പാലക്കാട്: ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി ഹെപ്പറ്റൈറ്റിസ്-എ (മഞ്ഞപ്പിത്തം) റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. ഉത്സവങ്ങൾ, മറ്റ് ആഘോഷ പരിപാടികൾ എന്നിവക്കിടയിലും മഞ്ഞപ്പിത്തം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശം നൽകി.
ഹെപ്പറ്റൈറ്റിസ്-എ അഥവാ മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു രോഗമാണ്. ഹെപ്പറ്റൈറ്റിസ്-എ വൈറസ് കാരണമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നതുമൂലം കരളിലെ കോശങ്ങള്‍ നശിക്കുകയും പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുന്നു. ഇതിനാല്‍ മഞ്ഞനിറത്തിലുളള ബിലിറൂബിന്‍റെ അംശം രക്തത്തില്‍ കൂടുകയും മഞ്ഞപ്പിത്തത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചർമത്തിലും കണ്ണിലും മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
രോഗബാധിതനായ ഒരാളുടെ മലംമൂലം മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയും രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഈ രോഗം പകരുന്നത്.
പ്രതിരോധമാര്‍ഗങ്ങള്‍
- രോഗം സ്ഥിരീകരിച്ചയാൾ/രോഗലക്ഷണങ്ങളുളളവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. രോഗപ്പകർച്ച തടയുക.
- രോഗം പൂർണമായും മാറുന്നത് വരെ രണ്ടാഴ്ച വിശ്രമിക്കണം. കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നത് ഒഴിവാക്കണം.
- രോഗബാധിതരായവര്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക, ഭക്ഷണം പങ്കു വെക്കാതിരിക്കുക.
- രോഗി ഉപയോഗിച്ച പാത്രങ്ങള്‍, തുണി എന്നിവ മറ്റുളളവര്‍ ഉപയോഗിക്കാതിരിക്കുക. ഇത്തരം വസ്തുക്കൾ അണുനശീകരണം നടത്തി മാത്രം ഉപയോഗിക്കുക. രോഗി കൂടുതലായി ഉപയോഗിക്കുന്ന മുറികളും പ്രതലങ്ങളും അണുനശീകരണം നടത്തണം.
- ഛര്‍ദ്ദി അവശിഷ്ടങ്ങൾ ശൗചാലയത്തില്‍ തന്നെ നിർമാര്‍ജനം ചെയ്യുക.
- മഞ്ഞപിത്തംമൂലമുളള പനി മാറാൻ ഡോക്ടറുടെ നിര്‍ദേശമില്ലാതെ പാരസെറ്റമോള്‍ ഗുളിക കഴിക്കാതിരിക്കുക.
- പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.
- കുട്ടികളുടെ മലം തുറസായ സ്ഥലം, കുളിമുറി, വാഷ് ബെയിസിന്‍ എന്നിവിടങ്ങളില്‍ ഉപേക്ഷിക്കാതെ ശൗചാലയത്തിൽ മാത്രം സംസ്കരിക്കുക.
- മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്ത് കുടിവെളള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. (1000 ലിറ്റർ വെള്ളത്തിന് അഞ്ച് ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അനുപാതത്തിൽ).
- ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്‍റ് കഴുകി അണുവിമുക്തമാക്കുക.
- ഭക്ഷണ പദാർഥങ്ങള്‍ ഈച്ചയും മറ്റ് പ്രാണികളും കടക്കാതെ മൂടിവെയ്ക്കുക.
- കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കരുത്.
- ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക. സ്വയം ചികിത്സ അരുത്.
- പരിശോധനയും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമാണ്. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നോ ഒറ്റമൂലി ചികിത്സയോ സ്വീകരിക്കാതിരിക്കുക.
- രോഗി കൂടുതൽ സമയം ചെലവഴിക്കുന്ന മുറികളിലെ പ്രതലങ്ങളിലും ശുചിമുറികളിലും കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.