ടൊയോട്ട ഗ്ലാൻസ

കാത്തിരിപ്പിന് വിരാമം: ടൊയോട്ട ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി; വിശേഷങ്ങളറിയാം...

മാരുതി സുസുക്കി ബലേനോയുടെ ഫെയ്‌സ്‌ലിഫ്റ്റിന് പിന്നാലെ, പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഗ്ലാൻസയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 6.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. രൂപകൽപ്പനയിലും ഫീച്ചറുകളിലും എഞ്ചിനിലും കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. ഹ്യുണ്ടായ് i20, ടാറ്റ അൾട്രോസ്, മാരുതി സുസുക്കി ബലേനോ എന്നിവരാണ് പ്രധാന എതിരാളികൾ.

വേരിയന്റുകളും വിലയും (എക്സ്-ഷോറൂം)

നവീകരിച്ചെത്തുന്ന ടൊയോട്ട ഗ്ലാൻസ അഞ്ച് വേരിയന്റുകളിലായാണ് വിപണിയിൽ എത്തുന്നത്. പ്രാരംഭ മോഡലായ ഗ്ലാൻസ 'ഇ' വേരിയന്റിന് 6.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബേസ് മോഡലിന് മുകളിലായി എത്തുന്ന 'എസ്' മോഡലിന് 7.71 ലക്ഷം രൂപയും അതിന് മുകളിലായി എത്തുന്ന 'ജി' വകഭേദത്തിന് 8.73 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ഏറ്റവും ഉയർന്ന വകഭേദത്തിന്റെ തൊട്ടുതാഴെയുള്ള 'വി' മോഡലിന് 9.99 ലക്ഷവും ഏറ്റവും ടോപ് എൻഡ് മോഡലായ 'വി (ഒ)' 10.49 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലും ലഭ്യമാണ്.

എക്സ്റ്റീരിയർ ഡിസൈൻ

വലുപ്പമേറിയ പുതിയ മുൻ ഗ്രിൽ കാറിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു. റഡാർ മൊഡ്യൂളുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടൊയോട്ടയുടെ ലോഗോ ഗ്രില്ലിൽ നിന്ന് മാറി ബോണറ്റിലേക്ക് പുനഃക്രമീകരിച്ചു. അതൊടൊപ്പം എൽഇഡി ഫോഗ് ലാമ്പുകൾ പുതിയ ഡിസൈനിൽ നവീകരിച്ചു. എന്നാൽ ഹെഡ്‌ലാമ്പ് ഡിസൈനും അലോയ് വീലുകളും പിൻവശവും മാറ്റമില്ലാതെ തുടരുന്നു. 'ഡിജിറ്റൽ ടീൽ ഗ്രീൻ' (Digital Teal Green), 'ബ്ലൂയിഷ് ബ്ലാക്ക്' (Bluish Black) എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളും ഫേസ്‌ലിഫ്റ്റ് വേരിയന്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഇന്റീരിയറും സവിശേഷതകളും

പ്രീമിയം അനുഭവം നൽകുന്ന ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററി പുതിയ ഗ്ലാൻസക്ക് കൂടുതൽ യാത്രസുഖം വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഫ്രീ-ഫ്ലോട്ടിങ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേയോട് (MID) കൂടിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നിലനിർത്തിയിട്ടുണ്ട്. കൂടാതെ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, 4 സ്പീക്കറുകളും 2 ട്വീറ്ററുകളും അടങ്ങുന്ന ക്ലാരിയൻ (Clarion) സൗണ്ട് സിസ്റ്റം, റിയർ എസി വെന്റുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ പുതിയ സവിശേഷതകളാണ്.

സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റംസ്) ഫീച്ചറാണ് പ്രധാന ആകർഷണം. കൂടാതെ ആറ് എയർബാഗുകൾ, 360-ഡിഗ്രി കാമറ, ഹിൽ ഹോൾഡ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവയും നൽകിയിട്ടുണ്ട്.

പവർട്രെയിനും പെർഫോമൻസും

2026 ഗ്ലാൻസയിൽ പുതിയ 1.2 ലിറ്റർ, 3-സിലിണ്ടർ Z12E എൻജിനാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ എൻജിൻ പെട്രോൾ, സി.എൻ.ജി (CNG) ഓപ്ഷനുകളിൽ ലഭ്യമാണ്. പെട്രോൾ മോഡൽ പരമാവധി 83 എച്ച്.പി കരുത്തും 112 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാന്വൽ അല്ലെങ്കിൽ 5-സ്പീഡ് AMT ഗിയർബോക്സുമായാണ് എൻജിൻ ജോടിയിണക്കിയിരിക്കുന്നത്. മുമ്പത്തെ 4-സിലിണ്ടർ എഞ്ചിനെ അപേക്ഷിച്ച് കരുത്തിൽ ചെറിയ കുറവുണ്ടെങ്കിലും മികച്ച ഇന്ധനക്ഷമത (Mileage) ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

അതേസമയം, 70 എച്ച്.പി കരുത്തും 102 എൻ.എം ടോർക്കുമായി 5-സ്പീഡ് മാന്വൽ അല്ലെങ്കിൽ 5-സ്പീഡ് AMT ഗിയർബോക്സിലാണ് സിഎൻജി വകഭേദം വിപണിയിൽ എത്തുന്നത്. പെട്രോളിനെ അപേക്ഷിച്ച് കരുത്ത് കുറവാണെങ്കിലും കൂടുതൽ ടോർക്കും ഉയർന്ന മൈലേജും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Tags:    
News Summary - Toyota Glanza Facelift Launched in India at Rs 6.99 Lakh: Price & Features

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.