എ​യ​ർ​ബാ​ഗ് ര​ക്ഷ​ക​നോ വി​ല്ല​നോ?

വാഹനാപകടങ്ങൾ പൊതുവേ ആരുടെയെങ്കിലും അശ്രദ്ധ കൊണ്ടാണ് സംഭവിക്കാറുള്ളത്. റോഡിലെ അപകടങ്ങളിൽ, ജീവൻ രക്ഷിക്കാനുള്ള ഏറ്റവും പ്രധാന സുരക്ഷാ സംവിധാനമായ എയർബാഗ് ഉണ്ടല്ലോ എന്ന ധൈര്യത്തിൽ വാഹനം ഓടിക്കും മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അറിവില്ലായ്മ കൊണ്ടോ അശ്രദ്ധ കൊണ്ടോ എയർബാഗുകൾ അപകടസമയത്ത് കൃത്യമായി പ്രവർത്തിക്കാതെ വരാം, എയർബാഗ് സുരക്ഷിതമായി പ്രവർത്തിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലേക്കൊന്ന് കണ്ണോടിക്കാം: ഇനിപ്പറയുന്ന കാര്യങ്ങൾക്ക് നിങ്ങളുടെ ജീവന്റെ വിലയുണ്ട് എന്നത് ഓർമയിൽ വെച്ചു കൊണ്ട് വായിക്കുമല്ലോ.

1. സീറ്റ് ബെൽറ്റ് നിർബന്ധം

സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പല കാറുകളിലും എയർബാഗ് വിരിയുകയില്ല. എയർബാഗ് എന്നത് ഒരു ‘സപ്ലിമെന്ററി റീസ്ട്രെയ്ൻ സിസ്റ്റം’ (SRS) ആണ്. അതായത് സീറ്റ് ബെൽറ്റിനെ സഹായിക്കാനുള്ള ഒരു അധിക സംവിധാനം മാത്രമാണിത്. അപകടസമയത്ത് ശരീരം മുന്നോട്ട് ആഞ്ഞുതെറിക്കുന്നത് സീറ്റ് ബെൽറ്റ് തടയുമെന്ന കണക്കുകൂട്ടലിലാണ് എയർബാഗ് വിരിയുന്നത്. സീറ്റ് ബെൽറ്റ് ഇല്ലാതെ എയർബാഗ് വിരിഞ്ഞാൽ അത് യാത്രക്കാരന്റെ മുഖത്തോ നെഞ്ചിലോ അതിശക്തമായി അടിച്ച് മാരക പരിക്കോ മരണമോ സംഭവിക്കാൻ സാധ്യതയുണ്ട്.

2. ഡാഷ്‌ബോർഡിലെ ‘മിസൈലുകൾ’

പലരും കാറിന്റെ ഡാഷ്‌ബോർഡിന് മുകളിൽ വിഗ്രഹങ്ങൾ, മൊബൈൽ ഹോൾഡറുകൾ, പെർഫ്യൂം ബോട്ടിലുകൾ എന്നിവ വെക്കാറുണ്ട്. ഇത് അതീവ അപകടകരമാണ്. പാസഞ്ചർ എയർബാഗ് ഇരിക്കുന്ന സ്ഥലത്തിന് മുകളിലാണ് ഇവ വെക്കുന്നതെങ്കിൽ, എയർബാഗ് വിരിയുന്ന നിമിഷം ഈ വസ്തുക്കൾ ഒരു വെടിയുണ്ടയുടെ വേഗതയിൽ യാത്രക്കാരന്റെ മുഖത്തേക്ക് തെറിക്കും. എയർബാഗിന്റെ വിന്യാസത്തിന് തടസ്സമാകുന്ന ഒന്നും ഡാഷ്‌ബോർഡിൽ ഒട്ടിക്കരുത്.

3. സ്റ്റിയറിങ്ങിലെ അലങ്കാരങ്ങൾ

സ്റ്റിയറിങ്ങിന്റെ മധ്യഭാഗത്താണ് ഡ്രൈവർക്കുള്ള എയർബാഗുള്ളത്. ഇവിടെ സ്റ്റിക്കറുകൾ ഒട്ടിക്കുന്നതും മൊബൈൽ ഫോൺ ഹോൾഡർ സ്ഥാപിക്കുന്നതും ഒഴിവാക്കുക. നിസ്സാരമെന്ന് തോന്നുമെങ്കിലും അപകടസമയത്ത് ഇവ ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചുകയറാൻ കാരണമാകും.

4. സീറ്റ് കവറുകൾ

ഇന്നത്തെ പല കാറുകളിലും സീറ്റിന്റെ വശങ്ങളിൽ എയർബാഗുകൾ (Side Airbags) ഉണ്ടാകാറുണ്ട്. അത്തരം കാറുകളിൽ സാധാരണ സീറ്റ് കവറുകൾ ഇടുന്നത് എയർബാഗ് വിരിയുന്നത് തടസ്സപ്പെടുത്തും. ‘എയർബാഗ് ഫ്രണ്ട്‍ലി’ ആയ സീറ്റ് കവറുകൾ മാത്രമേ ഇത്തരം കാറുകളിൽ ഉപയോഗിക്കാവൂ.

5. കുട്ടികളുടെ സുരക്ഷ

മുൻസീറ്റിൽ കുട്ടികളെ ഇരുത്തുന്നത് ഒഴിവാക്കുക. എയർബാഗ് വിരിയുന്ന ആഘാതം താങ്ങാനുള്ള ശേഷി കുട്ടികളുടെ ശരീരത്തിനില്ല.

6. ബുൾ ബാറുകളും ക്രാഷ് ഗാർഡുകളും

കാറിന്റെ മുൻവശത്ത് നിയമവിരുദ്ധമായി ഘടിപ്പിക്കുന്ന ബുൾ ബാറുകൾ അല്ലെങ്കിൽ വലിയ ക്രാഷ് ഗാർഡുകൾ എയർബാഗ് സെൻസറുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയേക്കാം. ഇത് അപകടസമയത്ത് എയർബാഗ് വിരിയുന്നത് വൈകിപ്പിക്കാനോ പൂർണമായും തടയാനോ കാരണമാകും.

എയർബാഗ് വിരിയുന്ന ഭാഗങ്ങൾ (Deployment Zones) എപ്പോഴും തടസ്സങ്ങളില്ലാതെ സൂക്ഷിക്കുക. എല്ലാറ്റിലുമുപരി, സുരക്ഷിത യാത്രക്ക് സീറ്റ് ബെൽറ്റ് ശീലമാക്കുക. നിസ്സാരമായി കാണാതെ ഒഴിവാക്കുന്ന/ ഒഴിവാക്കാത്ത ചിലതെല്ലാമാണ് പലപ്പോഴും വലിയ അപകടങ്ങളിൽനിന്ന് രക്ഷിക്കുന്നത്.

Tags:    
News Summary - Airbag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.