കാത്തിരിപ്പിന് വിരാമം; വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ അഞ്ച് ഡോർ ഥാർ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര

ജിംനിയുടെ വരവോടെ ചൂടുപിടിച്ച ഫാമിലി എസ്.യു.വി വിപണിയിൽ പുതിയ വാഹനം അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര. നിലവിലെ വാഹനമായ ഥാറിന്റെ അഞ്ച് ഡോർ പതിപ്പ് പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഏറെനാളായി പറഞ്ഞുകേൾക്കുന്ന വാഹനം വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കും. അഞ്ച് ഡോർ പതിപ്പ് വരുന്നതോടെ ഫാമിലികൾക്ക് കൂടുതൽ പ്രിയപ്പെട്ട വാഹനമായി ഥാർ മാറുമെന്നാണ് മഹീ​ന്ദ്ര പ്രതീക്ഷിക്കുന്നത്.

2023 ഓഗസ്റ്റ് 15 ന് മഹീന്ദ്ര ഫൈവ് ഡോർ ഥാറിന്റെ വേൾഡ് പ്രീമിയർ നടത്തുമെന്നാണ് വിവരം. 2020 -ൽ ഇതേ തീയതിയിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാർ അവതരിപ്പിച്ചത്. ത്രീ ഡോർ പതിപ്പിന് ഇന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, ഏതാനും മാസങ്ങൾക്ക് മുമ്പ് വാഹനത്തിന്റെ ഒരു ലക്ഷം യൂനിറ്റ് പ്രൊഡക്ഷൻ എന്ന നാഴികക്കല്ല് മഹീന്ദ്ര പിന്നിട്ടിരുന്നു. മഹീന്ദ്ര ഥാർ ഫൈവ് ഡോറിന്റെ ക്ലോസ്-ടു-പ്രൊഡക്ഷൻ ടെസ്റ്റ് മോഡലുകൾ ഒരു വർഷത്തിലേറെയായി ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഥാർ ഫൈവ് ഡോർ മോഡലിൽ സ്ട്രെച്ചഡ് വീൽബേസും വിശാലമായ ക്യാബിനിലേക്ക് കടക്കാൻ വലിയ റിയർ ഡോറുകളും ഉണ്ടായിരിക്കും. നിലവിലെ മോഡലിനേക്കാൾ 300 എംഎം കൂടുതൽ വീൽബേസ് ഉണ്ടായിരിക്കും എന്നാണ് വിവരം. കൂടാതെ അലോയി വീലുകളും പുതിയതായിരിക്കും. പുതുക്കിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം പോലുള്ള പുതിയ ഫീച്ചറുകൾ ചേർക്കാനും സാധ്യതയുണ്ട്.

ഡിസൈനും മറ്റ് സ്റ്റൈലിങ് ഘടകങ്ങളും ത്രീ ഡോർ ഥാറിന് സമാനമാണ്, എന്നാൽ ബോഡി പാനലുകൾ പുതിയതായിരിക്കും. ഉയരമുള്ള പില്ലറുകൾക്കൊപ്പം ബോക്സി ശൈലി, വെർട്ടിക്കലായി ഒരുക്കിയിരിക്കുന്ന ഫ്രണ്ട് ഗ്രില്ല്, റൗണ്ട് ഷേയ്പ്പിലുള്ള ഹെഡ്‌ലൈറ്റുകൾ, ഫ്ലേയർഡ് വീൽ ആർച്ചുകൾ, മസ്കുലാർ ബമ്പർ തുടങ്ങിയവ ത്രീ ഡോർ പതിപ്പിൽ നിന്ന് കടമെടുക്കും.

പരിചിതമായ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിനുകളാവും വാഹനത്തിൽ മഹീന്ദ്ര ഉപയോഗിക്കുന്നത്. ഇരു എഞ്ചിൻ യൂനിറ്റുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂനിറ്റുമായോ കണക്ട് ചെയ്യും. ഥാറിന്റെ പ്രധാന എതിരാളിയായ ഫൈവ് ഡോർ ഫോഴ്‌സ് ഗൂർഖയും ഈ വർഷം വിപണിയിൽ എത്തും.

Tags:    
News Summary - 5-Door Mahindra Thar Global Debut Likely On August 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.