സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടിയ നിലയില്‍, ശബരിമല തീർത്ഥാടക പ്രീത
പത്തനംതിട്ട: പമ്പയിലെ ആശുപത്രിയിൽ ശബരിമല തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സക്കിടെ ഗുരുതര പിഴവെന്ന് പരാതി. കാലിലെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേയ്ഡ് വെച്ച് കെട്ടിയെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് തീർത്ഥാടകയായ നെടുമ്പാശ്ശേരി സ്വദേശി പ്രീത. സംഭവത്തിൽ പമ്പാ ആശുപത്രി അധികൃതർക്കെതിരെ ഡി.എം.ഒക്ക് പരാതി നൽകി.
പന്തളത്ത് നിന്ന് തിരുവാഭാരണഘോഷയാത്രക്കൊപ്പം പദയാത്രയായാണ് പ്രീത പമ്പയിലെത്തിയത്. കാലിൽ മുറിവുണ്ടായതിനെ തുടർന്ന് പ്രീത പമ്പയിലെ ആശുപത്രിയിലെത്തി മുറിവ് കെട്ടിയിരുന്നു. പിന്നീട് തിരിച്ചിറങ്ങിയപ്പോൾ വീണ്ടും മുറിവ് ഡ്രസ് ചെയ്യാനായി ഇതേ ആശുപത്രിയിലെത്തി.
രാത്രിയായതിനാൽ തന്നെ ആശുപത്രിയിൽ എല്ലാവരും ഉറക്കമായിരുന്നു. ഡോക്‌ടറുടെ നിർദേശപ്രകാരം ഒരാളെത്തി മുറിവ് കെട്ടാൻ തുടങ്ങി. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയപ്പോൾ നേഴ്സ് ആണോയെന്ന് ചോദിച്ചു. എന്നാൽ നേഴ്സിങ് അസിസ്റ്റൻ്റ് ആണെന്നായിരുന്നു മറുപടി. മുറിവിലെ തൊലി മുറിക്കാൻ തുടങ്ങിയപ്പോൾ വേണ്ടെന്ന് പറഞ്ഞ പ്രീത ബാൻഡേജ് മതിയെന്ന് പറഞ്ഞു.
വീട്ടിലെത്തി അസ്വസ്ഥത തോന്നി കെട്ടഴിച്ച് നോക്കിയപ്പോഴാണ് കാലിൽ സർജിക്കൽ ബ്ലെയ്‌ഡ് വച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് പത്തനംതിട്ട ഡി.എം.ഒയെ ഫോണിൽ വിളിച്ച് പരാതി നൽകുകയായിരുന്നു. ഒ.പി ടിക്കറ്റും മറ്റ് ചികിത്സാരേഖകളും ഡി.എം.ഒയ്‌ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.