തൊടുപുഴ: വേനൽ കനത്തതോടെ ജലദൗര്‍ലഭ്യം മൂലം ജലജന്യ രോഗങ്ങൾ പടരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരങ്ങളിലും പരിസരപ്രദേശങ്ങളിലോ ഇല്ലെന്ന് പൊതുജനങ്ങൾ ഉറപ്പാക്കണമെന്നും ജില്ലാ സർവയലൻസ് ഓഫിസർ അറിയിച്ചു. ജില്ലയിൽ കഴിഞ്ഞ ആഴ്ച്ച കണ്ടെത്തിയ പ്രധാന ഡെങ്കു ഹോട്ട് സ്പോട്ട് തൊടുപുഴ നഗരസഭയിലെ ഒൻപതാം വാർഡ് ഉൾപ്പെട്ട സ്ഥലമാണ്. ഈ മാസം ഡെങ്കിപ്പനി സംശയിക്കുന്ന 23 കേസുകൾ കണ്ടെത്തിയപ്പോൾ മൂന്നെണ്ണം സ്ഥിരീകരിച്ചു.
ഈ സാഹചര്യത്തിൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. ജലക്ഷാമം ഉള്ള സ്ഥലങ്ങളിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളിൽ കൊതുക് വളരാൻ സാധ്യതയുള്ളതിനാൽ വെള്ളം മൂടിവെച്ച് ഉപയോഗിക്കണം. ഫ്രിഡ്ജിന്റെ പുറകിലെയിടം, ഇൻഡോർ പ്ലാന്റ്സ്, ഫ്ലഷ് ടാങ്ക്, കുപ്പി, പാട്ട ചിരട്ട അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം, കളിപ്പാട്ടങ്ങൾ, റബ്ബർ ടാപ്പിങ് ചിരട്ടകൾ, വെള്ളം നിറച്ച അലങ്കാര കുപ്പികൾ, ഉപയോഗ ശൂന്യമായ ടാങ്കുകൾ,ടയറുകൾ, തുടങ്ങിയവയിൽ ഒരാഴ്ചയിൽ കൂടുതൽ വെള്ളം കെട്ടി നിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് മുട്ടയിട്ടു വളരുന്ന സാഹചര്യം ഉണ്ട്. അവ ഇല്ലാതാക്കുകയോ ഒഴിവാക്കുകയോ ചെയ്യാൻ ശ്രദ്ധിക്കണം.
എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും പ്രത്യേകം ജാഗ്രത പുലർത്തണം. മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. കൈകാലുകളിൽ മുറിവ് ഉള്ളവർ മലിനജല സമ്പർക്കം വരാതെ നോക്കണം. വ്യക്തി ശുചിത്വ സുരക്ഷകൾ സ്വീകരിക്കണം.
വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവരും മൃഗപരിശീലകരും രോഗബാധയേൽക്കാൻ സാധ്യത കൂടിയതിനാൽ ആരോഗ്യപ്രവർത്തകരുടെ നിർദേശ പ്രകാരം പ്രതിരോധ മരുന്ന് കഴിക്കണം. ജലജന്യ രോഗമായ ഹെപ്പറ്റൈറ്റിസ് എ വ്യാപനം കുറക്കുന്നതിന് കർശനമായ ശുചിത്വ രീതികൾ സ്വീകരിക്കേണ്ടത് നിർണായകമാണ്. രോഗബാധ തടയുന്നതിനായി സുരക്ഷിതമായ കുടിവെള്ളവും ശരിയായ മാലിന്യ നിർമ്മാർജ്ജനവും ഉറപ്പുവരുത്തണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ജില്ലയിൽ പനി ബാധിതരുെട എണ്ണത്തിലും വർധനവുണ്ട്. ഈ മാസം 4783 പേർക്കാണ് വൈറൽ പനി ബാധിച്ചത്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയെത്തിയവരുടെ എണ്ണമാണിത്. ചിക്കൻ പോക്സും മുണ്ടി നീരും അടുത്തിടെ കൂടുതലായി റിപോർട്ട് ചെയ്യുന്നുണ്ട്. ഈ മാസം 79 പേർക്കാണ് ചിക്കൻ പോക്സ് കണ്ടെത്തിയത്. സ്കൂൾ കുട്ടികളിലടക്കം മുണ്ടിനീരും വ്യാപകമാകുന്നുണ്ട്.165 പേർക്കാണ് ഈ മാസം മുണ്ടിനീര് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.