ജീവിത നിലവാരം മെച്ചപ്പെടുത്തൽ; കേരളത്തിന് ലോക ബാങ്കിന്റെ വായ്പ

ന്യൂഡൽഹി: ആയുര്‍ദൈര്‍ഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് കേരളത്തിന്റെ ആരോഗ്യ മേഖലക്ക് ലോക ബാങ്കിന്റെ വായ്പ. ഇ-ഹെൽത്ത് സേവനങ്ങൾ വിപുലീകരിച്ച് ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും, സംയോജിത ഡേറ്റ പ്ലാറ്റ്‍ഫോമുകൾ സുദൃഢമാക്കാനും, സൈബർ സുരക്ഷ മെച്ചപ്പെടുത്താനുമായി 28 കോടി ഡോളറിന്റെ വായ്പക്കാണ് ലോക ബാങ്കിന്‍റെ ഡയറക്‌ടർ ബോർഡ് അനുമതി നൽകിയത്. സംസ്ഥാനത്തെ 11 ദശലക്ഷത്തോളം വയോജനങ്ങൾക്കും അവശത അനുഭവിക്കുന്നവർക്കും ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇത് ഗുണകരമാകും.

‘കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്‍മെന്‍റ് പ്രോഗ്രാം’ എന്നാണ് പദ്ധതിയുടെ പേര്. പ്രമേഹം, രക്തസമ്മർദം, അർബുദം മുതലായ രോഗങ്ങളുടെ ചികിത്സ സൗകര്യങ്ങളിലെ പോരായ്‌മകൾ നികത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രജിസ്റ്റർ ചെയ്യുന്ന രോഗികളിൽ 90 ശതമാനം പേർക്കും ഇലക‌്ട്രോണിക് ട്രാക്കിങ് സംവിധാനത്തിലൂടെ സഹായം ലഭിക്കും. സമഗ്ര ആരോഗ്യ സേവനങ്ങളിലൂടെ കിടപ്പുരോഗികൾക്കും, അവശരായ വൃദ്ധജനങ്ങൾക്കും സഹായമെത്തിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

ഉയർന്ന രക്തസമ്മർദം നിയന്ത്രണ വിധേയമാകുന്ന രോഗികളുടെ എണ്ണത്തിൽ 40 ശതമാനം വർധനയും, സ്ത്രീകളുടെ ഗർഭാശയ അർബുദത്തിനും സ്തനാർബുദത്തിനും നടത്തുന്ന പ്രാഥമിക പരിശോധനകളുടെ എണ്ണത്തിൽ 60 ശതമാനം വർധനയും ഉറപ്പുവരുത്തുമെന്ന് ലോക ബാങ്കിന്‍റെ ഇന്ത്യയിലെ താൽക്കാലിക കൺട്രി ഡയറക്‌ടർ പോൾ പ്രോസി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് പദ്ധതി നടപ്പാക്കുക. അന്താരാഷ്‍ട്ര പുനർനിർമാണ വികസന ബാങ്കിൽനിന്ന് 25 വർഷത്തെ കാലയളവിൽ വായ്പയായാണ് അനുവദിച്ചത്.

Tags:    
News Summary - World Bank loan to Kerala health sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.