കാർ പാർക്കിങ് കണ്ടാലറിയാം നിങ്ങളുടെ സ്വഭാവം
നമ്മുടെ ഡ്രൈവിങ് ലൈസൻസിന്റെ യഥാർഥ മാറ്റ് അളക്കപ്പെടുന്നത് അപകടമില്ലാതെ റോഡിൽ വാഹനം ഓടിക്കുന്നതിൽ മാത്രമല്ല, അത് എങ്ങനെ പാർക്ക് ചെയ്യുന്നു എന്നതിൽ കൂടിയാണ്. വഴിയിൽ മറ്റുള്ളവർക്ക് തടസ്സമില്ലാതെ, അപകടമില്ലാതെ വണ്ടി ഒതുക്കി നിർത്തി ഇറങ്ങുക എന്നത് കേവലം ഡ്രൈവിങ് നൈപുണ്യം മാത്രമല്ല, ഉയർന്ന ഒരു പാർക്കിങ് സംസ്കാരം കൂടിയാണ്. ഒരാളുടെ സ്വഭാവ രീതികൾ അയാൾ വാഹനം പാർക്ക് ചെയ്തിരിക്കുന്ന രീതി കണ്ടാൽത്തന്നെ മനസ്സിലാക്കാമെന്ന് പറയുന്നത് വെറുതെയല്ല!
‘വണ്ടി ഒതുക്കിനിർത്തി, ടയറൊക്കെ നേരെയാക്കി, ഹാൻഡ്ബ്രേക്കും ഇട്ടു, ഇനിയിപ്പോ ഇതിൽ കൂടുതൽ എന്ത് ശ്രദ്ധിക്കാൻ?’ എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാൽ, നമ്മുടെ വണ്ടി പാർക്ക് ചെയ്തിരിക്കുന്ന രീതികണ്ടാൽ അറിയാം നമ്മുടെ സിവിക് സെൻസും മറ്റുള്ളവരോടുള്ള മര്യാദയും എത്രത്തോളമുണ്ടെന്ന്! മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ, സുരക്ഷിതമായി പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ:
അയൽ-പാർക്കിങ് മര്യാദ
നമ്മൾ ലൈനിനുള്ളിൽ കൃത്യമായി വാഹനം നിർത്തിയാലും തൊട്ടടുത്ത് കിടക്കുന്ന വണ്ടിയുടെ ഡ്രൈവർക്ക് വാതിൽ തുറന്ന് അകത്തുകയറാൻ (അല്ലെങ്കിൽ ഇറങ്ങാൻ) ആവശ്യമായ സ്പേസ് ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. നമ്മുടെ ഡ്രൈവർസൈഡ് വാതിൽ തുറക്കാൻ സുഖമായി സ്ഥലംകിട്ടുന്ന രീതിയിൽ മാത്രം നോക്കി വണ്ടി ഒതുക്കിയാൽ, തൊട്ടടുത്ത വണ്ടിക്കാരന്റെ ഡ്രൈവർഡോർ നമ്മൾ ബ്ലോക്ക് ചെയ്യുകയാവും ഫലം. അതുകൊണ്ട് ഇരുവശത്തുമായി ചുരുങ്ങിയത് രണ്ട് അടിയെങ്കിലും അകലം പാലിച്ച് നിർത്തിയിടുക. നമ്മുടെ കാറിന്റെ വാതിൽ തുറക്കാൻ എത്ര സ്ഥലം വേണമെന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് അടുത്ത കാറിലുള്ളവർക്കും. കുട്ടികളോ പ്രായമായവരോ യാത്രക്കാരായുള്ള വാഹനങ്ങൾക്ക് ഡോർ തുറക്കാൻ കൂടുതൽ സ്ഥലം ആവശ്യമായി വന്നേക്കാം. പാർക്ക് ചെയ്യുമ്പോൾ ഇക്കാര്യം കൂടി ഓർക്കണം.
‘പാർക്കിങ് ലൈനുകൾ’ അലങ്കാരമല്ല
മാളുകളിലും മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങളിലും വരച്ചിരിക്കുന്ന മഞ്ഞയോ വെള്ളയോ വരകൾ കൃത്യമായി പാലിക്കുക. ലൈനിന് മുകളിലോ ലൈൻ തെറ്റിച്ചോ പാർക്ക് ചെയ്യുന്നത് ഒരു വണ്ടിയുടെ സ്ഥാനത്ത് ഒന്നര വണ്ടിയുടെ സ്ഥലം കവരും. ഇതുകാരണം അടുത്തയാൾക്ക് പാർക്ക് ചെയ്യാൻ സ്ഥലം ലഭിക്കാതെ വരുന്നു.
‘ഡോറിങ്’ അപകടം ഒഴിവാക്കാം
പാർക്ക് ചെയ്ത ശേഷം ശ്രദ്ധയില്ലാതെ പെട്ടെന്ന് വാതിൽ തുറക്കുന്നത് വൻ അപകടങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് റോഡരികിൽ പാർക്ക് ചെയ്യുമ്പോൾ. പിറകിൽ നിന്ന് വരുന്ന ബൈക്കുകളോ സൈക്കിളുകളോ നമ്മൾ തുറക്കുന്ന വാതിലിൽ വന്ന് ഇടിക്കാം. ഇതിനായി ‘ഡച്ച് റീച്ച്’ രീതി ശീലമാക്കാം. വാതിൽ തുറക്കാൻ അടുത്തുള്ള കൈക്ക് പകരം (വലതുകൈ) അകലെയുള്ള കൈ (ഇടതുകൈ) ഉപയോഗിക്കുക. ഇത് സ്വാഭാവികമായും നമ്മൾ തിരിഞ്ഞുനോക്കാനും മിററിലൂടെ പിറകിലെ കാഴ്ച കാണാനും സഹായിക്കും.
ചരിവുകളിൽ പാർക്ക് ചെയ്യുമ്പോൾ:
ഒരു കയറ്റത്തിലോ ഇറക്കത്തിലോ ആണ് പാർക്ക് ചെയ്യുന്നതെങ്കിൽ ഹാൻഡ്ബ്രേക്ക് മാത്രം വിശ്വസിച്ച് വണ്ടി നിർത്തി പോകരുത്.
കയറ്റമാണെങ്കിൽ: ഫസ്റ്റ് ഗിയറിലിടുക, ഫ്രണ്ട് ടയറുകൾ വലത്തോട്ടേക്ക് തിരിച്ചുവെക്കുക.
ഇറക്കമാണെങ്കിൽ: റിവേഴ്സ് ഗിയറിലിടുക, ഫ്രണ്ട് ടയറുകൾ ഇടത്തോട്ടേക്ക് തിരിച്ചുവെക്കുക.
ഇത് ബ്രേക്ക് പരാജയപ്പെട്ടാലും വണ്ടി സ്വയം താഴേക്ക് ഉരുണ്ടുപോകുന്നത് തടയും.
മിററുകൾ മടക്കിവെക്കുക:
പാർക്ക് ചെയ്ത ശേഷം സൈഡ് മിററുകൾ (ORVM) ഫോൾഡ് ചെയ്യാൻ മറക്കരുത്. ഇടുങ്ങിയ തെരുവുകളിലും പാർക്കിങ് ലോട്ടുകളിലും മറ്റു വാഹനങ്ങളോ കാൽനടക്കാരോ തട്ടി മിററുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാം. മാത്രമല്ല ഓട്ടോമാറ്റിക് മിറർ, മാനുവലി ആരെങ്കിലും പിടിച്ചുവലിച്ച് തകരാർ വരാതിരിക്കാനും ഇത് ശീലിക്കാം.
സുരക്ഷിത അകലം
റിവേഴ്സെടുത്ത് പാർക്ക് ചെയ്യുമ്പോൾ പിറകിലെ വണ്ടിയുമായോ ചുവരുമായോ സുരക്ഷിത അകലം പാലിക്കുക. ബൂട്ട് സ്പേസ് (ഡിക്കി) തുറക്കേണ്ടി വന്നാൽ തടസ്സമുണ്ടാകരുത്. പിറകുവശം ഭിത്തിയോടൊക്കെ ചേർത്തുനിർത്തിയാൽ പിന്നീട് ഡിക്കി തുറക്കണമെങ്കിൽ വീണ്ടും വാഹനം സ്റ്റാർട്ടാക്കി മുന്നോട്ട് നീക്കിയിടേണ്ടിവരും.
അതുപോലെ കാറിന്റെ വാതിൽ തുറക്കുമ്പോൾ തൊട്ടടുത്ത വാഹനത്തിൽ തട്ടാതിരിക്കാൻ ശ്രദ്ധിക്കണം. ഇടുങ്ങിയ പാർക്കിങ് സ്ഥലങ്ങളിൽ വാതിൽ പതുക്കെ തുറക്കുകയും കുട്ടികൾക്ക് ഇക്കാര്യത്തിൽ നിർദേശം നൽകുകയും വേണം. വാഹനത്തിൽനിന്ന് ഇറങ്ങുമ്പോൾ ചുറ്റുമുള്ള സാഹചര്യം കൂടി ശ്രദ്ധിക്കുന്നത് ചെറിയ പോറലുകളും അനാവശ്യ തർക്കങ്ങളും ഒഴിവാക്കാൻ സഹായിക്കും.
വഴി തടസ്സപ്പെടുത്തരുത്
ഒരു അടിയന്തര ഘട്ടത്തിൽപോലും, മറ്റൊരു വാഹനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത വിധം സമാന്തരമായി വണ്ടി നിർത്തിയിടരുത്. വാഹനത്തിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ വ്യക്തമായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കുന്നത് നല്ല ശീലമാണ്. എവിടെ പാർക്ക് ചെയ്താലും ചുറ്റുമൊന്ന് നടന്നുനോക്കി മറ്റു വാഹനങ്ങൾക്കോ ആളുകൾക്കോ പ്രയാസമില്ലാത്ത വിധമാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതും മാന്യതയാണ്.
വാഹനം നിർത്തിയശേഷം എൻജിൻ ഓഫ് ചെയ്യുകയും പാർക്കിങ് ബ്രേക്ക് ഇടുകയും വേണം. ഓട്ടോമാറ്റിക് കാറാണെങ്കിൽ ഗിയർ സെലക്ടർ ‘P’ സ്ഥാനത്താണെന്ന് ഉറപ്പാക്കണം. വാഹനം നിർത്തിയിട്ടിരിക്കുന്ന രീതിയാണ് റോഡിൽ നമ്മുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നത്. മറ്റൊരാളുടെ യാത്ര തടസ്സപ്പെടുത്താത്ത, സുരക്ഷിതമായ പാർക്കിങ് സംസ്കാരം ശീലമാക്കാം ഇനിയെങ്കിലും!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.