ഡെങ്കിപ്പനിക്കെതിരെ ആരോഗ്യവകുപ്പിന്‍റെ ജാഗ്രത നിർദേശം: ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ആരോഗ്യവകുപ്പിന്‍റെ അതിജാഗ്രത നിർദേശം. ഡെങ്കിപ്പനി രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടണം. നേരത്തേയുള്ള രോഗനിര്‍ണയവും ചികിത്സയും വഴി രോഗം വഷളാകുന്നതും മരണവും തടയാനും സാധിക്കും.

വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്നു മുതല്‍ 14 ദിവസത്തിനകം മനുഷ്യരില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

രോഗലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് ആരംഭത്തില്‍ കാണുന്ന ലക്ഷണങ്ങള്‍.

അപകട സൂചനകള്‍

തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ഏതെങ്കിലും ശരീര ഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കല്‍, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളര്‍ച്ച, ശ്വസിക്കാന്‍ പ്രയാസം, രക്തസമ്മര്‍ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍.

ചികിത്സ വളരെ പ്രധാനം

എത്രയും വേഗം ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. രോഗബാധിതര്‍ സമ്പൂര്‍ണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. ഇത് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാന്‍ സഹായിക്കും.

പ്രതിരോധ മാര്‍ഗങ്ങള്‍

കൊതുക് വളരാതിരിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കെട്ടിനിര്‍ത്തരുത്. കഴിഞ്ഞവര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകളുടെയും സ്ഥാപനങ്ങളുടെയും അകത്ത് കൂത്താടികളുടെ സാന്നിധ്യം വളരെയധികം കണ്ടിരുന്നു. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ തുടങ്ങി പറമ്പില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌കരിക്കണം.

Tags:    
News Summary - Today is National Dengue Fever Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.