രോഗം വന്ന് ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി വയോജനങ്ങൾ നമുക്കിടയിലുണ്ട്. ആരോഗ്യ ഇൻഷുറൻസ് എടുത്തിരുന്നെങ്കിൽ എന്ന് പലപ്പോഴും ഇവർ ആലോചിച്ചിട്ടുമുണ്ടാകും. ഇൻഷുറൻസ് കമ്പനികളുടെ നിബന്ധനകൾ 65 വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതിനു തടസ്സമായി. എന്നാൽ, മുതിർന്ന പൗരന്മാർക്ക് ആശ്വാസമായി ആ രോഗ്യ ഇൻഷുറൻസ് നയത്തിൽ ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഒഴിവാക്കിയിരിക്കുകയാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ). ഇനി മുതല്‍ ഏതു പ്രായത്തിലുള്ളവർക്കും ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം എന്നാണ് ഐ.ആർ.ഡി.എ.ഐയുടെ ഏറ്റവും പുതിയ വിജ്ഞാപനം പറയുന്നത്. പുതുതായി ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുക്കുന്നതിനുള്ള 65 വയസ്സ് പ്രായപരിധി എടുത്തുകളഞ്ഞ ഉത്തരവിന് 2024 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യമുണ്ട്.

ആരോഗ്യ ഇൻഷുറൻസ് എടുക്കാനായി കാത്തിരിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.

കമ്പനികളുടെ കർശനമായ നിയന്ത്രണങ്ങളും നിബന്ധനകളും മൂലം ആരോഗ്യ ഇൻഷുറൻസിന്റെ പല ആനുകൂല്യങ്ങളും 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ലഭിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. ഇതിനു പരിഹാരമായി വയോജനങ്ങൾക്ക് പ്രയോജനപ്പെടുന്ന മറ്റ്‌ വ്യവസ്ഥകളും പുതിയ വിജ്ഞാപനത്തിലുണ്ട്.

മുതിർന്ന പൗരന്മാർക്ക് യോജിച്ച വിധത്തിലുള്ള പോളിസികൾ അവതരിപ്പിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഏതെങ്കിലും രോഗമുള്ളവർക്കും പോളിസി നൽകൽ നിർബന്ധമാണ്. നേരത്തെയുണ്ടായിരുന്ന രോഗമാണെന്ന പേരില്‍ കമ്പനികൾക്ക് ക്ലെയിം നിരസിക്കാനാവില്ല.

പുതിയ പോളിസി ഉടമകൾക്ക് ആനുകൂല്യം ലഭിക്കാനുള്ള കാത്തിരിപ്പ് കാലയളവ് (വെയ്റ്റിങ് പിരീഡ് ) 48 മാസത്തില്‍നിന്നു 36 മാസമായി കുറക്കാനും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. പോളിസി എടുക്കുന്ന സമയത്ത് പോളിസി ഉടമ രോഗം വെളിപ്പെടുത്തിയാലും ഇല്ലെങ്കിലും അസുഖമുള്ള വ്യക്തി തുടർച്ചയായി 36 മാസം പോളിസിയുടെ പരിധിയിൽ തുടരുന്ന പക്ഷം ഇൻഷുറൻസ് പരിരക്ഷ നൽകണ മെന്നാണ് നിർദേശം. പോളിസി ഉടമകൾക്ക് പ്രീമിയം തവണകളായി അടക്കാനുള്ള സൗകര്യവും കമ്പനികൾ നൽകണം.

പോളിസി ഉടമകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ചികിത്സ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നതിനും മറ്റ് ചികിത്സകൾ പോലെ ആയുഷ് ചികിത്സകൾക്കും തുല്യമായ കവറേജ് നൽകുന്നതിനും ഇൻഷുറൻസ് കമ്പനികൾ നയം രൂപവത്കരിക്കണമെന്നും നിർദേശമുണ്ട്.

ആയുർവേദം, യോഗ, നാച്വറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങി ആയുഷ് വിഭാഗത്തിൽ ഉൾപ്പെടുന്ന ചികിത്സാ രീതികളെ കൂടുതലായി ആശ്രയിക്കുന്ന വയോജനങ്ങൾക്ക്‌ ഈ നിർദേശവും ഏറെ ഗുണം ചെയ്യും.

പോളിസി ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുന്നതുൾപ്പെടെ പോളിസികളുമായി ബന്ധപ്പെട്ട മുതിർന്ന പൗരന്മാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കാനാവശ്യമായ പ്രത്യേക സംവിധാനം കമ്പനികൾ ഒരുക്കണം. ഇത് സംബന്ധിച്ച വിവരങ്ങൾ കമ്പനിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - There is no age limit for health insurance anymore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.