ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ബാർട്ട്ലി ഗ്രിഫിത് ഡേവിഡ് ബെന്നറ്റിനൊപ്പം

പന്നിയുടെ ഹൃദയം മനുഷ്യനിൽ മാറ്റിവെച്ചു; വൈദ്യശാസ്ത്രത്തിൽ ചരിത്ര നേട്ടം

വാഷിങ്ടൺ ഡി.സി: വൈദ്യശാസ്ത്രരംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് പന്നിയുടെ ഹൃദയം മനുഷ്യനിൽ വിജയകരമായി മാറ്റിവെച്ചു. യു.എസിലെ മേരിലാൻഡ് മെഡിക്കൽ സ്കൂളിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡേവിഡ് ബെന്നറ്റ് എന്ന 57കാരനായ രോഗിയിൽ ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്. ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങൾ ചികിത്സിക്കുന്നതിൽ നിർണായകമാകും ഈ സംഭവമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഡേവിഡ് ബെന്നറ്റിന്‍റെ ആരോഗ്യനില ഏറെ മോശമായതിനാൽ മനുഷ്യഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. തുടർന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിന് തയാറായത്. ശസ്ത്രക്രിയക്ക് ശേഷം വെന്‍റിലേറ്റർ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. നിലവിൽ ഇ.സി.എം.ഒ മെഷീന്‍റെ സഹായത്തോടെയാണ് പകുതിയോളം രക്തം പമ്പുചെയ്യുന്നത്. ഇത് പതുക്കെ പൂർണമായും ഒഴിവാക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

'മരിക്കുക അല്ലെങ്കിൽ ഈയൊരു അവയവമാറ്റത്തിന് തയാറാവുക, ഈ രണ്ട് സാഹചര്യങ്ങൾ മാത്രമേ മുമ്പിലുള്ളൂ. ഇരുട്ടിലേക്ക് നോക്കിയുള്ള വെടിയാണ് ഇതെന്ന് എനിക്കറിയാം. എന്നാൽ, ഇത് മാത്രമാണ് അവസാന പ്രതീക്ഷ' -ശസ്ത്രക്രിയക്ക് മുമ്പായി ഡേവിഡ് ബെന്നറ്റ് പറഞ്ഞു. ഒരു വർഷം പ്രായമുള്ള, ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ബെന്നറ്റിൽ വെച്ചുപിടിപ്പിച്ചത്.

ആരോഗ്യരംഗത്ത് ഏറെ നിർണായകമായ ശസ്ത്രക്രിയയാണ് നടന്നതെന്നും അവയവ ദൗർലഭ്യം പരിഹരിക്കുന്നതിൽ ഈ നേട്ടം വൻ കുതിച്ചുചാട്ടമാകുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ബാർട്ട്ലി ഗ്രിഫിത് പറഞ്ഞു.

ഭാവിയിലെ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിൽ ഈ ശസ്ത്രക്രിയാ വിജയം നിർണായകമായി മാറുമെന്ന് മേരിലാൻഡ് യൂണിവേഴ്സിറ്റി കാർഡിയാക് ക്സെനോട്രാൻസ്പ്ലാന്‍റേഷൻ പ്രോഗ്രാമിന്‍റെ സഹസ്ഥാപകനായ ഡോ. മുഹമ്മദ് മൊഹിയുദ്ദീൻ പറഞ്ഞു. വർഷങ്ങൾ നീണ്ട പരീക്ഷണത്തിന്‍റെ ഫലമായാണ് ഈ ശസ്ത്രക്രിയ. പന്നിയുടെ ഹൃദയം ബബൂൺ കുരങ്ങുകളിൽ വെച്ചുപിടിപ്പിച്ചുള്ള പരീക്ഷണം നേരത്തെ വിജയകരമായിരുന്നു. ഒമ്പത് മാസത്തിലേറെ പന്നിയുടെ ഹൃദയം ബബൂണിൽ പ്രവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ബെന്നറ്റിന്‍റെ ഹൃദയശസ്ത്രക്രിയ പരീക്ഷണത്തിന് ഉപയോഗിച്ച പന്നിയിൽ 10 ജനിതകമാറ്റങ്ങളാണ് ഡോക്ടർമാർ വരുത്തിയത്. മനുഷ്യശരീരം പന്നിയുടെ ഹൃദയത്തെ പുറന്തള്ളുന്നതിന് കാരണമാകുന്ന മൂന്ന് ജീനുകളെ എഡിറ്റ് ചെയ്തു മാറ്റി. ആറ് മനുഷ്യജീനുകൾ എഡിറ്റ് ചെയ്ത് ചേർക്കുകയും ചെയ്തു. പന്നിയുടെ ഹൃദയപേശികളുടെ അമിതവളർച്ച തടയുന്നതിനും ജീൻ എഡിറ്റിങ് നടത്തി. തുടർന്നാണ് വിജയകരമായി മനുഷ്യനിലേക്ക് മാറ്റിവെച്ചത്. 

കഴിഞ്ഞ ഒക്ടോബറിൽ പന്നിയുടെ വൃക്ക ആദ്യമായി മനുഷ്യശരീരത്തിൽ പരീക്ഷിച്ചിരുന്നു. യു.എസിലെ ന്യൂയോർക് സർവകലാശാലയുടെ ലാംഗോൺ ഹെൽത്തിലെ ഡോക്ടർമാരാണ് വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയത്. മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയിലാണ് അന്ന് വൃക്കമാറ്റിവെക്കൽ പരീക്ഷണം നടത്തിയത്. രക്തപര്യയന വ്യവസ്ഥയുമായി കൂട്ടിച്ചേർത്തെങ്കിലും രോഗിയുടെ ശരീരത്തിന് പുറത്തായാണ് മൂന്ന് ദിവസം വൃക്ക സൂക്ഷിച്ചത്.

Tags:    
News Summary - US Surgeons Successfully Implant Pig Heart In Human

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.