എങ്ങനെ രക്തസമ്മർദം കുറക്കാം, കാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെ; 2025ൽ ആരോഗ്യത്തെ കുറിച്ച് ഇന്ത്യക്കാർ ഗൂഗ്ളിനോട് ചോദിച്ച 10 ചോദ്യങ്ങൾ ഇവയാണ്...

ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് വലിയ ആശങ്കയാണ് ഇന്ത്യക്കാർക്ക്. പ്രമേഹം മുതൽ പൊണ്ണത്തടി പോലുള്ള പല ജീവിത ശൈലി രോഗങ്ങളും ഇന്ത്യക്കാരിൽ സാധാരണമാണിന്ന്. ഇക്കാലത്ത് ഒരു അസുഖം വന്നാൽ ഡോക്ടറെ കാണുന്നതിന് മുമ്പ് പലരും എന്താണെന്ന് കണ്ടെത്താൻ ഗൂഗ്ളിലാണ് പരതി നോക്കുന്നത്. ഈ വർഷം ഇന്ത്യക്കാർ ഗൂഗ്ളിൽ ഏറ്റവും കൂടുതലായി തപ്പിനോക്കിയതും ആരോഗ്യം സംബന്ധിച്ച കാര്യങ്ങളെ കുറിച്ചാണ്. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം, വൃക്കയിലെ കല്ല് എന്നിങ്ങനെയുള്ള രോഗങ്ങളെ കുറിച്ചാണ് കൂടുതൽ ആളുകളും സെർച്ച് ചെയ്തത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ ആരോഗ്യം സംബന്ധിച്ച ചോദ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

1. സാധാരണ ഷുഗർ ലെവൽ എത്രയാണ്?

ബ്ലഡ് ഷുഗർ എന്നാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തിലെ പ്രധാന ഊർജ സ്രോതസാണിത്. ആരോഗ്യമുള്ള മുതിർന്ന ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫാസ്റ്റിങ്ങിന് മുമ്പ് 70-100 എം.ജി/ഡി.എൽ ആയിരിക്കും. ഭക്ഷണം കഴിച്ച് രണ്ടുമണിക്കൂറിനു ശേഷം അത് 140 എം.ജി/ഡി.എല്ലിൽ താഴെയുമായിരിക്കും.

2. എന്താണ് ഉയർന്ന രക്തസമ്മർദം?

ഉയർന്ന രക്തസമ്മർദം എന്നാൽ ഹൈപ്പർ ടെൻഷൻ എന്നും പറയാം. ധമനികളുടെ ഭിത്തികളിൽ രക്തത്തിന്റെ ശക്തി സ്ഥിരമായി വളരെ കൂടുതലായിരിക്കുന്ന ഒരു അവസ്ഥയാണിത്. 130/80 എം.എം എച്ച്.ജിയോ അതിൽ കൂടുതലോ ആണ് ഉയർന്ന രക്തസമ്മർദമായി കണക്കാക്കുന്നത്. ഉയർന്ന രക്തസമ്മർദമുള്ളവരിൽ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം എന്നിവക്കുള്ള സാധ്യത കൂടുതലാണ്.

3. രക്തസമ്മർദം കുറക്കനുള്ള ഏറ്റവും മികച്ച വഴികൾ എന്തൊക്കെയാണ്?

ഉയർന്ന രക്തസമ്മർദമുള്ളവർ അത് കുറക്കാനായി മരുന്നുകൾക്കൊപ്പം ജീവിത ശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. രക്തസമ്മർദം കുറക്കാൻ മരുന്ന് കഴിക്കണമെങ്കിൽ ആദ്യം ഡോക്ടറെ കാണണം. ജീവിത ശൈലിയിൽ മാറ്റം വരുത്താനാണ് ഉ​ദ്ദേശിക്കുന്നതെങ്കിൽ സോഡിയം കുറവുള്ള ഹൃദയാരോഗ്യമുള്ള ഭക്ഷണക്രമം സ്വീകരിക്കുകയാണ് വേണ്ടത്. വ്യായാമം പതിവാക്കുക, ശരീര ഭാരം കുറക്കുക, പുകവലി ഉപേക്ഷിക്കുക, മദ്യപാനം നിയന്ത്രിക്കുക എന്നിവയും പ്രധാനമാണ്.

4. കൊളസ്ട്രോൾ എങ്ങനെ കുറക്കാം?

കൊളസ്ട്രോളിന്റെ അളവ് കുറക്കാനായി പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കൂടുതലുള്ള ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരണം. പൂരിത കൊഴുപ്പുകളും ട്രാൻസ്ഫാറ്റുകളും കുറക്കണം. ആഴ്ചയിൽ ചുരുങ്ങിയത് 150 മിനിറ്റ് വ്യായാമം പതിവാക്കുക. അത് എൽ.ഡി.എൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറക്കാനും എച്ച്.ഡി.എൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കും. അതോടൊപ്പം തന്നെ ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തണം. പുകവലി ഉപേക്ഷിക്കണം. മദ്യത്തിന്റെ അളവ് നിയന്ത്രിക്കുകയും വേണം.

5. പ്രമേഹം എങ്ങനെ നിയന്ത്രിക്കാം?

ഒരു ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. അത് തടയാൻ സാധിക്കില്ല. എന്നാൽ ടൈപ്പ് 2 പ്രമേഹം തടയാൻ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭാരം നിലനിർത്തുകയാണ് അതിൽ ഏറ്റവും പ്രധാനം. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യുക, പച്ചക്കറിൾ അടങ്ങിയ സമീകൃതാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, പുകവലി ഉപേക്ഷിക്കുക, സ്ട്രെസ് നിയന്ത്രിക്കുക, നല്ല ഉറക്കം എന്നിവയും പ്രധാനമാണ്. ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണം. ശരീരഭാരത്തിന്റെ 5-7ശതമാനം കുറക്കുന്നത് പോലും പ്രമേഹ സാധ്യത കുറക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

6. എന്തുകൊണ്ടാണ് വയറു വേദനിക്കുന്നത്​?

പല കാരണങ്ങൾ കൊണ്ട് വയറുവേദന വരാം. ഗ്യാസ്, ദഹനക്കേട് , മലബന്ധം അല്ലെങ്കിൽ ഭക്ഷണ അലർജികൾ പോലുള്ള ദഹന പ്രശ്നങ്ങൾ, ഭക്ഷ്യവിഷബാധ, അണുബാധകൾ എന്നിവ കാരണം ഇത് സംഭവിക്കാം. അപ്പെൻഡിസൈറ്റിസ്, പിത്താശയക്കല്ലുകൾ അല്ലെങ്കിൽ മറ്റ് അവയവ സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള അത്ര സാധാരണമല്ലാത്തതും എന്നാൽ കൂടുതൽ ഗുരുതരവുമായ അവസ്ഥകളുടെ ഫലമായും വയറുവേദന ഉണ്ടാകാം.

7. താരൻ എങ്ങനെ ഒഴിവാക്കാം?

താരൻ നീക്കം ചെയ്യാൻ സഹായിക്കുന്ന നിരവധി മാര്‍ഗങ്ങളുണ്ട്. പൈറിത്തിയോൺ സിങ്ക്, സാലിസിലിക് ആസിഡ്, കെറ്റോകോണസോൾ തുടങ്ങിയ ചേരുവകൾ അടങ്ങിയ ആന്റി-ഡാൻഡ്രഫ് ഷാംപൂകൾ ഉപയോഗിക്കാം. ഇളംചൂടുള്ള വെള്ളത്തിൽ തല പതിവായി കഴുകുക, ചൂടുവെള്ളം ഒഴിവാക്കുക. ടീ ട്രീ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ പോലുള്ള പ്രകൃതിദത്ത പരിഹാരങ്ങളും ഉപയോഗിക്കാം. എന്നിട്ടും താരന്‍ മാറുന്നില്ലെങ്കില്‍ ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക.

8. വയറിളക്കത്തിന് എന്താണ് കാരണം?

മലിനമായ ഭക്ഷണത്തിൽ നിന്നോ വെള്ളത്തിൽ നിന്നോ ശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ പരാദങ്ങൾ മൂലമുണ്ടാകുന്ന അണുബാധകളുടെ ഫലമായാണ് സാധാരണയായി വയറിളക്കം ഉണ്ടാകുന്നത്. ചില മരുന്നുകൾ, ഭക്ഷണ അസഹിഷ്ണുത അല്ലെങ്കിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം അതുമല്ലെങ്കിൽ ക്രോൺസ് രോഗം പോലുള്ള ദഹന പ്രശ്നങ്ങൾ എന്നിവയാണ് വയറിളക്കത്തിന്റെ മറ്റ് കാരണങ്ങൾ. അമിതമായ കഫീൻ, മദ്യം അല്ലെങ്കിൽ കൃത്രിമ മധുരപലഹാരങ്ങൾ പോലുള്ള മറ്റ് ഘടകങ്ങളും വയറിളക്കത്തിന് കാരണമാകും.

9. കാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

കാൻസറിന്റെ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. കാൻസർ ബാധിക്കുന്ന സ്ഥലത്തെ ആശ്രയിച്ചിരിക്കും. സ്ഥിരമായ ക്ഷീണം, ശരീരഭാരം കുറയൽ, മുഴകൾ അല്ലെങ്കിൽ വീക്കം, ചർമത്തിലെ മാറ്റങ്ങൾ (സുഖമാകാത്ത വ്രണങ്ങൾ, മറുകുകളുടെ മാറ്റങ്ങൾ), മലവിസർജന/മൂത്രാശയ ശീലങ്ങളിലെ മാറ്റങ്ങൾ, സ്ഥിരമായ വേദന, അസാധാരണമായ രക്തസ്രാവം (മൂത്രത്തിൽ രക്തം, മലം, ഛർദി, അല്ലെങ്കിൽ ആർത്തവത്തിനിടയിൽ), തുടർച്ചയായ ചുമ അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ചില സാധാരണ ലക്ഷണങ്ങളാണ്. ഇത്തരത്തില്‍ സ്ഥിരമായ എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കാണണം.

10. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ഹൃദയാഘാതത്തിന്റെ ചില സാധാരണ ലക്ഷണങ്ങളിൽ നെഞ്ചുവേദന, സമ്മർദം, ഇറുകിയ വേദന, ശരീരം തണുക്കുന്ന വിയർപ്പ് എന്നിവയാണ്. വേദനയോ അസ്വസ്ഥതയോ തോളിലേക്കോ കൈയിലേക്കോകഴുത്തിലേക്കോ, പുറം, താടിയെല്ല്, പല്ലുകൾ എന്നിവിടങ്ങളിലേക്കോ ചിലപ്പോൾ വയറ്റിലേക്കോ വ്യാപിക്കും. സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായിരിക്കും. സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിൽ അസാധാരണമായ ക്ഷീണം, പുറം, കഴുത്ത് അല്ലെങ്കിൽ താടിയെല്ല് വേദന, ഓക്കാനം അല്ലെങ്കിൽ വയറുവേദന, തലകറക്കം എന്നിവയും കാണപ്പെടാം.

അതോടൊപ്പം എന്താണ് എപ്പോഴം ക്ഷീണം തോന്നുന്നത്, വയറു വീർക്കാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്, വൃക്കയിലെ കല്ലുകൾക്ക് കാരണം എന്താണ്, ഭാരം കുറക്കാൻ ചെറുനാരങ്ങാ നീര് ചേർത്ത ഇളം ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണോ, ഉയർന്ന പ്രോട്ടീൻ ഭക്ഷണം വൃക്കകൾക്ക് നല്ലതാണോ, ഒരു ദിവസം എത്ര കലോറി കഴിക്കാം, പഞ്ചസാര ചേർക്കാത്ത മധുര പലഹാരങ്ങൾ സുരക്ഷിതമാണോ എന്ന ചോദ്യങ്ങൾക്കും ആളുകൾ ഗൂഗ്ളിൽ ഉത്തരം തെരഞ്ഞിട്ടുണ്ട്.

Tags:    
News Summary - The 10 Most Googled Health Questions In India This Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.