തണ്ണിമത്തന്‍റെ കുരു കളയല്ലേ; മുടിക്ക് ബലം നൽകും ചർമത്തിന് തിളക്കവും

തണ്ണിമത്തൻ എന്ന് കേൾക്കുമ്പോൾ ചുവന്ന, നീരുള്ള, മധുരമുള്ള പഴമാണ് ആദ്യം മനസിൽ വരുക. എന്നാൽ, അതിലെ കറുത്ത കുരുക്കളെക്കുറിച്ച് ആരും ഓർക്കാറില്ല. മിക്ക ആളുകളും ഈ കുരുക്കൾ നീക്കം ചെയ്ത് പഴം മാത്രമാണ് കഴിക്കാറുള്ളത്. എന്നാൽ ഈ ചെറിയ വിത്തുകൾക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. സിട്രല്ലസ് ലാനറ്റസ് (Citrullus lanatus) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന തണ്ണിമത്തൻ കർബിറ്റേസിയ (Curcubitaceae) കുടുംബത്തിൽ ഉൾപ്പെടുന്നതാണ്. ഇതിൽ ഏകദേശം 92 ശതമാനം വെള്ളവും ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇത് കലോറി കുറഞ്ഞ ഒരു പഴമാണ്. തണ്ണിമത്തന്‍റെ കുരുക്കൾ കലോറി കുറഞ്ഞതും നിരവധി സൂക്ഷ്മ പോഷകങ്ങളാൽ സമ്പന്നവുമാണ്.

മഗ്നീഷ്യത്താൽ സമ്പന്നമായ തണ്ണിമത്തൻ കുരുക്കൾ ആരോഗ്യകരമായ മെറ്റബോളിസം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സിങ്കിന്റെ നല്ല ഉറവിടമാണ് തണ്ണിമത്തൻ കുരുക്കൾ. രോഗപ്രതിരോധ ശേഷി, ദഹനം, കോശങ്ങളുടെ വളർച്ച, നാഡീവ്യൂഹം എന്നിവയെ ആരോഗ്യകരമായി നിലനിർത്താൻ സിങ്ക് സഹായിക്കുന്നു. ഇരുമ്പിന്റെ മികച്ച ഉറവിടമാണ് തണ്ണിമത്തൻ കുരുക്കൾ. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ സഹായിക്കുന്നു. തണ്ണിമത്തൻ കുരുക്കളിൽ ഹൃദയത്തിനും തലച്ചോറിനും നല്ലതായ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചെറുതാണെങ്കിലും തണ്ണിമത്തൻ കുരുക്കൾ പോഷകങ്ങൾ നിറഞ്ഞ ഒരു സൂപ്പർഫുഡാണ്. പ്രോട്ടീൻ, നല്ല കൊഴുപ്പുകൾ, അവശ്യ ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഇവ ദഹനാരോഗ്യം, ഹൃദയാരോഗ്യം, മുടിയുടെ ബലം, തിളക്കമുള്ള ചർമം എന്നിവക്ക് സഹായകമാണ്.

ആരോഗ്യ ഗുണങ്ങൾ

1. ചർമ സംരക്ഷണത്തിന്

തണ്ണിമത്തൻ കുരു എണ്ണയിൽ ലിനോലെയിക് ആസിഡ്, ഒലെയിക് ആസിഡ്, ഒമേഗ-3, ഒമേഗ-6, ഒമേഗ-9 ഫാറ്റി ആസിഡുകൾ തുടങ്ങിയ നല്ല ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പുറമെ പുരട്ടുമ്പോൾ ചർമത്തിലെ ഈർപ്പം നിലനിർത്താനും വരൾച്ചയിൽ നിന്ന് സംരക്ഷിക്കാനും ചർമത്തിന്റെ ഇലാസ്തികതയും മൃദുത്വവും മെച്ചപ്പെടുത്താനും സഹായിക്കും. ഇതിലെ സിങ്ക് പ്രോട്ടീൻ സംശ്ലേഷണത്തിനും കോശവിഭജനത്തിനും സഹായിച്ച് ചർമം മിനുസമുള്ളതാക്കുന്നു.

2. മുടിക്ക് ബലം നൽകുന്നു

പ്രോട്ടീനുകൾ, മഗ്നീഷ്യം, ഇരുമ്പ്, കോപ്പർ എന്നിവയാൽ നിറഞ്ഞ തണ്ണിമത്തൻ കുരുക്കൾ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മുടി പൊട്ടുന്നത് തടയുക, അറ്റം പിളരുന്നത് കുറക്കുക, മുടിയുടെ നിറം നിലനിർത്തുക, മുടി കൊഴിച്ചിലും കട്ടി കുറയുന്നതും കുറയ്ക്കുക, മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ മുടിക്ക് ബലം നൽകുന്നു.

3. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

മോണോഅൺസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടമായതിനാൽ തണ്ണിമത്തൻ കുരുക്കൾ ശരീരത്തിലെ മോശം കൊളസ്ട്രോൾ (LDL) കുറക്കാൻ സഹായിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഇതിലെ ഉയർന്ന അളവിലുള്ള മഗ്നീഷ്യം ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ്, വാസോഡൈലേറ്ററി ഗുണങ്ങൾ ഹൃദയാരോഗ്യം നിലനിർത്തുന്നതിന് സഹായകയിക്കും.

4. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു

തണ്ണിമത്തൻ കുരുക്കളുടെ സത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മഗ്നീഷ്യം കാർബോഹൈഡ്രേറ്റിന്റെ മെറ്റബോളിസം നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ നേരിട്ട് സ്വാധീനം ചെലുത്തും. ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികളിൽ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ഈ കുരുകൾ സഹായിക്കും.

5. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണക്കുന്നു

സിങ്ക്, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായ തണ്ണിമത്തൻ കുരുക്കൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. വിവിധ രോഗങ്ങൾക്കും അണുബാധകൾക്കും എതിരെ പോരാടാൻ ഇവ ശരീരത്തെ സഹായിക്കും.

 

6. എല്ലുകളുടെ ആരോഗ്യം

ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നിവയാൽ സമ്പന്നമായതിനാൽ തണ്ണിമത്തൻ കുരുക്കൾ എല്ലുകളുടെ രൂപീകരണത്തിനും ബലത്തിനും സഹായിക്കും. ഇവയുടെ ഉപയോഗം ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടഞ്ഞ് ആരോഗ്യകരമായ എല്ലുകൾ ഉറപ്പാക്കുന്നു.

7. ഊർജ്ജ നില വർധിപ്പിക്കുന്നു

പ്രോട്ടീൻ, ധാതുക്കൾ, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ തണ്ണിമത്തൻ കുരുക്കൾ ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കും. വിശക്കുമ്പോൾ ലഘുഭക്ഷണമായി ഇവ കഴിക്കുന്നത് കൂടുതൽ നേരം ഊർജ്ജസ്വലരായിരിക്കാൻ ഉപകരിക്കും.

എങ്ങനെ കഴിക്കാം?

തണ്ണിമത്തൻ കുരുക്കൾ പച്ചയായും, മുളപ്പിച്ചും, വറുത്തും കഴിക്കാം. ഏത് രൂപത്തിൽ കഴിച്ചാലും ഇവ രുചികരവും ആരോഗ്യകരവുമാണ്. മുളപ്പിച്ച വിത്തുകൾക്ക് സാധാരണയായി കൂടുതൽ പോഷണം ലഭിക്കും. വറുത്ത തണ്ണിമത്തൻ കുരുക്കൾ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും രുചികരമായതുമായ ലഘുഭക്ഷണമാണ്. ഉപ്പ് വിതറി വറുത്ത കുരുക്കൾ യാത്രയിലോ അല്ലാതെയോ കഴിക്കാവുന്ന ആരോഗ്യകരമായ ഒരു വഴിയാണ്.

തണ്ണിമത്തൻ കുരുക്കൾ മിതമായ അളവിൽ കഴിക്കുമ്പോൾ സാധാരണയായി പാർശ്വഫലങ്ങളൊന്നും ഉണ്ടാക്കില്ല. എന്നാൽ അമിതമായി കഴിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വിളർച്ച അല്ലെങ്കിൽ ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളവരോ, എന്തെങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ ഒരു ഡോക്ടറെ സമീപിച്ച ശേഷം മാത്രം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് ഉചിതം.

Tags:    
News Summary - Don't remove the watermelon seed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.