കണ്ടാൽ തക്കാളി പോലെ, മധുരമൂറും കാക്കിപ്പഴത്തിന് ഗുണങ്ങളേറെ...

ഡയോസ്പൈറോസ് എന്ന ജനുസിൽ ഉൾപ്പെടുന്നതും കാഴ്ച്ചയിൽ തക്കാളിയെപ്പോലെ തോന്നിക്കുന്നതും ഓറഞ്ച് നിറത്തിലുള്ള നേർത്ത തൊലിയുള്ളതും അകം നിറയെ അതിമധുരവും രുചികരവുമായ കാമ്പോടുകൂടിയതുമായ ഒരു പഴമാണ് കാക്കിപ്പഴം. കേരളത്തില്‍ കൃഷി ചെയ്യുന്നില്ലെങ്കിലും ഈയിടെയായി നമ്മുടെ നാട്ടിലെ കടകളില്‍ ഈ പഴം ധാരാളമായി കാണാം. പെഴ്സിമെൻ കുടുംബത്തില്‍ കായ്ക്കുന്ന ഒട്ടേറെ മരങ്ങള്‍ ഉണ്ടെങ്കിലും ചിലയിനങ്ങള്‍ മാത്രമാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്. ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് തന്നെ ചൈനയിൽ കാക്കിപ്പഴം കൃഷി ചെയ്തിരുന്നതായി ചരിത്രമുണ്ട്. കാക്കിപ്പഴത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്. ധാരാളം പോഷകങ്ങളും ആന്‍റിഓക്‌സിഡന്‍റുകളും അടങ്ങിയ ഒരു പഴമാണിത്.

കാക്കിപ്പഴത്തിൽ ഫ്ലേവനോയിഡുകൾ, കരോട്ടിനോയിഡുകൾ, ടാനിനുകൾ തുടങ്ങിയ ശക്തമായ ആന്‍റിഓക്‌സിഡന്‍റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ആന്‍റിഓക്‌സിഡന്‍റുകൾ ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. ഇത് കോശങ്ങൾക്ക് നാശമുണ്ടാകുന്നത് തടയുന്നു. കാക്കിപ്പഴത്തിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. കാക്കിപ്പഴത്തിലെ ഫ്ലേവനോയിഡുകളും ടാനിനുകളും രക്തസമ്മർദം കുറക്കുന്നതിന് സഹായിക്കും. ഇതിലെ നാരുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് കുറക്കാൻ സഹായിക്കും.

ദഹനനാളത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ഇത് ഉപകരിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണം രക്തത്തിലേക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കും. ഇത് പെട്ടെന്നുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയാൻ സഹായിക്കും. ശൈത്യകാലത്ത് ലഭിക്കുന്ന ഈ സീസണൽ പഴം പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചർമത്തിന് തിളക്കം നൽകുന്നതിനും ഉത്തമമാണ്.

കാക്കിപ്പഴം വിറ്റാമിൻ എയുടെയും ബീറ്റാ കരോട്ടിന്‍റെയും നല്ല ഉറവിടമാണ്. ഇവ കണ്ണിന്റെ ആരോഗ്യത്തിന് നിർണായകമാണ്. കൂടാതെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും കാഴ്ച സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. കാക്കിപ്പഴം പ്രകൃതിദത്തമായി മധുരമുള്ളതാണ്. അതിനാൽ ഇതിൽ സ്വാഭാവികമായും കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. ഒരുപാട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ സാധ്യതയുണ്ട്. നിയന്ത്രിത അളവിൽ കാക്കിപ്പഴം കഴിക്കുന്നത് പ്രമേഹരോഗികൾക്ക് സുരക്ഷിതമാണ്.

Tags:    
News Summary - Persimmon is a Secret To Healthy Immunity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.