പ്രതീകാത്മക ചിത്രം

നിങ്ങൾ അവഗണിക്കുന്ന ഗ്ലോക്കോമയുടെ ലക്ഷണങ്ങൾ

സാധാരണയായി പ്രായമായവരെ ബാധിക്കുന്ന രോഗമായാണ് ഗ്ലോക്കോമയെ വിലയിരുത്തുന്നത്. എന്നാൽ കാഴ്ചയെ ബാധിക്കുന്ന ഗ്ലോക്കോമ യുവാക്കളിലും വർധിക്കുന്നതായി വിദഗ്ധർ പറയുന്നു. ഗ്ലോക്കോമ സാധാരണയായി വേദനയോ മറ്റ് ലക്ഷണങ്ങളോ പ്രാരംഭ ഘട്ടത്തിൽ സൃഷ്ടിക്കുന്നില്ല എന്നതും ആശങ്ക ഉയർത്തുന്നു.

2024–2025 ലെ ദേശീയ നേത്രാരോഗ്യ പരിപാടിയുടെ ഡേറ്റ പ്രകാരം ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയുൾപ്പെടെയുള്ള നേത്രരോഗങ്ങൾക്ക് ഇന്ത്യയിൽ 98 ലക്ഷത്തിലധികം തിമിര ശസ്ത്രക്രിയകളും 6.4 ലക്ഷത്തിലധികം ചികിത്സകളും നടത്തിയിട്ടുണ്ട്.

പരിശോധനയിലൂടെയും ഗ്ലോക്കോമക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിലൂടെയും രോഗം നേരത്തെ കണ്ടെത്താനാകും. രോഗം പലപ്പോഴും ആളുകൾ പ്രതീക്ഷിക്കുന്നതിലും വളരെ നേരത്തെ ആരംഭിക്കുന്നു. രോഗത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ കാഴ്ച്ചയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നതിനും മുമ്പ് ചെറുപ്പക്കാരിൽ ഒപ്റ്റിക് നാഡിയിൽ ഘടനാപരമായ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്ന് മാക്സിവിഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിലെ സീനിയർ തിമിര, ഗ്ലോക്കോമ സർജനായ ഡോ. റാണി മേനോൻ വിശദീകരിക്കുന്നു.

ഈ ഘട്ടത്തിൽ വേദനയുണ്ടാകില്ല. മാത്രമല്ല കാഴ്ചക്കും ബുദ്ധിമുട്ട് നേരിടാത്തതിനാൽ പലരും ഈ അവസ്ഥയെ അവഗണിക്കുന്നു. രോഗം നേരത്തെ കണ്ടെത്തുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ കാഴ്ച സംരക്ഷിക്കാൻ കഴിയും. മിക്ക നേത്ര രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഗ്ലോക്കോമ അതിന്റെ പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ല.

സെൻട്രൽ വിഷൻ വ്യക്തമായി തുടരുന്നു. ഇത് ആളുകളെ ജോലി ചെയ്യാനും വാഹനമോടിക്കാനും സ്‌ക്രീനുകൾ ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കാനും അനുവദിക്കുന്നു. ഒപ്റ്റിക് നാഡിയിൽ കേടുപാടുകൾ സാവധാനത്തിൽ ആരംഭിക്കുകയും ആദ്യം വശങ്ങളിലെ കാഴ്ചയെ ബാധിക്കുകയും ചെയ്യുന്നു. ഇത് പ്രത്യേക പരിശോധനകളില്ലാതെ കണ്ടെത്താൻ കഴിയില്ല.

മിക്ക യുവാക്കളുടെയും കണ്ണിന്റെ അസ്വസ്ഥതയ്ക്ക് കാരണം സ്‌ക്രീൻ ഉപയോഗം, സമ്മർദം, ഉറക്കക്കുറവ് എന്നിവയാണ്. ഈ ഘടകങ്ങൾ കണ്ണിന് ആയാസം ഉണ്ടാക്കുന്നു. കൂടാതെ ഗ്ലോക്കോമയുടെ പ്രാരംഭ ലക്ഷണങ്ങളെ മറച്ചുവയ്ക്കുകയും ചെയ്യുന്നു. ആവർത്തിച്ചുള്ള ലക്ഷണങ്ങൾ അവഗണിക്കുന്നത് രോഗനിർണയം വൈകിപ്പിക്കുകയും ദീർഘകാല അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

അവഗണിക്കാൻ പാടില്ലാത്ത കാഴ്ച മാറ്റങ്ങൾ

വ്യക്തമായ കാരണമില്ലാതെ ഇടയ്ക്കിടെ കാഴ്ച മങ്ങുന്നത് രോഗികൾ റിപ്പോർട്ട് ചെയ്യുന്ന ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. രാത്രിയിൽ വാഹനമോടിക്കുമ്പോൾ ഉയർന്ന തിളക്കമോ വെളിച്ചമോ ഉള്ള അന്തരീക്ഷത്തിൽ നിന്ന് ഇരുണ്ട സ്ഥലത്തേക്ക് മാറുമ്പോൾ അസ്വസ്ഥത തോന്നുന്നതാണ് മറ്റൊരു സാധാരണ ലക്ഷണം.

ചില ആളുകൾക്ക് പുരികങ്ങൾക്ക് ചുറ്റും നേരിയ തലവേദനയോ ദീർഘനേരം സ്‌ക്രീൻ ഉപയോഗിച്ചതിന് ശേഷം കണ്ണുകളിൽ സമ്മർദമോ അനുഭവപ്പെടുന്നു. ഈ ലക്ഷണങ്ങൾ സാധാരണയായി നിരുപദ്രവകരമാണ്. പക്ഷേ അവ വീണ്ടും വന്നാൽ വിശദമായ നേത്ര പരിശോധന നടത്താൻ ഡോക്ടർമാർ ശിപാർശ ചെയ്യുന്നു.

ഗ്ലോക്കോമ ആദ്യം വശങ്ങളിലെ കാഴ്ചയ്ക്ക് കേടുപാടുകൾ വരുത്തുന്നു. അതുകൊണ്ടാണ് ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. കാലടികൾ തെറ്റുക, വസ്തുക്കളിൽ ഇടിക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ ബുദ്ധിമുട്ടുക, കുറഞ്ഞ വെളിച്ചത്തിൽ വാഹനമോടിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുക എന്നിവ മുന്നറിയിപ്പ് സൂചനകളാകാം.

ഈ മാറ്റങ്ങൾ സാധാരണയായി പൂർണ്ണമായ നേത്ര പരിശോധനയ്ക്കിടെ വിഷ്വൽ ഫീൽഡ് പരിശോധനകളിലൂടെ മാത്രമേ കണ്ടെത്താനാകൂ. വായനയെക്കാൾ കൂടുതൽ കാഴ്ചശക്തി വിലയിരുത്തുന്ന പതിവ് നേത്ര പരിശോധനകൾ ആദ്യകാല രോഗനിർണയത്തിന് അത്യാവശ്യമാണ്.

പാരമ്പര്യം, ജീവിത ശൈലി

കുടുംബത്തിലാർക്കെങ്കിലും ഗ്ലോക്കോമ ഉണ്ടെങ്കിൽ രോഗസാധ്യത കൂടുതലാണ്. പ്രമേഹം, രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലുകൾ, സ്റ്റിറോയിഡുകളുടെ ദീർഘകാല അല്ലെങ്കിൽ അനിയന്ത്രിതമായ ഉപയോഗം തുടങ്ങിയ അവസ്ഥകളും അപകടസാധ്യത വർധിപ്പിക്കുന്നു.

ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനാൽ അത്തരം അപകടസാധ്യതയുള്ള ആളുകൾക്ക് ചെറുപ്പത്തിൽ തന്നെ ഗ്ലോക്കോമ സ്‌ക്രീനിംഗ് നടത്താൻ നേത്രരോഗവിദഗ്ദ്ധർ ശിപാർശ ചെയ്യുന്നു.

ആധുനിക നേത്ര പരിചരണ സാങ്കേതികവിദ്യ കാഴ്ച നഷ്ടം സംഭവിക്കുന്നതിന് മുമ്പ് ഗ്ലോക്കോമ കണ്ടെത്താൻ സഹായിക്കുന്നു.

40 വയസ്സിനു ശേഷം പതിവ് ഗ്ലോക്കോമ സ്‌ക്രീനിംഗ് സാധാരണയായി നിർദ്ദേശിക്കാറുണ്ടെങ്കിലും, കണ്ണിനുണ്ടാകുന്ന ആവർത്തിച്ചുള്ള അസ്വസ്ഥത, പാരമ്പര്യ ഘടകങ്ങൾ എന്നിവ ഉണ്ടെങ്കിലും യുവാക്കൾ പൂർണ്ണ നേത്ര പരിശോധന നടത്തണം.

Tags:    
News Summary - Early warning signs of glaucoma young adults often ignore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.