ബ്രെസ്സക്ക് മുകളിൽ, ഗ്രാൻഡ് വിറ്റാരക്ക് താഴെ; ഇ- വിറ്റാര മാർക്കറ്റിൽ എത്തിക്കും മുമ്പ് അടുത്ത എസ്.യു.വിയുമായി മാരുതി

ന്യൂഡൽഹി: ഇന്ത്യയിലെ ജനപ്രിയ വാഹനനിർമ്മാതാക്കളായ മാരുതി അവരുടെ പുതിയ എസ്‌.യു.വി സെഗ്‌മെന്റിലെ വാഹനം വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ്. ഗ്രാന്റ് വിറ്റാര, ബ്രെസ്സ എന്നീ രണ്ട് എസ്‌.യു.വികൾക്കിടയിലേക്ക് ആണ് പുതിയ കാർ എത്തുന്നത്. നിലവിൽ വൈ17 എന്നു വിളിക്കുന്ന ഈ മോഡലിന് 'എസ്‌ക്യുഡോ' എന്നായിരിക്കും മാരുതി സുസുക്കി നൽകുന്ന പേര്. 7 സീറ്റർ വാഹനമായിരുന്നു ആദ്യം പുറത്തിറക്കാനായി തീരുമാനിച്ചത്. എന്നാൽ വിപണിയിലെ ട്രെൻഡുകൾ മനസിലാക്കി 5 സീറ്ററിലേക്ക് തീരുമാനം മാറ്റുകയായിരുന്നു.

ഗ്രാന്റ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ എത്തുന്ന വാഹനമായിരിക്കും എസ്‌ക്യൂഡോ എന്നാണ് വിലയിരുത്തലുകൾ. ഹ്യുണ്ടേയ് ക്രെറ്റക്കും കിയ സെൽറ്റോസിനും ശക്തമായ എതിരാളിയായിട്ടായിരിക്കും എസ്‌ക്യൂഡോയുടെ വരവ്. മെക്കാനിക്കൽ ഫീച്ചറുകൾ ഗ്രാന്റ് വിറ്റാരയുമായി പങ്കിടുന്ന വാഹനമായിരിക്കും വൈ17 കോഡ്‌നെയിമിൽ ഒരുങ്ങുന്ന ഈ എസ്‌.യു.വി. 1.5 ലീറ്റർ നാച്ചുറലി അസ്പയേഡ് പെട്രോൾ എൻജിനിൽ 104 ബി.എച്ച്.പി കരുത്തിലാകും വാഹനം എത്തുകയെന്നാണ് പ്രതീക്ഷ. കൂടാതെ സി.എൻ.ജി, ഹൈബ്രിഡ് എൻജിൻ ഓപ്ഷനുകളും വാഹനത്തിനുണ്ടാകും.

കഴിഞ്ഞവർഷം ഇന്ത്യയിൽ എസ്‌ക്യുഡോ എന്ന പേരിന്റെ പകർപ്പവകാശം മാരുതി സുസുക്കി നേടിയിരുന്നു. എസ്‌ക്യുഡോയെ സുസുക്കി യൂറോപ് അടക്കം പല രാജ്യാന്തര വിപണികളിലും വിറ്റാര എന്ന പേരിലാണ് വിറ്റിരുന്നത്. ഇതുവരെ ഔദ്യോഗികമായി മാരുതി സുസുക്കി അവരുടെ പുതിയ മോഡലിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.

Tags:    
News Summary - Above Brezza, below Grand Vitara; Maruti next SUV before E Vitara hits the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.