റോയൽ എൻഫീൽഡ് ക്ലാസിക് 650 125-ാം വാർഷിക എഡിഷൻ
റോയൽ എൻഫീൽഡ് ക്ലാസിക് 650 125-ാം വാർഷിക എഡിഷൻ വിപണിയിൽ; വില 4.26 ലക്ഷം രൂപ
മോട്ടോർസൈക്കിൾ നിർമ്മാണ രംഗത്തെ പ്രമുഖരായ റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ മോഡലായ ക്ലാസിക് 650ന്റെ 125-ാം വാർഷിക എഡിഷൻ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിച്ചു. രാജ്യത്ത് 4,25,589 രൂപയാണ് ലിമിറ്റഡ് എഡിഷൻ ബൈക്കിന്റെ എക്സ് ഷോറൂം വില. കമ്പനിയുടെ 125 വർഷത്തെ സമ്പന്നമായ ചരിത്രത്തെ അടയാളപ്പെടുത്തുന്നതിനാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഹൈപ്പർ ഷിഫ്റ്റ് ഫിനിഷും ആകർഷകമായ ഡിസൈനും
മോട്ടോർസൈക്കിളിന്റെ ഏറ്റവും വലിയ പ്രത്യേകത കളർ-ഷിഫ്റ്റിങ് 'ഹൈപ്പർ ഷിഫ്റ്റ്' (Hypershift) ഫിനിഷാണ്. വെളിച്ചെത്തത്തിനനുസരിച്ച് ചുവപ്പ്, പച്ച, സ്വർണ്ണ നിറങ്ങളിൽ മാറിമാറി കാണപ്പെടുന്ന പെയിന്റ് സ്കീമാണിത്. ക്ലാസിക് 650ന്റെ പരമ്പരാഗതമായ ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്കും നാസിൽ ഹെഡ്ലാമ്പും നിലനിർത്തിയിട്ടുണ്ടെങ്കിലും, പുതിയ ഫിനിഷ് ബൈക്കിന് തികച്ചും വ്യത്യസ്തമായ രാജകീയ ലുക്ക് നൽകുന്നുണ്ട് കമ്പനി.
റോയൽ എൻഫീൽഡിന്റെ 1901ലെ ആദ്യകാല മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ ബ്രാസ് (brass) അധിഷ്ഠിത ഡിസൈൻ ഒരുക്കിയിരിക്കുന്നത്. ടാങ്കിൽ പതിപ്പിച്ചിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള 125-ാം വാർഷിക ക്രെസ്റ്റ്, പ്രത്യേക സൈഡ്-പാനൽ ബാഡ്ജിങ്, ഒപ്പം കൈകൊണ്ട് വരച്ച പിൻസ്ട്രൈപ്പുകൾ എന്നിവ വാഹനത്തിന്റെ സവിശേഷതയാണ്.
പരിമിതമായ നിർമ്മാണം; ബുക്കിങ് വിവരങ്ങൾ
ലോകമെമ്പാടുമുള്ള ഓരോ പ്രധാന റീജിയണിലേക്കും 125 യൂനിറ്റുകൾ മാത്രമായി വാർഷിക എഡിഷന്റെ നിർമ്മാണം പരിമിതപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതൊരു കളക്ടേഴ്സ് ഐറ്റമായിട്ടാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. ഒക്ടോബർ 16 ഉച്ചക്ക് 2:00 മണി മുതൽ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും. ഒക്ടോബർ 28ലെ സെയിൽസ് ദിനം വരെയാണ് രജിസ്ട്രേഷന്റെ അവസാന തീയതി. നവംബർ മാസത്തോടെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
എൻജിൻ കരുത്ത്
ക്ലാസിക് 650ന്റെ നിലവിലുള്ള അതേ ശക്തമായ 650 സിസി ട്വിൻ-സിലിണ്ടർ പ്ലാറ്റ്ഫോമിനെയാണ് ഈ വാർഷിക എഡിഷനും അടിസ്ഥാനമാക്കിയിരിക്കുന്നത്. റോയൽ എൻഫീൽഡിന്റെ പൈതൃകവും കരകൗശല വൈഭവവും വിളിച്ചോതുന്ന ഈ ക്ലാസിക് 650 ഹൈപ്പർ ഷിഫ്റ്റ് എഡിഷൻ ബൈക്ക് പ്രേമികൾക്ക് പ്രിയപ്പെട്ടതായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.