പല്ലുവേദനയുമായി ദന്തഡോക്ടറുടെ അടുത്തെത്തിയ 78കാരന് രോഗ നിർണയത്തിൽ പ്രോസ്റ്റേറ്റ് കാൻസർ. പല്ല് നീക്കം ചെയ്യാൻ തീരുമാനിച്ച് വീട്ടിലെത്തിയപ്പോഴാണ് താടിയെല്ല് വീർക്കാൻ തുടങ്ങിയത്. വീക്കവും വേദനയും കൂടിയ സാഹചര്യത്തിൽ വീണ്ടും ഡോക്ടറെ കാണിച്ചപ്പോഴാണ് കാൻസറിനെ കുറിച്ച് അറിയുന്നത്. സി.ടി സ്കാൻ നടത്തിയപ്പോൾ താടിയെല്ലിൽ മുറിവ് കണ്ടെത്തി. കൂടുതൽ പരിശോധനകൾക്ക് ശേഷം പ്രോസ്റ്റേറ്റ് കാൻസർ സ്ഥീരികരിക്കുകയായിരുന്നു.
മെറ്റാസ്റ്റാറ്റിക് പ്രോസ്റ്റേറ്റ് കാൻസറാണെന്നും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നും ഡോക്ടർ വ്യക്തമാക്കി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ നിന്ന് ശരീരത്തിൻറെ മറ്റ് ഭാഗങ്ങളിലേക്ക് കാൻസർ പടരുന്ന അവസ്ഥയാണ് മെറ്റാസ്റ്റാറ്റിക് പ്രോസ്റ്റേറ്റ് കാൻസർ. അഡ്വാൻസ്ഡ് പ്രോസ്റ്റേറ്റ് ക്യാൻസർ എന്നും വിളിക്കാറുണ്ട്. ഇത് സാധാരണയായി ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലെ ലിംഫ് നോഡുകളിലേക്കോ എല്ലുകളിലേക്കോ പടരുന്നു. ശ്വാസകോശം പോലുള്ള മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കും.
മെറ്റാസ്റ്റാറ്റിക് പ്രോസ്റ്റേറ്റ് കാൻസർ താടിയെല്ലിൽ താരതമ്യേന അപൂർവമാണെങ്കിലും നിസാരമായി അതിനെ തള്ളികളയരുത്. താടിയെല്ലിലെ കാൻസർ പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. മെറ്റാസ്റ്റേസുകളുടെ ലക്ഷണങ്ങൾ സൂക്ഷ്മവും പലപ്പോഴും സാധാരണ ദന്ത പ്രശ്നങ്ങൾക്ക് തുല്യവുമാണ്. ഇത് ദന്തഡോക്ടർമാർക്ക് പോലും കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കും.
താടിയെല്ലിൽ സ്ഥിരമായ നീർവീക്കം, വേദന, പല്ല് എടുത്തതിന് ശേഷം മുറിവുണങ്ങാതെ ഇരിക്കുന്നതും പ്രോസ്റ്റേറ്റ് കാൻസറിന്‍റെ ലക്ഷണങ്ങളാവാം. ഓരോ വർഷവും ഏകദേശം 400,000 ആളുകൾക്ക് ഈ രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.