ഏഥർ 450 അപെക്സ്

മഴക്കാലത്തെ മികച്ച സുരക്ഷ! ഇലക്ട്രിക് സ്കൂട്ടറുകളിൽ 'കുഴി മുന്നറിയിപ്പ്' ഫീച്ചറുമായി ഏഥർ എനർജി

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി തങ്ങളുടെ സ്കൂട്ടറുകളിൽ പുതിയ സുരക്ഷ ഫീച്ചർ അവതരിപ്പിച്ചു. റോഡിലെ കുഴികളും തകർന്ന ഭാഗങ്ങളും സ്പീഡ് ബ്രേക്കറുകളും മുൻകൂട്ടി തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന 'പോട്ട്ഹോൾ പ്ലസ്' (Pothole+ Alerts) എന്ന കണക്ടഡ് ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജെൻ 2 (Gen 2) പ്ലാറ്റ്‌ഫോമിലും അതിനുശേഷമുള്ള മോഡലുകളിലുമാണ് പുതിയ അപ്‌ഡേറ്റ് ലഭ്യമാക്കിയിരിക്കുകയെന്ന് കമ്പനി അറിയിച്ചു.

ഏഥർ 450 അപെക്സ് (450 Apex), 450എക്സ് (450X), റിസ്ത ഇസഡ് (Rizta Z) എന്നീ മോഡലുകളിലാണ് ഓവർ-ദി-എയർ (OTA) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ഫീച്ചർ ലഭിക്കുന്നത്. നാവിഗേഷൻ ചെയ്യുമ്പോൾ റോഡിലെ കുഴികൾ, തകർന്ന ഭാഗങ്ങൾ, ഇളകിയ പ്രതലങ്ങൾ, പ്രതീക്ഷിക്കാത്ത സ്പീഡ് ബ്രേക്കറുകൾ എന്നിവ ഡാഷ്‌ബോർഡിൽ ദൃശ്യമാകും. ഇതിന് പുറമെ, സ്കൂട്ടറിന്റെ സ്പീക്കർ വഴിയോ, 'ഏഥർ ഹാലോ' (Ather Halo) സ്മാർട്ട് ഹെൽമെറ്റ് വഴിയോ അല്ലെങ്കിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ വഴിയോ ഓഡിയോ മുന്നറിയിപ്പുകൾ ലഭിക്കും. കൂടാതെ, യാത്ര തുടങ്ങുന്നതിന് മുമ്പ് വേഗതയേറിയ വഴി മാത്രമല്ല, റോഡുകൾ താരതമ്യേന മെച്ചപ്പെട്ടതും കുഴികൾ കുറഞ്ഞതുമായ ഏറ്റവും സുഖപ്രദമായ റൂട്ട് ഏതാണെന്നും ഈ സംവിധാനം നിർദ്ദേശിക്കും.

സമൂഹ മാധ്യമമായ എക്സ് (X) ലൂടെയാണ് ഏഥർ എനർജി സഹസ്ഥാപകനും സി.ഇ.ഒയുമായ തരുൺ മേത്ത പുതിയ ഫീച്ചറിന്റെ പ്രഖ്യാപനം നടത്തിയത്. ഈ ആശയത്തിന് പിന്നിൽ ഏകദേശം ഒമ്പത് വർഷത്തെ വികസന പ്രവർത്തനങ്ങൾ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഇതൊരു ആശയമെന്ന നിലയിൽ ബുദ്ധിമുട്ടുള്ളതായിരുന്നില്ല, യഥാർഥ വെല്ലുവിളി ഡാറ്റ ശേഖരിക്കുക എന്നതായിരുന്നു' എന്ന് തരുൺ മേത്ത കുറിച്ചു. ലക്ഷക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിച്ച ഏഥർ സ്കൂട്ടറുകളുടെ കണക്ടഡ് ഫ്ലീറ്റിൽ (Connected Fleet) നിന്നും റോഡിലെ യഥാർഥ അവസ്ഥകൾ കണ്ടെത്തിയാണ് ഈ സംവിധാനം രൂപപ്പെടുത്തിയത്. ഒരേ റോഡിലൂടെ വർഷങ്ങളോളം ആവർത്തിച്ച് യാത്ര ചെയ്തതിന്റെ ഫലമായാണ് ഈ റോഡ് ഇന്റലിജൻസ് ഡാറ്റാബേസ് തയ്യാറാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഥർ എനർജിയുടെ എല്ലാ സ്കൂട്ടറുകളിലും ഓൺ-ബോർഡ് കമ്പ്യൂട്ടിങ് ഹാർഡ്‌വെയറും കണക്റ്റിവിറ്റിയുമുണ്ട്. ഇതിലൂടെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് തന്നെ റൈഡിങ് ഡാറ്റ ശേഖരിക്കാനും ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ വഴി പുതിയ ഫീച്ചറുകൾ നൽകാനും കമ്പനിക്ക് സാധിക്കുന്നുണ്ട്. റോഡ് സുരക്ഷയും റൈഡിങ് സൗകര്യങ്ങളും മുൻനിർത്തി ഭാവിയിൽ കൂടുതൽ നൂതനമായ ഫീച്ചറുകൾ ഈ ഡാറ്റാബേസിന്റെ അടിസ്ഥാനത്തിൽ കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് ഏഥർ എനർജി. ഇന്ത്യയിലെ മോശം റോഡ് സാഹചര്യങ്ങളിൽ ഇലക്ട്രിക് സ്കൂട്ടർ യാത്രികർക്ക് വലിയൊരു ആശ്വാസമാകും ഏഥറിന്റെ ഈ പുതിയ 'പോട്ട്ഹോൾ പ്ലസ്' അപ്‌ഡേറ്റ്. 

Tags:    
News Summary - ഇലക്ട്രിക് സ്കൂട്ടറുകളിൽ 'കുഴി മുന്നറിയിപ്പ്' ഫീച്ചറുമായി ഏഥർ എനർജി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.