representational image

13.1 ലക്ഷം മുടക്കി കെ.എല്‍.07. ഡി.എ. 9999 ഫാൻസി നമ്പർ സ്വന്തമാക്കി വ്യവസായി

കെ.എല്‍.07. ഡി.എ. 9999 എന്ന നമ്പറിന് എറണാകുളത്തെ ഒരു വ്യവസായി മുടക്കിയത് 13.1 ലക്ഷം രൂപ. പത്തനംതിട്ട സ്വദേശിയുംഎറണാകുളം ചെമ്പുമുക്കിൽ താമസക്കാരനുമായ ജിജി കോശിയാണ് തന്റെ പോർഷെ കയിൻ ജി.ടി.എസിനായി 13.01 ലക്ഷം രൂപക്ക് ഫാൻസി നമ്പർ ലേലത്തിൽ പിടിച്ചത്.

അഞ്ചു പേരാണ് ഓൺലൈൻ ലേലത്തിൽ പങ്കെടുത്തത്. ഇവരെയെല്ലാം പിന്തള്ളിയാണ് 12,51,000 രൂപ എന്ന വൻ തുക ജിജി കോശി വിളിച്ചത്. നേരത്തെ ഫാൻസി നമ്പർ ഫീസായി 50000 രൂപ അടച്ചിരുന്നു. ഇതടക്കം 13,01,000 രൂപയാണ് സർക്കാരിലേക്ക് അടക്കേണ്ടത്.

എറണാകുളം ജോയിന്റ് ആർ.ടി.ഒ കെ.കെ.രാജീവിന്റെ നേതൃത്വത്തിലായിരുന്നു ലേല നടപടികൾ.മുഴുവന്‍ തുകയും വെള്ളിയാഴ്ചയോടെ അടക്കണം. പണം ലഭിച്ചില്ലെങ്കിൽ ലേലം റദ്ദാക്കി പുതിയ ലേലം നടത്തുമെന്ന് ജോയിന്റ് ആര്‍.ടി.ഒ വ്യക്തമാക്കി. ഒരു ലക്ഷം രൂപ അടിസ്ഥാന വിലയുള്ള 1 എന്ന ഫാൻസി നമ്പറാണ് ഇത്രയും ഉയര്‍ന്ന തുകക്ക് സാധാരണ ലേലത്തിൽ വിറ്റു പോകാറുള്ളത്.

പോർഷെയുടെ മികച്ച വാഹനങ്ങളിലൊന്നാണ് കയിൻ ജി.ടി.എസ്. കരുത്തനായ എസ്.യു.വി ആയതിനാൽ തന്നെ ആരാധകരും ഏറെയാണ്. 460 പി.എസ് കരുത്തും 620 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന 4ലീറ്റർ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. നൂറു കിലോമീറ്റർ വേഗത്തിലെത്താൻ വേണ്ടതോ 4.8 സെക്കൻഡ് മാത്രം. 270 കിലോമീറ്ററാണ് ഉയർന്ന വേഗം. 1.69 കോടി രൂപയാണ് കൊച്ചി എക്സ്ഷോറൂം വില.

Tags:    
News Summary - A businessman from Ernakulam owns the number KL.07 D.A. 9999 at cost of 13.1 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.