ഒമിക്രോൺ 21 മണിക്കൂർ ചർമത്തിലുണ്ടാകുമെന്ന്​ പഠനം; പ്ലാസ്റ്റിക്കിൽ 8 ദിവസത്തിലധികം തുടരും

കൊറോണ വൈറസിന്‍റെ ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമാണ്​ ഒമിക്രോൺ. വളരെ പെട്ടെന്നാണ്​ ഇത്​ പകരുന്നത്​. ഇതിന്‍റെ കാരണം കണ്ടെത്തിയിരിക്കുകയാണ്​ ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂനിവേഴ്‌സിറ്റി ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ.

കൊറോണ വൈറസിന്‍റെ ഒമിക്രോൺ വേരിയന്‍റിന് ചർമത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും നിലനിൽക്കാൻ കഴിയുമെന്ന് പഠനം പറയുന്നു. ഇത്​ മറ്റ്​ വകഭേദങ്ങളെ അപേക്ഷിച്ച്​ വളരെ കൂടുതലാണ്​. ഇതാണ്​ ഒമിക്രോൺ കൂടുതൽ പേരിലേക്ക്​ പകരാൻ കാരണമെന്ന്​ ഇവർ പറയുന്നു.

ചൈനയിലെ വുഹാനിൽ ആദ്യമായി കണ്ടെത്തിയ വൈറസിന്‍റെയും മറ്റു ​വകഭേദങ്ങളുടെയും പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങൾ ഇവർ വിശകലനം ചെയ്തു. വുഹാനിൽ കണ്ടെത്തിയ യഥാർത്ഥ വകഭേദത്തേക്കാൾ ആൽഫ, ബീറ്റ, ഡെൽറ്റ, ഒമിക്രോൺ വേരിയന്‍റുകൾ പ്ലാസ്റ്റിക്​, ചർമം എന്നിവിടങ്ങളിൽ രണ്ടിരട്ടിയിലധികം അതിജീവിക്കുന്നുണ്ട്​. ഇത്​ സമ്പർക്കത്തിലൂടെ കോവിഡ്​ പകരാനും സാമൂഹിക വ്യാപനത്തിനും കാരണമാകും.

നിലവിൽ കണ്ടെത്തിയ വകഭേദങ്ങളിൽ ഏറ്റവും ഉയർന്ന പാരിസ്ഥിതിക സ്ഥിരത ഒമിക്രോണിനാണ്​. ഡെൽറ്റ വകഭേദത്തെ മറികടന്ന്​ ഒമിക്രോൺ അതിവേഗം വ്യാപിക്കാനുണ്ടായ ഘടകം ഇതായിരിക്കുമെന്ന്​ ഗവേഷകർ വ്യക്​തമാക്കുന്നു.

പ്ലാസ്റ്റിക് പ്രതലങ്ങളിൽ യഥാർത്ഥ വകഭേദത്തിന്‍റെയും ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദത്തിന്‍റെയും ശരാശരി അതിജീവന സമയം യഥാക്രമം 56 മണിക്കൂർ, 191.3 മണിക്കൂർ, 156.6 മണിക്കൂർ, 59.3 മണിക്കൂർ, 114 മണിക്കൂർ എന്നിങ്ങനെയാണ്​. അതേസമയം, ഒമിക്രോൺ വേരിയന്‍റിന് 193.5 മണിക്കൂർ നിലനിൽക്കാൻ കഴിയും.

ചർമ സാമ്പിളുകളിൽ യഥാർത്ഥ വകഭേദത്തിന്‍റെ ശരാശരി അതിജീവന സമയം 8.6 മണിക്കൂറാണ്. ആൽഫക്ക്​ 19.6 മണിക്കൂറും ബീറ്റക്ക്​ 19.1 മണിക്കൂറും ഗാമക്ക്​ 11 മണിക്കൂറും ഡെൽറ്റക്ക്​ 16.8 മണിക്കൂറും ഒമിക്രോണിന് 21.1 മണിക്കൂറുമാണ്​.

35 ശതമാനം എഥനോൾ ഉപയോഗിച്ചപ്പോൾ 15 സെക്കൻഡ്​ കൊണ്ട്​ വൈറസ്​ ഇല്ലാതായതായും അതിനാൽ ലോകാരോഗ്യ സംഘടന നിർദേശിക്കുന്നതുപോലെ കൈ കഴുകൽ ഉൾപ്പെടെ ശുചി​ത്വ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഗവേഷകർ പറയുന്നു. 

Tags:    
News Summary - Study shows that Omicron is present in the skin for 21 hours; Will remain in plastic for more than 8 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.