ഒരിക്കൽ തുറന്ന ചുമ മരുന്ന് കുപ്പി, എക്സ്പെയറി ഡേറ്റ് കഴിഞ്ഞിട്ടില്ലെങ്കിലും ഒരു മാസത്തിലധികം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പിൽ കാര്യമുണ്ടോ? ‘‘ഒരിക്കൽ തുറന്ന കഫ് സിറപ്പ് ഒരു മാസത്തിൽ കൂടുതൽ സൂക്ഷിക്കരുത്. മരുന്നിന്റെ ഗുണം നശിക്കുന്നതിനാൽ ഒരു മാസത്തിനുശേഷം അവ ഒഴിവാക്കണം. ഒരിക്കൽ തുറന്നാൽ കാലാവധിക്കു കാത്തുനിൽക്കാതെ ഉപേക്ഷിക്കണം.’’
-പ്രമുഖ യൂട്യൂബർ ഹാർമൻ ഹാർഡിയുടെ പോഡ്കാസ്റ്റിൽ ശിശുരോഗ വിദഗ്ധൻ ഡോ. സൗരഭ് കപൂറാണ് ഇക്കാര്യം മുന്നറിയിപ്പു നൽകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ബാധകമാണെന്നും ഡോക്ടർ അഭിപ്രായപ്പെടുന്നു.
ചുമ മുതൽ ജലദോഷം വരെ ഒട്ടനവധി രോഗങ്ങൾക്ക് സിറപ്പ് ഉപയോഗിക്കാറുണ്ട്. രോഗം ഭേദമായാൽ ബാക്കി വരുന്ന മരുന്ന് സൂക്ഷിച്ചുവെക്കുന്നതും വ്യാപകമാണ്.
'ഡോക്ടറുടെ നിർദേശപ്രകാരം സിറപ്പെടുക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ, ബാക്കി വന്ന സിറപ്പ് ഭാവി ഉപയോഗത്തിനായി ആളുകൾ സൂക്ഷിച്ചുവെക്കുന്നതാണ് പ്രശ്നം. സമാന ലക്ഷണങ്ങളോടെ പിന്നീട് വല്ല ആരോഗ്യപ്രശ്നങ്ങളും വന്നാൽ, കുപ്പിയിൽ ബാക്കിയുള്ള സിറപ്പ് ഉപയോഗിക്കും. ഇതു പലതരത്തിലുള്ള അപകടസാധ്യതയും സൃഷ്ടിക്കുന്നു’' -മുംബൈ എസ്.എൽ റഹേജ ഹോസ്പിറ്റലിലെ ഡോ. പരിതോഷ് ഭാഘേൽ പറയുന്നു.
വായുവുമായുള്ള സമ്പർക്കത്തിലൂടെ ഇത്തരം സിറപ്പുകളിൽ സൂക്ഷ്മാണുക്കൾ വളരാനിടയാകുമെന്നും ഇതുവഴി പ്രധാന മരുന്നുഘടകങ്ങൾ ദുർബലമാവുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
ഒരിക്കൽ തുറന്ന് വായുസമ്പർക്കം സംഭവിക്കുന്നതോടെ മരുന്നിലെ ഘടകങ്ങൾ വിഘടിക്കുകയും ശരീരത്തിന് ഹാനികരമായ ഉപോൽപന്നങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നും ഡോ. സൗരഭ് കപൂർ മുന്നറിയിപ്പു നൽകുന്നു. ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരുന്നതോടെ ആളുകൾ ഈ മരുന്ന് കൂടൂതൽ ഉപയോഗിക്കാൻ തുടങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘‘ഒരിക്കൽ തുറന്ന മരുന്ന്, വായുമുക്തമായി സൂക്ഷിച്ചതല്ലെങ്കിൽ ഫംഗസ്, ബാക്ടീരിയ തുടങ്ങിയവയാൽ കേടാകാൻ സാധ്യതയുണ്ട്. പഞ്ചസാര അടിസ്ഥാനമാക്കിയുള്ളതാകയാൽ കേടാവാൻ കൂടുതൽ സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ ഈ മരുന്നു കഴിക്കുമ്പോൾ പുതിയ അണുബാധ സാധ്യത തള്ളിക്കളയാനാവില്ല. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും ഉടലെടുക്കാം.’’ -ഡോക്ടർ വിശദീകരിക്കുന്നു.
രുചിയിലോ നിറത്തിലോ രൂപത്തിലോ എന്തെങ്കിലും മാറ്റം തോന്നിയാലോ കുപ്പിക്കുള്ളിൽ എന്തെങ്കിലും വളരുന്നതായി കണ്ടാലോ മരുന്ന് പൂർണമായും ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.