ഓട്ടം കാൽമുട്ടുകളെ കേടാക്കുമോ? പ്രചരിക്കുന്നത് വെറും തെറ്റിദ്ധാരണയെന്ന് വിദഗ്ധർ; സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ

ഹൈദരാബാദ്: ഓടുന്നത് കാൽമുട്ടുകളിലെ തരുണാസ്ഥികൾ തേഞ്ഞുതീരാൻ ഇടയാക്കുമെന്ന ഭയത്താൽ വ്യായാമത്തിൽ നിന്ന് വിട്ടുനിൽക്കുന്നവർ നിരവധിയാണ്. എന്നാൽ, കൃത്യമായ വ്യായാമം ആരോഗ്യമുള്ള സന്ധികളെ 'തേച്ചുതീർക്കുകയല്ല', മറിച്ച് അവയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ വ്യക്തമാക്കുന്നു. സന്ധിതേയ്മാനത്തെക്കുറിച്ച് (ഓസ്റ്റിയോ ആർത്രൈറ്റിസ്) ആളുകൾക്കിടയിലുള്ള വലിയൊരു തെറ്റിദ്ധാരണയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സാധാരണ രീതിയിൽ ഓടുന്നവരിൽ, വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് മുട്ടിനോ ഇടുപ്പിനോ തേയ്മാനം വരാനുള്ള സാധ്യത കൂടുതലില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നടത്തം, സൈക്ലിങ്, നീന്തൽ തുടങ്ങിയ എയറോബിക് വ്യായാമങ്ങൾ സന്ധികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മുൻപ് സന്ധികൾക്കുണ്ടായ ഗുരുതരമായ പരിക്കുകൾ, അമിതമായ തോതിലുള്ള കഠിനമായ ഓട്ടം എന്നിവ മാത്രമാണ് അപകടസാധ്യത കൂട്ടുന്നത്. അതിനാൽ നിയന്ത്രിതവും ക്രമാനുഗതവുമായ ഓട്ടം ആരോഗ്യമുള്ള സന്ധികൾക്ക് പൂർണമായും സുരക്ഷിതമാണ്.

സന്ധികളുടെ സംരക്ഷണത്തിന് വ്യായാമത്തോടൊപ്പം പേശികളുടെ കരുത്തും പ്രധാനമാണെന്ന് ഡോ. സുധീർ കുമാർ വിശദീകരിക്കുന്നു. കാൽമുട്ടുകൾക്ക് ചുറ്റുമുള്ള തുടയിലെയും ഇടുപ്പിലെയും പേശികൾ ശക്തിപ്പെടുത്തുന്നത് മുട്ടിന്റെ ഭാരം താങ്ങാനുള്ള ശേഷി വർധിപ്പിക്കും. ഇതിനായി ജിമ്മിൽ പോകണമെന്നില്ല; സ്ക്വാട്ടുകൾ, സ്റ്റെപ്പ്-അപ്പുകൾ തുടങ്ങിയ ലളിതമായ വ്യായാമങ്ങൾ വീട്ടിൽ തന്നെ ചെയ്യാം. ഒപ്പം ശരീരഭാരം നിയന്ത്രിക്കുന്നതും സന്ധിതേയ്മാനം തടയാൻ സഹായിക്കും. അമിതഭാരം കാൽമുട്ടുകളിലും ഇടുപ്പിലും വലിയ സമ്മർദ്ദം ഉണ്ടാക്കുന്നതിനാൽ ഭാരം കുറയ്ക്കുന്നതും പതിവ് വ്യായാമവും ഒന്നിച്ചു കൊണ്ടുപോകുന്നത് ഏറെ ഫലപ്രദമാണ്.

അതേസമയം, പോഷക സപ്ലിമെന്റുകളെക്കുറിച്ചുള്ള ചില ധാരണകളും തിരുത്തപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ശരീരത്തിൽ കുറവില്ലാത്ത പക്ഷം വെറുതെ കാൽസ്യവും വിറ്റാമിൻ ഡി സപ്ലിമെന്റുകളും കഴിച്ചതുകൊണ്ട് സന്ധിതേയ്മാനം തടയാനാകില്ല. പ്രോട്ടീൻ പേശികളുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും അവ ഓസ്റ്റിയോ ആർത്രൈറ്റിസ് തടയുന്ന മരുന്നുകളല്ല.

നിലവിൽ കാൽമുട്ടുകളിൽ വേദനയോ തേയ്മാനമോ ഉള്ളവർ വ്യായാമം പൂർണമായി ഉപേക്ഷിക്കേണ്ടതില്ലെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. വിദഗ്ധ നിർദേശത്തോടെ ഉചിതമായ മാറ്റങ്ങൾ വരുത്തി നടത്തവും സൈക്ലിങ്ങും തുടരാവുന്നതാണ്. എന്നാൽ കഠിനമായ വീക്കമോ മുട്ടുകൾ പൂട്ടിപ്പോകുന്ന അവസ്ഥയോ ഉണ്ടെങ്കിൽ ഉടനടി പരിശോധന തേടണം. സന്ധികൾ ചലിപ്പിക്കാനായി നിർമിക്കപ്പെട്ടിട്ടുള്ളതാണെന്നും പേശികൾക്ക് ബലം നൽകിയും ശരീരഭാരം നിയന്ത്രിച്ചും അവയെ കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും ഡോ. സുധീർ കുമാർ കൂട്ടിച്ചേർക്കുന്നു.

Tags:    
News Summary - what you need to know to protect joint health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.