർബോക്സുകൾ ഉണ്ടായിരിക്കും. ആല്‍ഫ, സീറ്റ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മാരുതി ജിംനി നിരത്തിലെത്തിക്കുക.

Tags:    
News Summary - 700 Indians are booking the Maruti Jimny every day: SUV crosses 16,500 bookings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.