കൂടുതൽനേരം ഇരിക്കുന്നവരാണോ? നിങ്ങളുടെ മരണസാധ്യത 30 ശതമാനം കുറക്കാനുള്ള മാർഗങ്ങൾ ഇതാണ്​

കാലം മാറിയതോടെ മനുഷ്യൻ ചെയ്യുന്ന ജോലികളുടെ സ്വഭാവവും മാറിയിട്ടുണ്ട്​. നായാടികളിൽ നിന്ന്​ നഗരവത്​കൃത മനുഷ്യനിലേക്കുള്ള പരിവർത്തനം നമ്മുടെ ജീവിതശീലങ്ങളെയാകെ മാറ്റിമറിച്ചു. ഇന്നുനാം ചെയ്യുന്ന വലിയൊരുശതമാനം ജോലികളും ഇരുന്നുള്ളതാണ്​. തുടർച്ചയായുള്ള ഇരുപ്പ്​ മനുഷ്യ​െൻറ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതായി പുതിയ പഠനങ്ങൾ പറയുന്നു.


പ്രമേഹം, പൊണ്ണത്തടി, അർബുദം തുടങ്ങിയ പല രോഗങ്ങൾക്കും ദീർഘനേരം ഇരിക്കുന്നതാണ് കാരണമെന്ന് സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ കാലിഡോണിയൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. ആശങ്കാജനകമായ വസ്​തുത, ഇൗ ഇരുപ്പ്​ നമ്മുടെ ആയുസ്സ്​ വലിയതോതിൽ കുറക്കും എന്നുള്ളതാണ്​. നിന്നും നടന്നും ജോലി ചെയ്യുന്നവരേക്കാൾ 30 ശതമാനം മരണസാധ്യത കൂടുതൽ ഇരുന്ന്​ ജോലിചെയ്യുന്നവർക്കാണ്​.

പരിഹാരങ്ങൾ

ദീർഘനേരം ഇരിക്കേണ്ടതായി വരുമ്പോൾ ഇരിക്കുന്ന ഓരോ മണിക്കൂറിലും മൂന്ന് മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇങ്ങനെ വ്യായാമം ചെയ്യുന്നതിലൂടെ ആയുസ്സ് 30 ശതമാനം വർധിപ്പിക്കാം. മാത്രമല്ല ആകസ്മികമായി മരണം സംഭവിക്കാനുള്ള സാധ്യതയും ഇത് കുറയ്ക്കുമെന്ന് ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഗവേഷകർ പറയുന്നു. ദീർഘ നേരം ഇരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, ഒരു മണിക്കൂർ ഇടവേളകളിൽ ചെയ്യുന്ന വ്യായാമം ദീർഘ നേരം ഇരിക്കുന്നത് കൊണ്ടുണ്ടാകുന്ന ദോഷങ്ങളെ ഇല്ലാതാക്കുകയും ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യും.


നാല് വർഷമായി നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലുകൾ ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ദീർഘ നേരം ഇരിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് മുൻപ് പുറത്തുവന്നിട്ടുള്ള ആറ് ഗവേഷണ പഠനങ്ങളിലെ വിവരങ്ങൾ ഗവേഷകർ ഇതിനായി വിശകലനം ചെയ്തു. യുകെ, യുഎസ്, സ്വീഡൻ എന്നിവിടങ്ങളിലെ 1,30,000ലധികം ആളുകളിലാണ് പഠനം നടത്തിയത്. ദീർഘ നേരം ഇരുന്നു ജോലി ചെയ്യുന്നവർ, വീട്ടുജോലി ചെയ്യുന്നവർ, കായികമായി അധ്വാനിക്കുന്നവർ എന്നിവരിലെ മരണ നിരക്ക് എങ്ങനെയാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

ഏഴു മണിക്കൂറിൽ താഴെ തുടർച്ചയായി ഇരിക്കുന്ന വ്യക്തികൾ പ്രതിദിനം 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ, അവരുടെ മരണ സാധ്യത 80 ശതമാനം വരെ കുറയും. എന്നാൽ പ്രതിദിനം 11 മുതൽ 12 മണിക്കൂർ വരെ തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരുടെ മരണ സാധ്യത ഈ മുപ്പതു മിനുട്ട് വ്യായാമം കൊണ്ടുമാത്രം കുറയില്ലെന്നും പഠനത്തിൽ കണ്ടെത്തി. ദീർഘ നേരം ഇരിക്കേണ്ടതായി വരുമ്പോൾ ഓരോ മണിക്കൂർ ഇടവിട്ട് മൂന്ന് മിനിറ്റ് നേരം വ്യായാമം ചെയ്താൽ അകാല മരണത്തിനുള്ള സാധ്യത 30 ശതമാനം കുറയുമെന്ന് ഗവേഷകർ പറയുന്നു. ഒരു മണിക്കൂർ ഇടവിട്ട് നിങ്ങൾക്ക് മൂന്നു മിനിറ്റ് വ്യായാമം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതേ അനുപാതത്തിൽ നിങ്ങൾ ദിവസേന വ്യായാമം ചെയ്യേണ്ടതായി വരും.


ഇ​തോടൊപ്പം അമേരിക്കയിലെ പ്രശസ്​തമായ മയോ ക്ലിനിക്ക്​ നൽകുന്ന ഇൗ നിർദേശങ്ങൾ പാലിക്കുന്നതും ആരോഗ്യം നിലനിർത്താൻ സഹായിക്കും

1. ഓരോ 30 മിനിറ്റിലും ഇരിക്കുന്നതിൽ നിന്ന് ഇടവേള എടുക്കുക. എഴുന്നേൽക്കുകയും ചെറുതായി നടക്കുകയും ചെയ്യുക.

2. ഫോണിൽ സംസാരിക്കുമ്പോഴോ ടെലിവിഷൻ കാണുമ്പോഴോ നിൽക്കുക.

3. നിങ്ങൾ ഒരു മേശപ്പുറത്തെ ആശ്രയിച്ച്​ ജോലി ചെയ്യുകയാണെങ്കിൽ, ഒരു സ്റ്റാൻഡിംഗ് ഡെസ്ക് പരീക്ഷിക്കുക-അല്ലെങ്കിൽ ഉയർന്ന മേശയോ കൗണ്ടറോ ഉപയോഗിക്കുക.

4. മീറ്റിംഗുകൾക്കായി കോൺഫറൻസ് റൂമിൽ ഇരിക്കുന്നതിനു പകരം സഹപ്രവർത്തകർക്കൊപ്പം നടക്കുക.

5. ട്രെഡ്‌മില്ലിലെ നടത്തം ശീലമാക്കുക. ഇത്​ മുറികൾക്കുള്ളിലും വ്യായാമം ചെയ്യാൻ സഹായിക്കും.

Tags:    
News Summary - The Dangers of Too Much Sitting And How it Harms The Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.