ടൊയോട്ട വെൽഫെയർ ഗാരേജിലെത്തിച്ച് നടൻ ബിജുമേനോന്‍

സിനിമ താരങ്ങളുടെ ഇഷ്ടവാഹനമാണ് ടൊയോട്ട വെൽഫെയർ എന്ന ആഡംബര എം.പി.വി. കാരവാന് സമാനമായ സൗകര്യങ്ങൾ ഉള്ളതിനാലാണ് വെൽഫെയറിന് ചുരുങ്ങിയ കാലംകൊണ്ട് ഈ സ്ഥാനം നേടിയെടുക്കാനായത്. മോഹന്‍ലാൽ, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, വിജയ് ബാബു, സംവിധായകന്‍ ജോഷി എന്നിവരുടെ ഗാരേജിലെ താരമാണ് ടൊയോട്ട വെൽഫെയർ.

ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ബിജു മേനോനും വെല്‍ഫയര്‍ സ്വന്തമാക്കിയിക്കുകയാണ്. നിപ്പോൺ ടൊയോട്ടയിൽ നിന്നാണ് താരം കറുപ്പ് നിറത്തിലുള്ള പുതിയ വെൽഫയർ ഗാരേജിലെത്തിച്ചത്. തൃശ്ശൂര്‍ ആര്‍.ടി.ഓഫീസില്‍ ഏപ്രില്‍ മാസം ആദ്യമാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സി.എ സീരീസിൽ 2233 എന്ന ഫാൻസി നമ്പരും വാഹനത്തിന് നൽകിയിട്ടുണ്ട്. ഏകദേശം 1.15 കോടി രൂപയാണ് വെൽഫെയറിന്‍റെ ഓൺറോഡ് വില.

യാത്രാസുഖത്തിന്‍റേയും ആഡംബരത്തിന്‍റേയും പര്യായമായാണ് വെല്‍ഫയര്‍ എന്ന മോഡൽ ടൊയോട്ട അവതരിപ്പിച്ചത്. വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്ന അനുഭൂതിയാണ് പിൻസീറ്റ് യാത്രക്കാർക്ക് ലഭിക്കുന്നത് എന്നാണ് വെൽഫെയർ പ്രേമികളുടെ വാദം.

ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, 9 ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ജെ.ബി.എല്ലിന്റെ 8 സ്പീക്കറുകള്‍, രണ്ടാംനിര സീറ്റിന് മുന്നിലായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്‍ടെയിന്‍മെന്‍റ് സിസ്റ്റം എന്നിങ്ങനെ നീളുന്നു വെൽഫെയറിന്‍റെ സവിശേഷതകൾ. ബ്ലാക്ക്-വുഡന്‍ ഫിനീഷ് ഉൾഭാഗത്തിന് പ്രീമിയം ലുക്ക് സമ്മാനിക്കുന്നു.

117 ബി.എച്ച്.പി കരുത്തും 198 എന്‍.എം. ടോര്‍ക്കും ഉൽപാദിപ്പിക്കുന്ന 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. 16.35 കിലോമീറ്ററാണ് ഇന്ധനക്ഷമത. 4935 എം.എം. നീളവും 1850 എം.എം. വീതിയും 1895 എം.എം. ഉയരവുമാണ് വാഹനത്തിനുള്ളത്. 3000 എം.എം. ആണ് വീല്‍ബേസ്. സുരക്ഷ സംവിധാനങ്ങളിലും മുന്നിലാണ് വെൽഫെയർ.

Tags:    
News Summary - Actor Biju menon brought the Toyota Welfare to his Garage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.