ഗൂഗ്‌ൾ ഫോം
കൊച്ചി: മോഡിഫിക്കേഷൻ ഇഷ്ട്ടപ്പെടുന്ന വാഹനപ്രേമികൾക്ക് സന്തോഷ വാർത്തയുമായി കേരള മോട്ടോർ വാഹന വകുപ്പ്. മോഡിഫിക്കേഷൻ ഇഷ്ടപ്പെടുന്നവർക്ക് എത്തരത്തിലുള്ള മോഡിഫിക്കേഷനാണ് നിങ്ങൾ നിങ്ങളുടെ വാഹനത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നതെന്ന് അറിയിക്കാൻ അവസരം ഒരുക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. എം.വി.ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച https://forms.gle/RTfZFtS1KqRz5pFY8 ഗൂഗ്‌ൾ ഫോം ലിങ്ക് ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം.
ഇന്നുമുതൽ പത്ത് ദിവസമാണ് അഭിപ്രായം അറിയിക്കാനുള്ള കാലപരിധി. തുടർന്ന് പൊതുജന അഭിപ്രായം ശേഖരിച്ച് മാർഗരേഖ പുറത്തിറക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. അതേസമയം, അഭിപ്രായം ആരാഞ്ഞിട്ടുണ്ടെങ്കിലും പൊതുജനങ്ങൾ സമർപ്പിക്കുന്ന എല്ലാ കാര്യങ്ങളും അതേപടി അംഗീകരിക്കാൻ സർക്കാറിനോ മോട്ടോർ വാഹന വകുപ്പിനോ സാധ്യമല്ല. നിയമം അനുശാസിക്കുന്നതിനപ്പുറം മോഡിഫിക്കേഷൻ സാധ്യമല്ലെന്ന് എം.വി.ഡി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ വാഹന മോഡിഫിക്കേഷന് അനുമതി നൽകുമെന്ന പ്രഖ്യാപനത്തിന് ഗതാഗത കമീഷൻ നേരത്തെ പച്ചക്കൊടി കാണിച്ചിരുന്നു. സ്റ്റിക്കറുകളും ലൈറ്റുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് കാണിച്ച് എം.വി.ഡി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സർക്കാറിന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക എന്ന ഗതാഗത കമീഷൻ വ്യക്തമാക്കിയിരുന്നു.
സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിയറിങ് വീൽ കവർ, ക്രോം ഗാർണിഷ്, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ, ബോഡി സ്റ്റിക്കറുകൾ, ഇന്റീരിയർ ആമ്പിയന്റ് ലൈറ്റിങ്, ഡാഷ് കാമറ, റിവേഴ്‌സ് കാമറ, പാർക്കിങ് സെൻസർ, ജി.പി.എസ് ട്രാക്കർ, ആൻഡ്രോയിഡ് ഇൻഫോടെയിൻമെൻറ് സിസ്റ്റം, അഡീഷണൽ സ്പീക്കറുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ടോ ഹുക്കുകൾ, റൂഫ് കാരിയറുകൾ, 50 ശതമാനം സുതാര്യമായ സൺ ഫിലിം തുടങ്ങിയ മോഡിഫിക്കേഷനുകളാണ് സർക്കാർ ഗതാഗത കമീഷൻ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.