വിഡ വിഎക്സ്2 ഗോ എഫ്ബി
പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ ഇലക്ട്രിക് ബ്രാൻഡായ 'വിഡ', തങ്ങളുടെ ജനപ്രിയ VX2 ഇലക്ട്രിക് സ്കൂട്ടർ നിരയിലേക്ക് പുതിയൊരു വകഭേദം കൂടി അവതരിപ്പിച്ചു. 'വിഡ വിഎക്സ്2 ഗോ എഫ്ബി' (VX2 Go FB) എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫിക്സഡ്-ബാറ്ററി (Fixed Battery) മോഡലിന് 1.13 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഊരിയെടുക്കാൻ കഴിയുന്ന ബാറ്ററികൾക്ക് പകരം നേരിട്ട് പ്ലഗ് ചെയ്ത് ചാർജ് ചെയ്യാവുന്ന സൗകര്യമാണ് പുതിയ വേരിയന്റിന്റെ പ്രധാന പ്രത്യേകത.
3.1 kWh ഫിക്സഡ് ലിഥിയം-അയോൺ ബാറ്ററി സജ്ജീകരണത്തിലെത്തുന്ന വിഎക്സ്2 ഗോ എഫ്ബി ഒറ്റ ചാർജിൽ ഐ.ഡി.സി റേഞ്ച് അനുസരിച്ച് 128 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 6 kW സ്വിങ്ആർം-മൗണ്ടഡ് ഇലക്ട്രിക് മോട്ടോർ പരമാവധി 70 കി.മീ/മണിക്കൂർ വേഗത കൈവരിക്കാൻ പ്രാപ്തിയുണ്ട്. കൂടാതെ, ഡിസി ഫാസ്റ്റ് ചാർജിങ് വഴി 0-80% വരെ 65 മിനിറ്റിൽ ചാർജ് ചെയ്യാനും സാധിക്കും. 27.2 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് കപ്പാസിറ്റി ഉള്ളതിനാൽ യാത്രക്കാർക്ക് കൂടുതൽ സാധനങ്ങൾ സൂക്ഷിക്കാനും സാധിക്കും.
ഇതുവരെ വിഡ VX2 നിരയിൽ ഊരിമാറ്റാൻ സാധിക്കുന്ന (Removable) ബാറ്ററി സംവിധാനമാണ് കമ്പനി നൽകിയിരുന്നത്. എന്നാൽ, ദിവസേനയുള്ള യാത്രയിൽ ഈ ബാറ്ററി മൂലം ബുദ്ധിമുട്ടുന്നവർ ഏറെയാണ്. വീടുകളിലും പാർക്കിങ് സ്ഥലങ്ങളിലും നേരിട്ട് പ്ലഗ് ചെയ്ത് ചാർജ് ചെയ്യാൻ സൗകര്യമുള്ള ബാറ്ററികൾ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ 'എഫ്ബി' (Fixed Battery) വേരിയന്റ് ഹീറോ അവതരിപ്പിച്ചിരിക്കുന്നത്. ഇതുമൂലം, ഭാരമുള്ള ബാറ്ററികൾ ഊരി വീടുകളിലേക്ക് എടുത്തു കൊണ്ടുപോയി ചാർജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ പുതിയ മോഡൽ സഹായിക്കും.
സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും പിന്തുണയ്ക്കുന്ന 4.3 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സുഖകരമായ യാത്രാനുഭവത്തിനായി നീളമേറിയ സീറ്റ് (Long single-piece seat), ഇക്കോ ആൻഡ് റൈഡ് മോഡുകൾ, റിവേഴ്‌സ് മോഡ്, എൽ.ഇ.ഡി ഹെഡ്ലാമ്പ് തുടങ്ങിയ ഫീച്ചറുകൾ എഫ്ബി മോഡലിൽ ഹീറോ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.