ഇന്ത്യയിൽ ശസ്ത്രക്രിയാ അണുബാധ നിരക്ക് ഉയർന്ന തോതിലെന്ന് ഐ.സി.എം.ആർ പഠനം

ന്യൂഡൽഹി: ഇന്ത്യയിലെ ആശുപത്രികളിലെ ശസ്ത്രക്രിയാ അണുബാധ നിരക്ക് (എസ്.എസ്.ഐ) നിരക്ക് പല ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലേതിനേക്കാൾ കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് ​മെഡിക്കൽ റിസർച്ചിന്റെ നിർണായക പഠനം. മൂന്ന് പ്രധാന ആശുപത്രികളിൽ നിന്നായി 3,090 രോഗികളെ ഉൾപ്പെടുത്തിയാണ് ഐ.സി.എം.ആർ പഠനം നടത്തിയത്.

ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട അണുബാധകളിൽ ഏറ്റവും വ്യാപകമായ ഒന്നാണ് ശസ്ത്ര​ക്രിയാ അണുബാധ. എല്ലുകൾ പൊട്ടിയാലും മറ്റും അകത്ത് കമ്പിയും സ്ക്രൂവും പോലെയുള്ളവ നിക്ഷേപിച്ചുകൊണ്ടുള്ള ഓപ്പൺ റിഡക്ഷൻ ഇന്റേണൽ ഫിക്സേഷൻ സർജറി, അകത്തും പുറത്തുമായി ഇവ ഉറപ്പിച്ചുകൊണ്ടുള്ള ക്ലോസ്ഡ് റിഡക്ഷൻ ഇന്റേണൽ ഫിക്സേഷൻ സർജറി എന്നിവയിലൂടെയുള്ള അണുബാധ നിരക്ക് 54.2 ശതമാനമാണെന്ന് ഇവർ കണ്ടെത്തി.

എസ്.എസ്.ഐകൾ കാര്യമായ രോഗാവസ്ഥക്ക് കാരണമാകുന്നുവെന്നും ഇത് അമിതമായ ആരോഗ്യച്ചെലവുകളിലേക്കും ആശുപത്രിവാസത്തിന്റെ ദൈർഘ്യം വർധിപ്പിക്കുന്നതിലേക്കും നയിക്കുന്നുവെന്നും പഠനം പുറത്തുവിട്ടു.

ജയ് പ്രകാശ് നാരായൺ അപെക്സ് ട്രോമ സെന്റർ, മണിപ്പാലിലെ കസ്തൂർബ ഹോസ്പിറ്റൽ, മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയിലാണ് പഠനം നടത്തിയത്. ഉയർന്ന വരുമാനമുള്ള പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്ന് ആശുപത്രികളിലും എസ്.എസ്.ഐ നിരക്ക് കൂടുതലാണെന്ന് പഠനം കാണിക്കുന്നു.

മൊത്തം 3,090 രോഗികളിൽ 161 പേർ ശസ്ത്ര​ക്രിയാ അണുബാധക്ക് ഇരകളായിട്ടുണ്ട്. മലിനമായ മുറിവുകളും 120 മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയകളും വർധിച്ച അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എസ്.എസ്.ഐ ബാധിതരായ രോഗികൾ കൂടുതൽ കാലം ആശുപത്രി വാസമനുഭവിക്കുന്നതായി പഠനം വെളിപ്പെടുത്തി.

ഇന്ത്യയിൽ ഡിസ്ചാർജിനു ശേഷമുള്ള കാലയളവ് ഉൾക്കൊള്ളുന്ന അണുബാധകൾക്കുള്ള ഒരു നിരീക്ഷണ സംവിധാനവും നിലവിലില്ല. അതിനാൽ, അണുബാധാ പഠനവുമായി ബന്ധപ്പെട്ട അപകടസാധ്യത തിരിച്ചറിയുന്നതിനും അനുപാതം കണക്കാക്കുന്നതിനും ആശുപത്രിവാസ സമയത്തും ഡിസ്ചാർജ് ചെയ്തതിനുശേഷവും തങ്ങൾ ഒരു ബഹുതല വിശകലനം നടത്തിയതായി ഐ.സി.എം.ആർ പറയുന്നു. ഡിസ്ചാർജ് ചെയ്തതിനു ശേഷമുള്ള നിരീക്ഷണത്തിലൂടെയാണ് 50 ശതമാനം എസ്.എസ്.ഐ ബാധിതരുടെ രോഗനിർണയം നടത്തിയത്. സംയോജിത ശസ്ത്രക്രിയകൾ രോഗികളിൽ എസ്.എസ്.ഐകളുടെ അപകടസാധ്യത വർധിപ്പിക്കുന്നതായും കണ്ടു.

വിവിധ പരമ്പരാഗത ശസ്ത്രക്രിയകൾക്ക് വിധേയരായ രോഗികളെ ആറു മാസത്തോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ മൾട്ടിസെൻട്രിക് സിസ്റ്റമാറ്റിക് വിശകല ശ്രമമാണ് തങ്ങളുടെ പഠനമെന്നും രചയിതാക്കൾ അവകാശപ്പെട്ടു.

Tags:    
News Summary - Surgical infection rate higher in India than many high-income countries: ICMR Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.