കൽപറ്റ: ചെറിയ വേദനയില്‍ തുടങ്ങിയതാണ്, പതിയെ പതിയെ കിടക്കാനും ഇരിക്കാനും നില്‍ക്കാനും കഴിയാത്ത അവസ്ഥ. ഇടുപ്പെല്ലില്‍ സൂചി കുത്തിയിറക്കുന്ന പോലത്തെ വേദന. അങ്ങനെയാണ് പുല്പള്ളി പെരിക്കല്ലൂര്‍ സ്വദേശിനി വിനീതയെന്ന 35 കാരി കഴിഞ്ഞ ഒക്ടോബര്‍ 30ന് വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ എത്തുന്നത്. അരിവാള്‍ കോശ രോഗബാധിതയായ വിനീത ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഇടുപ്പ് മാറ്റിെവക്കല്‍ ശസ്ത്രക്രിയക്ക് വിധേയയി.
വയനാട്ടിൽ ആദ്യമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിലൂടെ രണ്ടിടുപ്പെല്ലുകളും മാറ്റി വെച്ചു. ഇന്നവള്‍ പുതു ജീവിതത്തിന്റെ പടവുകള്‍ ഓന്നൊന്നായി വീണ്ടും നടന്നുകയറുകയാണ്. വിനീതയെപ്പോലെ ഒരുപാടു പേര് അരിവാള്‍ കോശ രോഗത്തിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നു. ബുധനാഴ്ച ലോക അരിവാള്‍ കോശ രോഗ ദിനത്തില്‍ മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ അവര്‍ വീണ്ടും ഒത്തൊരുമിക്കുകയാണ്, അനുഭവങ്ങള്‍ പങ്കുവക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ പരസ്പരമറിയാനും പരസ്പരം പങ്കുവെക്കാനും.
രോഗബാധിതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ആരോഗ്യ വിദഗ്ധരുടെ ക്ലാസുകളും 'ആഭ' തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ഇതോടൊപ്പം നടക്കും. സംസ്ഥാന സര്‍ക്കാര്‍, ജില്ല പഞ്ചായത്ത്, ദേശീയ ആരോഗ്യദൗത്യം, ആരോഗ്യ വകുപ്പ്, പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം തന്നെ അരിവാള്‍ കോശ രോഗികളുടെ ഉന്നമനത്തിനായുള്ള പാതയിലാണ്. പുരോഗതിയില്‍ പ്രതീക്ഷയര്‍പ്പിക്കാം; ആഗോളതലത്തില്‍ അരിവാള്‍ കോശ രോഗ പരിചരണം അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.
10 കിടക്കകളുള്ള സിക്കിള്‍ സെല്‍ വാര്‍ഡ് മാനന്തവാടി ഗവ. ആശുപത്രിയില്‍ അരിവാള്‍ കോശ രോഗികള്ക്കായുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തിലെ ഒന്നാം നിലയില്‍ പുതിയ വാര്‍ഡിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായിവരുന്നു. ദേശീയ സിക്കിൾസെൽ എലിമിനേഷൻ മിഷൻ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിനു നല്കിയ സിക്കിള്‍ സെല്‍ സ്ക്രീനിങ് മുഴുവനും വയനാട് ജില്ലയില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. ഇതിന്റെ ഭാഗമായി 10,7000 സിക്കിള്‍ സെല്‍ പോയന്റ് ഓഫ് കെയര്‍ ടെസ്റ്റുകള്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
മനുഷ്യ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ ആകൃതിയില്‍ മാറ്റം വരുത്തുന്ന ഒരു ജനിതക രോഗമാണ് അരിവാള്‍ കോശ രോഗം. സാധാരണ, മനുഷ്യരുടെ ചുവന്ന രക്താണുക്കള്‍ വൃത്താകൃതിയില്‍ പരന്ന് മധ്യഭാഗം അല്പം ഉള്‍വലിഞ്ഞ ആകൃതിയിലാണ്. എന്നാല്‍, അരിവാള്‍ രോഗ ബാധിതരില്‍ ചുവന്ന രക്താണുക്കള്‍ ആകൃതി മാറി അര്‍ധ ചന്ദ്രാകൃതിയില്‍ അരിവാള്‍ പോലെയാകുന്നു. ഇതുമൂലം രക്താണുക്കളുടെ സുഗമമായ ചംക്രമണവും അവയുടെ പ്രധാന ദൗത്യമായ പ്രാണവായു വഹിക്കലും തകരാറിലാവുന്നു. ഇത് ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ക്ക് തകരാറിനും തകര്‍ച്ചക്കും കാരണമാകും. അരിവാള്‍ രോഗ നിര്‍ണയത്തിനുള്ള ഏറ്റവും ആധുനികവും കൃത്യതയുള്ളതുമായ എച്ച്പി.എൽ.സി പരിശോധനാ സൗകര്യം വയനാട് മെഡിക്കല്‍ കോളജിലുണ്ട്.
കൂടാതെ ജില്ലയില്‍ പനമരം സി.എച്ച്.സി, നൂല്‍പ്പുഴ എഫ്.എച്ച്.സി, പുല്പള്ളി സി.എച്ച്.സി, ബത്തേരി താലൂക്ക് ആശുപത്രി, മീനങ്ങാടി സി.എച്ച്.സി, കല്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ എച്ച്ബി ഇലക്ട്രോഫോറസിസ് കേന്ദ്രങ്ങളുണ്ട്. ഫീല്‍ഡ് തല സ്ക്രീനിങ്ങിന് ആവശ്യമായ സോലുബിലിറ്റി പരിശോധനാ സൗകര്യം ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.