ശരീരഭാരം കുറക്കുക എന്നാൽ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ച് പട്ടിണി കിടക്കുകയാണെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ ഇഷ്ടമുള്ള ഭക്ഷണം ഉപേക്ഷിക്കാതെ തന്നെ ശരീരഭാരം കുറക്കാൻ കഴിയുമെന്ന് ന്യൂട്രീഷ്യനിസ്റ്റും വെയ്റ്റ്-ലോസ് കോച്ചുമായ മോഹിത മസ്കരെൻഹസ് പറയുന്നു. കലോറിയും കൊഴുപ്പും കുറച്ചുകൊണ്ട് ബിരിയാണിയെ എങ്ങനെ ആരോഗ്യകരമായ ഭക്ഷണമാക്കി മാറ്റാമെന്നാണ് മോഹിത നിർദേശിക്കുന്നത്. ബിരിയാണി സാധാരണയായി കലോറി കൂടുതലുള്ള ഭക്ഷണമാണ്. ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കലോറി കൂടാൻ കാരണമാവുകയും കുറഞ്ഞ പ്രോട്ടീൻ, ഫൈബർ അളവുകൾ കാരണം വേഗത്തിൽ വിശക്കുകയും ചെയ്യുന്നു.
പൊതുവേ ബിരിയാണി ഉണ്ടാക്കുമ്പോൾ ഒരു കിലോഗ്രാം മാംസത്തിന് ഒരു കിലോഗ്രാം അരി എന്നയളവിൽ എടുക്കുകയും ധാരാളം നെയ്യ് ചേർക്കുകയും ചെയ്യാറുണ്ട്. ഇതുകൊണ്ടുതന്നെ കൊഴുപ്പും അരിയും (കാർബോഹൈട്രേറ്റ്) കൂടുതലും പ്രോട്ടീൻ കുറഞ്ഞതുമായ ബിരിയാണിയാണ് പലരും കഴിക്കുന്നത്. 200 ഗ്രാം ബസ്മതി അരി കഴുകി 30 മിനിറ്റ് കുതിര്‍ക്കുക. 400 ഗ്രാം എല്ലില്ലാത്ത ചിക്കന്‍ ബ്രെസ്റ്റ് കഷണങ്ങളാക്കി മുറിച്ച് 100 ഗ്രാം ഗ്രീക്ക് യോഗേര്‍ട്ട്, ഒരു പിടി പുതിനയില, രണ്ട് ടേബിള്‍സ്പൂണ്‍ ഹൈദരാബാദി ബിരിയാണി പൊടി, 1/2 ടീസ്പൂണ്‍ കശ്മീരി ചുവന്ന മുളകുപൊടി, ഒരു നുള്ള് ഏലക്ക പൊടി എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്യുക. ഉപ്പ് പാകത്തിന് ചേര്‍ക്കുക. ഈ ബിരിയാണി പൊടിയില്‍ ഇഞ്ചിയോ വെളുത്തുള്ളിയോ ആവശ്യമില്ല.
കൊഴുപ്പ് കൂടിയ ഇറച്ചിക്ക് പകരം എല്ലില്ലാത്ത കോഴിയിറച്ചി പോലുള്ള കൊഴുപ്പ് കുറഞ്ഞവ തിരഞ്ഞെടുക്കുക. ഫാറ്റ് കുറഞ്ഞ തൈര് ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക. അരിയുടെ അളവ് നിയന്ത്രിക്കണം. അരിയുടെ അളവ് മിതമായ തോതിൽ പരിമിതപ്പെടുത്തുക. ഇത് കാർബോഹൈഡ്രേറ്റ് ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കും. നാല് പേർക്കുള്ള ബിരിയാണി ഉണ്ടാക്കുമ്പോൾ, ഓരോരുത്തരുടെയും പോർഷനിൽ ഏകദേശം 400 കലോറിയും 30 ഗ്രാം പ്രോട്ടീനും ഉണ്ടാവും. ഇത് ആരോഗ്യകരമായ അളവാണ്.
നെയ്യിന്‍റെയും എണ്ണയുടെയും അളവ് കുറക്കണം. മണിക്കൂറുകളോളം നെയ്യിൽ സവാള വറുത്തെടുക്കുന്നതിന് പകരം ഒരു ടീസ്പൂൺ നെയ്യ് മാത്രം ഉപയോഗിച്ച് 100 ഗ്രാം സവാള വഴറ്റുകയോ എയർ ഫ്രൈ ചെയ്യുകയോ ചെയ്യുക. ഇത് സ്വാദ് കുറക്കാതെ തന്നെ കൊഴുപ്പിന്റെ അളവ് കുറക്കുന്നു. ബിരിയാണിയോടൊപ്പം അമിതമായ ചോറ്, നാൻ, മധുരപലഹാരങ്ങൾ, പഞ്ചസാര ചേർത്ത പാനീയങ്ങളും ഒഴിവാക്കണം. ബാക്കിയുള്ള ചേരുവകളും പാചകരീതിയും സമാനമാണെങ്കിലും വിളമ്പുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. പച്ചക്കറികളോടൊപ്പം ലോ ഫാറ്റ് ഗ്രീക്ക് യോഗർട്ട് ചേർത്ത് തയാറാക്കിയ റൈത്ത ബിരിയാണിയോടൊപ്പം വിളമ്പാം. ഒരാൾ നാലിലൊന്ന് ഭാഗം മാത്രമാണ് കഴിക്കുന്നു എന്ന് ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.