ലണ്ടൻ: പരിസ്ഥിതിയിലെ കീടനാശിനികളുടെ സാന്നിധ്യം മനുഷ്യന്റെ ദീർഘകാല ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിൽ നിർണ്ണായകമായ കണ്ടെത്തലുമായി 'നേച്ചർ ഹെൽത്ത്' ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം. ഉയർന്ന അളവിൽ കീടനാശിനി സമ്പർക്കമുണ്ടാകുന്ന പ്രദേശങ്ങളിലെ ആളുകൾക്ക് അർബുദം വരാനുള്ള സാധ്യത 150 ശതമാനം വരെ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഫ്രാൻസിലെ ടൗലൂസ് സർവ്വകലാശാലയും പെറുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നിയോപ്ലാസ്റ്റിക് ഡിസീസും സംയുക്തമായാണ് ഈ പഠനം നടത്തിയത്.
സാധാരണയായി കീടനാശിനികളെക്കുറിച്ച് നടക്കാറുള്ള പഠനങ്ങൾ ഓരോ രാസവസ്തുവിനെയും വേർതിരിച്ചാണ് പരിശോധിക്കാറുള്ളത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ മനുഷ്യർ ഒരേസമയം പലതരം കീടനാശിനികളുമായാണ് സമ്പർക്കത്തിൽ വരുന്നത്. ഈ രാസമിശ്രിതങ്ങൾ ശരീരത്തിൽ സൃഷ്ടിക്കുന്ന ആഘാതമാണ് ഈ പഠനം പ്രധാനമായും പരിശോധിച്ചത്.
പല കീടനാശിനികൾ ഒരേസമയം ശരീരത്തിലെത്തുന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു. പെറുവിലെ കാർഷിക മേഖലകളിൽ നടത്തിയ പഠനത്തിൽ, ഒരാൾ ശരാശരി 12 വ്യത്യസ്ത തരം കീടനാശിനികളുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നുണ്ടെന്ന് കണ്ടെത്തി. അർബുദം ബാധിക്കുന്നതിന് വളരെ മുമ്പ് തന്നെ ശരീരത്തിലെ കോശങ്ങളുടെ സ്വാഭാവിക പ്രവർത്തനം തടസ്സപ്പെടുത്താൻ ഈ രാസവസ്തുക്കൾക്ക് സാധിക്കും. വിഷാംശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന കരളിനെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.
ലോകാരോഗ്യ സംഘടന കാർസിനോജെനിക് (അർബുദത്തിന് കാരണമാകുന്നവ) എന്ന് തരംതിരിക്കാത്ത കീടനാശിനികൾ പോലും ഒന്നിച്ചു ചേരുമ്പോൾ മാരകമാകുന്നു. നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ ഓരോ രാസവസ്തുവിനെയും തനിച്ച് പരിശോധിക്കുന്നവ ആയതിനാൽ ഈ അപകടം തിരിച്ചറിയപ്പെടുന്നില്ല. ദരിദ്രരും ഉൾനാടൻ ഗ്രാമങ്ങളിൽ കഴിയുന്നവരുമായ കർഷക സമൂഹങ്ങളാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത്. കാലാവസ്ഥാ വ്യതിയാനവും എൽ നിനോ പോലുള്ള പ്രതിഭാസങ്ങളും കീടനാശിനികളുടെ വ്യാപനം വർധിപ്പിക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഈ പഠനം പെറുവിനെ അടിസ്ഥാനമാക്കിയാണെങ്കിലും ഇതിന്റെ പ്രസക്തി ആഗോളതലത്തിലാണ്. തീവ്രമായ കൃഷിരീതികൾ പിന്തുടരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ സമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ട്. കീടനാശിനികളുടെ ഉപയോഗത്തിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങളും, രാസമിശ്രിതങ്ങളുടെ ആഘാതം കണക്കിലെടുത്തുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങളും അനിവാര്യമാണെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.