ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ഡേവിഡ് ബെന്നറ്റ്. സമീപം മകൻ.  

പന്നിയുടെ ഹൃദയം ​സ്വീകരിച്ച രോഗി മരിച്ചു

വാഷിങ്ടൺ ഡി.സി: വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രതീക്ഷ പകർന്ന ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് (57) ആണ് വിടവാങ്ങിയത്. ജനുവരി ആദ്യവാരമായിരുന്നു ശസ്ത്രക്രിയ. പുതിയ ഹൃദയവുമായി ഡേവിഡ് ബെന്നറ്റ് രണ്ട് മാസമാണ് ജീവിച്ചത്.

ശസ്ത്രക്രിയ നടന്ന യു.എസിലെ മേരിലാൻഡ് മെഡിക്കൽ സെന്ററിലായിരുന്നു മരണം. ഡേവിഡ് ബെന്നറ്റിന്‍റെ ആരോഗ്യനില ഏറെ മോശമായതിനാൽ മനുഷ്യഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. തുടർന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിന് തയാറായത്.

ശസ്ത്രക്രിയക്ക് ശേഷം വെന്‍റിലേറ്റർ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിച്ചിരുന്നു. ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങൾ ചികിത്സിക്കുന്നതിൽ നിർണായകമായാണ് ഈ ശസ്ത്രക്രിയയെ വൈദ്യശാസ്ത്രലോകം നിരീക്ഷിച്ചത്.


ബെന്നറ്റിന്റെ വിയോഗം ആശുപത്രി ജീവനക്കാർക്ക് താങ്ങാവുന്നതിനപ്പുറമാണെന്ന് ശസ്ത്രക്രിയ നടത്തിയ സർജൻ ഡോ. ബാർട്ട്ലി ഗ്രിഫിത്ത് പറഞ്ഞു. "അവസാനം വരെ പോരാടിയ ധീരനായ രോഗിയായിരുന്നു അദ്ദേഹം. ​ധൈര്യവും സന്നദ്ധതയും കൊണ്ട് ബെന്നറ്റ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ പ്രസിദ്ധനായി'' -ഡോ. ബാർട്ട്ലി ഗ്രിഫിത്ത് പറഞ്ഞു.

'മരിക്കുക അല്ലെങ്കിൽ ഈയൊരു അവയവമാറ്റത്തിന് തയാറാവുക, ഈ രണ്ട് സാഹചര്യങ്ങൾ മാത്രമേ മുമ്പിലുള്ളൂ. ഇരുട്ടിലേക്ക് നോക്കിയുള്ള വെടിയാണ് ഇതെന്ന് എനിക്കറിയാം. എന്നാൽ, ഇത് മാത്രമാണ് അവസാന പ്രതീക്ഷ' -ശസ്ത്രക്രിയക്ക് മുമ്പായി ഡേവിഡ് ബെന്നറ്റ് പറഞ്ഞു. ഒരു വർഷം പ്രായമുള്ള, ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ബെന്നറ്റിൽ വെച്ചുപിടിപ്പിച്ചത്.

ആരോഗ്യരംഗത്ത് ഏറെ നിർണായകമായ ശസ്ത്രക്രിയയാണ് നടന്നതെന്നും അവയവ ദൗർലഭ്യം പരിഹരിക്കുന്നതിൽ ഈ നേട്ടം വൻ കുതിച്ചുചാട്ടമാകുമെന്നും ഡോ. ബാർട്ട്ലി ഗ്രിഫിത് പറഞ്ഞിരുന്നു. ഭാവിയിലെ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിൽ ഈ ശസ്ത്രക്രിയാ വിജയം നിർണായകമായി മാറുമെന്നായിരുന്നു മേരിലാൻഡ് യൂണിവേഴ്സിറ്റി കാർഡിയാക് സെനോട്രാൻസ്പ്ലാന്‍റേഷൻ പ്രോഗ്രാമിന്‍റെ സഹസ്ഥാപകനായ ഡോ. മുഹമ്മദ് മൊഹിയുദ്ദീന്റെ അഭിപ്രായം.

വർഷങ്ങൾ നീണ്ട പരീക്ഷണത്തിന്‍റെ ഫലമായിട്ടായിരുന്നു ശസ്ത്രക്രിയ നടത്തിയത്. പന്നിയുടെ ഹൃദയം ബബൂൺ കുരങ്ങുകളിൽ വെച്ചുപിടിപ്പിച്ചുള്ള പരീക്ഷണം നേരത്തെ വിജയകരമായിരുന്നു. ഒമ്പത് മാസത്തിലേറെ പന്നിയുടെ ഹൃദയം ബബൂണിൽ പ്രവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി. ബെന്നറ്റിന്‍റെ ഹൃദയശസ്ത്രക്രിയ പരീക്ഷണത്തിന് ഉപയോഗിച്ച പന്നിയിൽ 10 ജനിതകമാറ്റങ്ങളാണ് ഡോക്ടർമാർ വരുത്തിയത്. മനുഷ്യശരീരം പന്നിയുടെ ഹൃദയത്തെ പുറന്തള്ളുന്നതിന് കാരണമാകുന്ന മൂന്ന് ജീനുകളെ എഡിറ്റ് ചെയ്തു മാറ്റി. ആറ് മനുഷ്യജീനുകൾ എഡിറ്റ് ചെയ്ത് ചേർക്കുകയും ചെയ്തു. പന്നിയുടെ ഹൃദയപേശികളുടെ അമിതവളർച്ച തടയുന്നതിനും ജീൻ എഡിറ്റിങ് നടത്തി. തുടർന്നാണ് മാറ്റിവെച്ചത്.

അതേസമയം, ബെന്നറ്റിന്റെ മരണകാരണം എന്താണെന്ന കാര്യത്തിൽ ഡോക്ടർമാർ അന്തിമനിഗമനത്തിലെത്തിയയിട്ടില്ല. വിശദമായ പരിശോധനകൾ നടത്തിയശേഷം ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തു​വിടുമെന്ന് ഡോക്ടർമാർ അറിയിച്ചു.

Tags:    
News Summary - US man who got 1st pig heart transplant dies after 2 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.