വെൽഫെയറിനെ വെല്ലാൻ ലക്സസ് എൽ.എം; ലക്ഷ്വറി എം.പി.വികളുടെ രാജാവ് ഓട്ടോ എക്സ്​പോയിൽ

ഇന്ത്യക്കാരുടെ ആഡംബര എം.പി.വി സങ്കൽപ്പങ്ങളുടെ പൂർണ്ണതയാണ് ടൊയോട്ട വെൽഫെയർ. സെലിബ്രിറ്റികളുടെ പ്രിയ വാഹനംകൂടിയാണിത്. വെൽഫെയറിനെ സൗകര്യങ്ങളിലും യാത്രാ സുഖത്തിലും കടത്തിവെട്ടാൻ എത്തിയിരിക്കുന്നത് ലെക്സസ് എൽ.എം മോഡലാണ്. ടൊയോട്ടയുടെ ആഡംബര വിഭാഗമാണ് ലക്സസ്. ടൊയോട്ട വെൽഫെയറിനെ പരിഷ്‍കരിച്ചാണ് എൽ.എം അണിയിച്ചൊരുക്കിയിരിക്കുന്നത്. പുതിയ എം.പി.വി ഓട്ടോ എക്സ്​പോയിലാണ് വെളിച്ചം കണ്ടത്.

ലെക്സസ് എൽ.എം അടിസ്ഥാനപരമായി ടൊയോട്ട വെല്‍ഫയറിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണ്. ഈ വര്‍ഷം അവസാനത്തോടെ വാഹനം ഇന്ത്യയിൽ എത്തിക്കാനാണ് ലെക്സസ് പ്ലാൻ ചെയ്യുന്നത്. ഹൈബ്രിഡ് വാഹനമാകും രാജ്യത്ത് അവതരിപ്പിക്കുകയെന്നാണ് സൂചന.

കമ്പനിയുടെ സിഗ്‌നേച്ചര്‍ ഡിസൈന്‍ ഘടകങ്ങളാല്‍ മെച്ചപ്പെടുത്തിയ ബോക്സി ആകൃതിയിലുള്ള ഒരു സാധാരണ എംപിവി പോലെയാണ് ലെക്‌സസ് എൽ.എം കാണപ്പെടുന്നത്. ഈ ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് മുന്‍വശത്തെ സ്പിന്‍ഡില്‍ ഗ്രില്‍. അത് ഇരുവശത്തും കോണാകൃതിയിലുള്ള ഹെഡ്ലാമ്പുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മുന്‍ ബമ്പറിന്റെ ഇരുവശത്തും കട്ട്ഔട്ടുകള്‍ ഉണ്ട്. കൂടുതല്‍ ലൈറ്റുകളും ക്രോമില്‍ എൽ ആകൃതിയിലുള്ള സറൗണ്ടുകളും ഉള്‍ക്കൊള്ളുന്നു. സ്ലൈഡിങ് വാതിലുകളും ഗ്ലാസ്ഹൗസിന്റെ ആകൃതിയും എല്ലാം വെല്‍ഫയറിന് സമാനമാണ്.


ലെക്‌സസ് എൽ.എം-ന്റെ അകത്തളം അതിവിശാലമാണ്. മൂന്ന് മീറ്റര്‍ നീളമുള്ള വീല്‍ബേസാണ് വാഹനത്തിന്. വെന്റിലേഷന്‍ ഫീച്ചര്‍ ചെയ്യുന്ന ക്യാപ്റ്റന്‍ സീറ്റുകളാണ് പിന്നിൽ. പിന്‍ഭാഗത്തുള്ള രണ്ട് യാത്രക്കാരെയും ഡ്രൈവറില്‍ നിന്ന് ഒരു പാര്‍ട്ടീഷന്‍ ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് ആവശ്യങ്ങള്‍ക്കായി വലിയ 26 ഇഞ്ച് ഡിസ്പ്ലേയും റഫ്രിജറേറ്ററും ഉണ്ട്. ഫാമിലി ആവശ്യങ്ങള്‍ക്കായി കുടുംബത്തെ ഒരുമിച്ച് കൊണ്ടു പോകേണ്ട ഉപഭോക്താക്കള്‍ക്ക് ഏഴ് സീറ്റര്‍ സീറ്റിങ് കോര്‍ഫിഗറേഷന്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലെക്‌സസ് എൽ.എം നല്‍കും.

ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മോഡലില്‍ കാണുന്ന 3.5 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിന്‍ ആണ് ഒരു എഞ്ചിന്‍ ഓപ്ഷന്‍. പെട്രോള്‍-ഇലക്ട്രിക് സ്‌ട്രോംഗ് ഹൈബ്രിഡ് 2.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിനാണ് രണ്ടാമത്തേത്. രണ്ട് ആക്‌സിലിലുമായി രണ്ട് ഇലക്ട്രിക് മോട്ടോറുകളും ലെക്സസ് വാഗ്ദാനം ചെയ്യുന്നു. ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മോഡല്‍ V6 വേരിയന്റാണ്.

ലെക്‌സസ് എൽ.എം 350 എഞ്ചിന്‍ 270 bhp പവര്‍ അല്ലെങ്കില്‍ 296 bhp പവര്‍ ഉത്പാദിപ്പിക്കും. വില്‍ക്കുന്ന വിപണിയെ ആശ്രയിച്ച് 6-സ്പീഡ് അല്ലെങ്കില്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വാഹനം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെത്തുന്ന ലെക്സസ് എൽ.എം 300h-ല്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഉള്‍പ്പെടുന്നു. എഞ്ചിനും മുന്‍വശത്തെ ഇലക്ട്രിക് മോട്ടോറും പരസ്പരം യോജിച്ച് 197 bhp പവര്‍ ഉത്പാദിപ്പിക്കും. ഹൈബ്രിഡ് എൽ.എം 300h e-CVT ഗിയര്‍ബോക്സാണ് ഉപയോഗിക്കുന്നത്. 

Tags:    
News Summary - Auto Expo 2023: Lexus LM 300h MPV India launch confirmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.