അവയവമാറ്റത്തിന് ലോകനിലവാരത്തിൽ സർക്കാർ ആശുപത്രി വരുന്നു

കോഴിക്കോട്‌: ലോകോത്തര നിലവാരത്തിൽ കോഴിക്കോട്ട് സർക്കാർ ഉടമസ്ഥതയിൽ അവയവമാറ്റ ആശുപത്രി ഒരുങ്ങുന്നു. കോഴിക്കോട്‌ ചേവായൂർ ത്വഗ്‌രോഗാശുപത്രി കാമ്പസിലെ 20 ഏക്കറിൽ 500 കോടി രൂപ ചെലവിലാണ്‌ ആശുപത്രി നിർമിക്കുകയെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ്‌ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിൽ രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ആശുപത്രി വരുന്നത്. ഈ രംഗത്ത് ലോകത്തെ നാലാമത്തെ ആശുപത്രിയായിരിക്കും ഇത്. അമേരിക്കയിലെ മിയാമി ട്രാൻസ്‌പ്ലാന്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട് മാതൃകയിലാണ് ആശുപത്രി പ്രവർത്തിക്കുക. അവയവമാറ്റ പഠനത്തിനും പരിശീലനത്തിനും ഊന്നൽ നൽകുന്നതായിരിക്കും കേന്ദ്രം.

150 വിദഗ്‌ധ ഡോക്ടർമാരും 800 നഴ്‌സിങ്, ടെക്‌നിക്കൽ സ്‌റ്റാഫും 22 സൂപ്പർ സ്‌പെഷാലിറ്റി കോഴ്‌സും പരിഗണനയിലുണ്ട്‌. 500 കിടക്കകൾ, പരിശീലനകേന്ദ്രം, ഗവേഷണകേന്ദ്രം എന്നിവയോടൊപ്പം എയർ ആംബുലൻസും ഹെലിപാഡ് സൗകര്യവും ഉണ്ടാകും. ചികിത്സ, അവയവമാറ്റം, അധ്യാപനവും പരിശീലനവും എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ആശുപത്രി പ്രവർത്തിക്കുക.

ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് ഫെലോഷിപ് ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ഹൃദയം, ശ്വാസകോശം, വൃക്ക, കരൾ, കോർണിയ, മജ്ജ, കൈകാൽ, മുഖം, തൊലി, പേശി, പാൻക്രിയാസ്‌, കുടൽ തുടങ്ങിയ അവയവങ്ങൾ മാറ്റിവെക്കുന്നതിനുള്ള സൗകര്യമുണ്ടാകും. വിജ്ഞാപനത്തിനുശേഷം അന്തിമ രൂപരേഖ തയാറാക്കും.

പോണ്ടിച്ചേരി ജിപ്‌മെർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രഫസറും കരൾമാറ്റ ശസ്‌ത്രക്രിയ വിദഗ്‌ധനുമായ മലപ്പുറം സ്വദേശി ഡോ. ബിജു പൊറ്റെക്കാടാണ്‌ സ്‌പെഷൽ ഓഫിസർ. കേരളത്തിലെ രോഗികളിൽ ഭൂരിഭാഗവും അവയവമാറ്റ ശസ്ത്രക്രിയകൾക്കായി ഇപ്പോൾ ചെന്നൈ, കോയമ്പത്തൂർ, വെല്ലൂർ, പുതുച്ചേരി ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇതിനേക്കാൾ 60 ശതമാനത്തോളം ചെലവ് കുറവിൽ ചികിത്സ നടത്താൻ കഴിയുമെന്നതാണ് നേട്ടം. കേരളത്തിൽ അഞ്ചുവർഷത്തിനിടെ 235 അവയവമാറ്റ ശസ്ത്രക്രിയകളാണ് നടന്നത്. ഇതിൽ ഭൂരിഭാഗവും സ്വകാര്യ ആശുപത്രിയിലായിരുന്നു. 

Tags:    
News Summary - world class Govt hospital is coming for organ transplantation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.