28ൽ ഒരാൾക്ക് സ്തനാർബുദ സാധ്യതയുണ്ടെന്ന് പഠനം; ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടസാധ്യത ഗണ്യമായി കുറക്കും

ഇന്ത്യയിൽ 28ൽ ഒരാൾക്ക് സ്തനാർബുദ സാധ്യതയുണ്ടെന്ന കണ്ടെത്തൽ വളരെ ഗൗരവമായ ഒരു കണക്കാണ്. ഇന്ത്യയിലെ സ്ത്രീകളിൽ ഇപ്പോൾ ഏറ്റവും സാധാരണമായി കാണുന്ന അർബുദമാണ് സ്തനാർബുദം. ജനിതക ഘടകങ്ങളും പ്രായവും ഒരു പങ്ക് വഹിക്കുന്നുണ്ടെങ്കിലും, ആഹാരക്രമത്തിലെ മാറ്റങ്ങൾ വഴി ഈ അപകടസാധ്യത ഒരു പരിധി വരെ കുറക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

1. ഇലക്കറികൾ

ബ്രോക്കോളി, കാബേജിൽ കരോട്ടിനോയിഡുകൾ (ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ), സൾഫോറാഫെയ്ൻ, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയിലെ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ കുറക്കുന്നു. കരോട്ടിനോയിഡുകളുടെ ഉയർന്ന അളവ് സ്തനാർബുദ സാധ്യത കുറക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബ്രോക്കോളി, കാബേജ്, കോളിഫ്ലവർ ഇവയിൽ അടങ്ങിയിട്ടുള്ള ഇൻഡോൾ-3-കാർബിനോൾ പോലുള്ള സംയുക്തങ്ങൾ ശരീരത്തിൽ അർബുദത്തിന് കാരണമാകുന്ന അധിക ഈസ്ട്രജൻ ഉപാപചയ ഉൽപ്പന്നങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

2. ഒലിവ് ഓയിൽ

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പോളിഫെനോളുകൾ എന്നിവ അടങ്ങിയതാണ് ഒലിവ് ഓയിൽ. ശുദ്ധമായ ഒലിവ് ഓയിൽ കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറക്കാൻ സഹായിക്കും. ഒലിവ് ഓയിൽ ഒരു മെഡിറ്ററേനിയൻ ഡയറ്റിന്‍റെ ഭാഗമായി ഉപയോഗിക്കുമ്പോൾ സ്തനാർബുദ സാധ്യത ഗണ്യമായി കുറക്കുന്നതായി ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒലിവ് ഓയിലിലെ പോളിഫെനോളുകളും മറ്റ് ആന്റിഓക്‌സിഡന്റുകളും ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു. ഈ ഫ്രീ റാഡിക്കലുകളാണ് ആരോഗ്യകരമായ കോശങ്ങളുടെ ഡി.എൻയെ നശിപ്പിച്ച് കാൻസറിലേക്ക് നയിക്കുന്നത്.

3. മഞ്ഞളും തക്കാളിയും

മഞ്ഞളും തക്കാളിയും അവയിലടങ്ങിയ പ്രത്യേക സംയുക്തങ്ങൾ വഴി സ്തനാർബുദ സാധ്യത കുറക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇവ രണ്ടും ശക്തമായ ആന്റിഓക്‌സിഡന്റുകളും വീക്കം തടയുന്ന ഘടകങ്ങളുമാണ്. മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിൻ ശക്തമായ ആന്‍റി-ഇൻഫ്ലമേറ്ററിയും ആന്‍റിഓക്‌സിഡന്റുകളുമാണ്. ഇത് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. തക്കാളിയിൽ അടങ്ങിയ ലൈക്കോപീൻ എന്ന ആന്‍റിഓക്‌സിഡന്റ് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. തക്കാളി പച്ചയായി കഴിക്കുന്നതിനേക്കാൾ പാചകം ചെയ്ത് കഴിക്കുമ്പോൾ ലൈക്കോപീൻ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് കൂടുന്നു.

4. നെല്ലിക്കയും പേരക്കയും

വിറ്റാമിൻ സി, ഫൈറ്റോഫെനോളുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്കയും പേരക്കയും. വിറ്റാമിൻ സി ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് കോശങ്ങളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. ഓക്സിഡേറ്റീവ് സമ്മർദം മൂലമാണ് കോശങ്ങളുടെ ഡി.എൻ.എക്ക് കേടുപാടുകൾ സംഭവിക്കുകയും അത് കാൻസറിലേക്ക് വഴിമാറുകയും ചെയ്യുന്നത്. വിറ്റാമിൻ സി ഈ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നതിലൂടെ കോശങ്ങളെ സംരക്ഷിക്കുന്നു. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും അതുവഴി കാൻസർ കോശങ്ങളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്‍റെ കഴിവിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പേരക്കയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിലെ നാരുകൾ ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നതിനും, ശരീരത്തിൽ നിന്ന് അധികമുള്ള ഈസ്ട്രജൻ ഹോർമോണിനെ പുറന്തള്ളുന്നതിനും സഹായിക്കും. ഈസ്ട്രജന്‍റെ അളവ് നിയന്ത്രിക്കുന്നത് ഹോർമോൺ ആശ്രിത സ്തനാർബുദത്തിനുള്ള സാധ്യത കുറക്കാൻ സാധ്യതയുണ്ട്.

5. ഫ്ളാക്സ് സീഡും വാൾനട്ട്‌സും

ഫ്ലാക്സ് സീഡുകളും വാൾനട്ട്‌സും ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, പ്രത്യേക ഫൈറ്റോ ഈസ്ട്രജനുകൾ എന്നിവയാൽ സമ്പന്നമാണ്. ഇവ ഹോർമോൺ സന്തുലിതാവസ്ഥയെ സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ സ്തനാർബുദ സാധ്യത കുറക്കാൻ സഹായിക്കും. ഫ്ലാക്സ് സീഡിൽ ലിഗ്നൻസ് എന്നറിയപ്പെടുന്ന ഒരു തരം ഫൈറ്റോഈസ്ട്രജൻ (സസ്യങ്ങളിൽ കാണുന്ന ഈസ്ട്രജൻ പോലുള്ള സംയുക്തങ്ങൾ) ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ലിഗ്നൻസ് ശരീരത്തിലെ സ്വാഭാവിക ഈസ്ട്രജനേക്കാൾ ദുർബലമായ രൂപത്തിൽ ഈസ്ട്രജൻ റിസപ്റ്ററുകളുമായി ബന്ധപ്പെടുന്നു. ഇത് ശരീരത്തിലെ ശക്തമായ ഈസ്ട്രജന്‍റെ പ്രവർത്തനം കുറക്കാൻ സഹായിക്കും. 

Tags:    
News Summary - Study finds one in 28 women have a risk of breast cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.