നികുതിയടക്കാത്ത വാഹനങ്ങൾ സൂക്ഷിക്കാൻ യാർഡുകൾ; ക്രെയിൻ, പാർക്കിങ് ചെലവും ഉടമ നൽകണം

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് സൂക്ഷിക്കുന്നതിനായി എല്ലാ താലൂക്കുകളിലും പ്രത്യേക അംഗീകൃത കേന്ദ്രങ്ങൾ (യാർഡുകൾ) സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന '2026-ലെ കേരള മോട്ടോർ വാഹന നികുതി ഭേദഗതി ബിൽ' ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ അവതരിപ്പിച്ചു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ നിലവിൽ മതിയായ സ്ഥലമില്ലാത്ത പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

1976-ലെ നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം, നികുതി അടയ്ക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും (എ.എം.വി.ഐ) സബ് ഇൻസ്പെക്ടർമാർക്ക് മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കും അധികാരമുണ്ട്. എന്നാൽ, പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇടാൻ ആവശ്യത്തിന് സർക്കാർ ഭൂമി ലഭ്യമല്ലാത്തതിനാൽ നിയമം പൂർണ്ണമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നില്ല. താലൂക്ക് അടിസ്ഥാനത്തിൽ യാർഡുകൾ വരുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി അറിയിച്ചു.

പുതിയ നിയമമനുസരിച്ച്, പിടിച്ചെടുക്കുന്ന വാഹനങ്ങൾ യാർഡുകളിലേക്ക് എത്തിക്കുന്നതിനുള്ള ക്രെയിൻ/ട്രാൻസ്പോർട്ടിങ് ഫീസും അവിടെ സൂക്ഷിക്കുന്നതിനുള്ള പാർക്കിങ് ഫീസും വാഹന ഉടമയിൽ നിന്ന് തന്നെ ഈടാക്കും. കുടിശ്ശിക നികുതി അടച്ചുതീർത്താലും ഈ ഫീസുകൾ പൂർണ്ണമായി അടച്ചാൽ മാത്രമേ വാഹനം വിട്ടുനൽകുകയുള്ളൂ. നിരക്കുകൾ എത്രയെന്ന് സർക്കാർ പിന്നീട് വിജ്ഞാപനം ചെയ്യും. പുതിയ സംവിധാനം നടപ്പിലാക്കുന്നത് വഴി സർക്കാരിന് അധിക സാമ്പത്തിക ബാധ്യതകൾ ഉണ്ടാകില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. അതേസമയം, ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗം പ്രേംകുമാർ ഉന്നയിച്ച ക്രമപ്രശ്നം സഭ തള്ളി. തുടർന്ന് ബിൽ വിശദ പരിശോധനയ്ക്കായി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു.

Tags:    
News Summary - Unpaid Tax Vehicles Will Be Seized: Owners Must Pay Crane and Parking Fees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.