മസ്കിന്റെ പറക്കും കാർ; സ്പേസ് എക്സ് സാങ്കേതികവിദ്യയോടെ ഇലോൺ മസ്കിന്റെ വിസ്മയക്കാഴ്ച... VIDEO
ലോകം ഏറെ നാളായി കാത്തിരുന്ന ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. ടെസ്ലയുടെ അടുത്ത തലമുറ റോഡ്സ്റ്റർ (Roadster) കാർ ആകാശത്ത് പറക്കലും തലകീഴായുള്ള ഡ്രൈവിങ്ങും നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ടെക്സസിലെ സ്പേസ്എക്സ് ഫെസിലിറ്റിയിൽ ഒക്ടോബർ 15 നടന്ന പ്രത്യേക പ്രദർശനത്തിലാണ് ഈ അദ്ഭുത കാഴ്ച അരങ്ങേറിയത്. വലിയൊരു വളഞ്ഞ റാംപിലൂടെ തലകീഴായി സഞ്ചരിച്ച ശേഷം കാർ വായുവിൽ ഉയർന്നു. സ്പേസ് എക്സിന്റെ റോക്കറ്റ് സാങ്കേതികവിദ്യയാണ് ഇതിന് പിന്നിൽ. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ദൃശ്യങ്ങൾ വലിയ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.
എങ്ങനെയാണ് ടെസ്ല റോഡ്സ്റ്റർ പറന്നത്?
വളരെ കൃത്യമായി രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക റാംപിലൂടെ അതിവേഗത്തിലെത്തിയ റോഡ്സ്റ്റർ, റാംപിന്റെ മുകളിലെ വളവിലൂടെ പൂർണമായും തലകീഴായി സഞ്ചരിച്ചു. പിന്നീട് താഴേക്ക് പതിക്കാതെ വായുവിൽ ചെറിയൊരു വ്യോമ അഭ്യാസവും നടത്തി സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ടെസ്ലയുടെ വെഹിക്കിൾ എൻജിനീയറിങ് ഹെഡ് ലാർസ് മൊറാവിയുടെ (Lars Moravy) വിശദീകരണം അനുസരിച്ച്, ഈ 'പറക്കും വിദ്യക്ക്' പിന്നിൽ സ്പേസ്എക്സ് ത്ര്സ്റ്ററുകൾ (SpaceX thrusters) ആണ് പ്രവർത്തിക്കുന്നത്.
കാറിൽ ഘടിപ്പിച്ചിരിക്കുന്ന 600 ലിറ്റർ കംപ്രസ്ഡ് എയറുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 ത്ര്സ്റ്ററുകളാണ് കാറിനെ വായുവിൽ ഉയർത്താനും കറക്കാനും സഹായിച്ചത്. പരമ്പരാഗത റോക്കറ്റുകളിലെ പോലെ ഇന്ധനം കത്തിച്ചുള്ള ജ്വലനത്തിനല്ല ഇവിടെ പ്രാധാന്യം, മറിച്ച് ഉയർന്ന മർദ്ദത്തിലുള്ള വാതകം പുറത്തുവിട്ട് ശക്തമായി ഉണ്ടാക്കുന്ന കോൾഡ്-ഗ്യാസ് ത്ര്സ്റ്റർ (Cold-gas thruster) സംവിധാനമാണിത്. ലളിതമായി പറഞ്ഞാൽ, കാറിലുള്ള വാതകത്തിന്റെ അളവിന് അനുസരിച്ചായിരിക്കും റോഡ്സ്റ്ററിന്റെ 'പറക്കൽ സമയം' നിശ്ചയിക്കപ്പെടുക.
ടെസ്ലയും സ്പേസ്എക്സും കൈകോർക്കുമ്പോൾ
2017 നവംബറിൽ ആദ്യമായി അവതരിപ്പിച്ച റോഡ്സ്റ്ററിനെക്കുറിച്ചുള്ള എലോൺ മസ്കിന്റെ ആശയങ്ങളിൽ സ്പേസ്എക്സ് സാങ്കേതികവിദ്യ ഉൾപ്പെട്ടിരുന്നു. ടെസ്ലയുടെ ഇലക്ട്രിക് പെർഫോമൻസും എയ്റോസ്പേസ് എൻജിനീയറിങ്ങും സംയോജിപ്പിച്ചുള്ള ആശയമാണ് ഇപ്പോൾ വിജയകരമായി പ്രദർശിപ്പിച്ചിരിക്കുന്നത്. സുരക്ഷിതമായ നിയന്ത്രണങ്ങളോടെയായിരുന്നു മുഴുവൻ സ്റ്റണ്ടുകളും പൂർത്തിയാക്കിയത്.
വിലയും ലഭ്യതയും
നിലവിൽ ടെസ്ല റോഡ്സ്റ്ററിനായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മൂന്ന് മോഡലുകളെ കൂടാതെ പ്രത്യേക പതിപ്പും റോഡ്സ്റ്ററിന് ലഭിക്കുന്നുണ്ട്. ആദ്യത്ത 'പെർഫോമൻസ്' വേരിയന്റിന് 50,000 ഡോളറും (ഏകദേശം 47.47 ലക്ഷം രൂപ), ത്രസ്റ്റ് വേരിയന്റിന് (Thrust Variant) 2,50,000 ഡോളറും (ഏകദേശം 2.37 കോടി രൂപ), റോക്കറ്റ് മോഡലിന് (Rocket Model) 200,000 ഡോളറുമാണ് (1.68 കോടി രൂപ) എക്സ് ഷോറൂം വില. കൂടാതെ പ്രത്യേക പതിപ്പായ പ്രത്യേക ക്ഷണിതാക്കൾക്ക് മാത്രമുള്ള (Invite only) മോഡലിന് വില പ്രഖ്യാപിച്ചിട്ടില്ല. ഈ മോഡൽ നേരിട്ട് ബുക്ക് ചെയ്യാൻ സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.