വൈകീട്ട് വാർഡ് പരിശോധനയുടെ സമയം. 38 വയസ്സുള്ള സൗമ്യയുടെ അടുക്കലെത്തി വിവരങ്ങൾ തിരക്കി. തീരെ വയ്യ. അവശതയിലാണ്. കരളിൽ അർബുദമാണ്. മരണം കണ്ണിൽ കണ്ട് കിടക്കുന്ന അവസ്ഥ. എന്റെ ശബ്ദം കേട്ടപാടെ കണ്ണുകൾ അല്പം തുറന്നു. ദേഹമൊന്നനക്കാനായി ശ്രമിച്ചു, പറ്റുന്നില്ല. ആ കൈ മെല്ലെ ഉയർന്നു. എന്റെ കൈത്തണ്ടയിൽ പിടിച്ചു. ബലമൊട്ടുമില്ലാത്ത, വിറയാർന്ന പിടുത്തം. അവൾ മെല്ലെ ചുണ്ടുകൾ അനക്കി സംസാരിക്കാനുള്ള ശ്രമത്തിലാണ്. ‘‘എനിക്ക് ജീവിക്കണം. എന്റെ മക്കൾ. രക്ഷിക്കണം.’’ പറഞ്ഞു തീർന്നതും കയ്യിലെ പിടുത്തം മുറുകി. എന്ത് പറയണമെന്നറിയാതെ ഞാൻ അല്പസമയം നിന്നു. അവളുടെ കൈ താഴെവീണു. കണ്ണുകൾ രണ്ടും അടഞ്ഞു. എന്നെന്നേക്കുമായി സൗമ്യ യാത്രയായി. ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല. ഓരോന്നും നിസ്സഹായനായി നോക്കി നിൽക്കേണ്ടതായും വന്നിട്ടുണ്ട്. മരണം മാറാരോഗികളിൽ പലർക്കും വിദൂരമാണെങ്കിലും ജീവിച്ച് മരിക്കുന്നു എന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ് ഭൂരിഭാഗം പേരുടെയും യാത്ര.
ദുഃഖങ്ങളില്ലാതെ, വേദനകൾ ലഘൂകരിച്ച് ശേഷിക്കുന്ന ജീവിതം കഴിയുന്നതും പ്രകാശപൂരിതമാക്കിക്കൊടുക്കുക- അതാണ് ഒരു പാലിയേറ്റിവ് കെയറിന്റെ മുഖ്യലക്ഷ്യം. വേദനകൾ ദുസ്സഹമാകുമ്പോൾ, ഒന്നും കഴിക്കാനോ ഇറക്കാനോ കഴിയാതെവരുമ്പോൾ, മലമൂത്ര വിസർജനത്തിനുപോലും തടസ്സം നേരിടുമ്പോൾ, ശാരീരികമായും മാനസികമായും സാമൂഹികമായും സാമ്പത്തികമായും ആത്മീയമായും ആകെ തകരുമ്പോൾ പാലിയേറ്റിവ് കെയർ എന്ന അത്താണിയിൽ ആശ്വാസം കണ്ടെത്താനാവും എല്ലാവരും ശ്രമിക്കുക. അവരിലിനി ആഗ്രഹങ്ങൾ ബാക്കിയില്ല, മോഹങ്ങളില്ല, സ്വപ്നങ്ങളും കണക്കുകൂട്ടലുകളുമില്ല. കഴിഞ്ഞകാല ജീവിതത്തെ വിലയിരുത്താനും തെറ്റും ശരിയും കുറ്റവും കുറവുകളും കണ്ടെത്താനും ശ്രമിക്കാറുണ്ട്. എന്നാൽ, അതൊന്നും എങ്ങുമെത്താറുമില്ല.
അറിഞ്ഞിട്ടും അറിയാത്തതുപോലെ. ഒരുതരം മരവിപ്പ്, ആകമാനം. മനസ്സേ ഒന്നു മന്ത്രിക്കാതിരിക്കൂ എന്ന് പലവട്ടം ആവർത്തിച്ചാലും പരാജയം തന്നെ അന്തിമഫലം. ഇത്തരം രോഗികളുമായി ഇടപെടുമ്പോൾ അവരുടെ ഇച്ഛകൾക്കൊത്ത് നമ്മുടെ ഇച്ഛകളെ കുറച്ചുസമയത്തേക്കെങ്കിലും ഒരുമിച്ചുകാണുവാൻ ശ്രമിക്കണം.
ധിറുതിയില്ലാത്ത സമീപനമാണ് ആവശ്യം. അവരോടൊത്ത് ചെലവിടുന്ന സമയം അവർക്ക് വളരെ വിലപ്പെട്ടതാണ്. നാമത് അറിയുന്നില്ല. മിണ്ടാനും പറയാനും മനസ്സ് തുറക്കാനുമുള്ള അവസരം അവർക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഒരുതരം ഒറ്റപ്പെടൽ. അതിനെ അതിജീവിക്കണം.
സമാധാനപൂർണമായ, ബുദ്ധിമുട്ടുകൾ കുറഞ്ഞ ഒരു അന്ത്യം. അവസാനം അവർ ആഗ്രഹിക്കുന്നതും അതുതന്നെയാണ്.
അത് നൽകാൻ നമുക്ക് കഴിയണം. മറ്റുള്ളവരിൽനിന്ന് നമുക്കും ഒടുവിൽ തിരിച്ചുകിട്ടേണ്ടതും അതുതന്നെയാണ്. ആരുടെയും ഔദാര്യമല്ലത്; നമ്മുടെ ഒരോരുത്തരുടെയും അവകാശമാണ്.
നമ്മൾ നമ്മളിൽ അർപ്പിതമായ ഈ കടമയും ധർമവും നിർവഹിച്ചേ പറ്റൂ. ഒരു നല്ല മനുഷ്യനാവാൻവേണ്ടി മാത്രം. ഒരു നല്ല ജന്മത്തിനവകാശിയായി എന്നഭിമാനിക്കാൻ വേണ്ടി മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.