ലോക കപ്പ് ഫൈനലിൽ അർജന്റീനയുടെ തോൽവിയും പ്രമേഹവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ചോദ്യം കേൾക്കുമ്പോൾ ആശ്ചര്യം തോന്നാമെങ്കിലും ഇതിലും ഒരു കാര്യമുണ്ടെന്ന് നെഫ്രോളജിസ്റ്റും ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ ഫെലോയുമായ ഡോ. പി. ഷംനാദിന്റെ പക്ഷം. ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ തോൽവി മനസ്സിലാക്കിയാൽ നമുക്ക് എന്തുകൊണ്ട് പ്രമേഹം വരുന്നു എന്ന് മനസ്സിലാക്കാമെന്ന് ഡോ. ഷംനാദ് പറയുന്നു. മൈഷുഗർ ക്ലിനിക്കിന്റെ റീലിലാണ് ഡോ. ഷംനാദിന്റെ രസകരമായ വിവരണം.
ഫൈനൽ മാച്ചിൽ സ്പെയിൻ ടീം ശക്തമായ പ്രതിരോധ തന്ത്രങ്ങളിലൂടെ അർജന്‍റീനയുടെ നായകൻ മെസ്സിയെ ബ്ലോക്ക് ചെയ്യുകയും അദ്ദേഹത്തിന്‍റെ കാലിൽ പന്തുപോലും കിട്ടാതാക്കുകയും ചെയ്തു. പന്ത് കിട്ടാത്ത മെസ്സിയെക്കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നു ഡോ. ഷംനാദ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഒരു മെസ്സിയുണ്ട്. അതാണ് ഇൻസുലിൻ. ആ ഇൻസുലിന്റെ ഉദ്ദേശം നമ്മുടെ ഷുഗറിനെ കുറയ്ക്കലാണ്. പക്ഷേ ശത്രുക്കൾ വന്ന് ഉപരോധം തീർത്താൽ ചില അവസരങ്ങളിൽ ഈ ഇൻസുലിന് വേണ്ട രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ല. സ്പെയിൻ ടീം അംഗങ്ങളെപ്പോലെ അമിതവണ്ണം, ഉറക്കക്കുറവ്, വ്യായാമത്തിന്റെ കുറവ്, ഭക്ഷണം ക്രമരഹിതമാവൽ എന്നിവയെല്ലാം നമ്മുടെ ശരീരത്തിൽ ഇൻസുലിന് പ്രതിരോധം തീർക്കും. ഇതിനെയാണ് ഇൻസുലിൻ റസിസ്റ്റൻസ് എന്ന് വിളിക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തിന് കാരണം ഇൻസുലിൻ ഇല്ലാത്തതല്ല, മറിച്ച് ഇതിന് നല്ലപോലെ പ്രവർത്തിക്കാൻ കഴിയാത്തതാണ്. നമ്മൾ ശത്രുക്കളെ ഉണ്ടാക്കിക്കൊടുക്കുന്നത് കൊണ്ടാണ് ശരീരത്തിലെ ഇൻസുലിന് പ്രമേഹത്തെ പ്രതിരോധിക്കാൻ സാധിക്കാതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവർ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനും മാറ്റിയെടുക്കുന്നതിനുമായി കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലിമെഡിസിൻ (ഓൺലൈൻ) പ്ലാറ്റ്‌ഫോമാണ് മൈഷുഗർ ക്ലിനിക്ക്.
ജീവിതശൈലിയും പ്രമേഹവും
ജീവിതശൈലിയിലെ ചില മാറ്റങ്ങൾ ശരീരത്തിൽ ക്രമേണ ഇൻസുലിൻ റെസിസ്റ്റൻസിന് (ഇൻസുലിന്റെ പ്രവർത്തനം കുറയുന്ന അവസ്ഥ) കാരണമാവുന്നുണ്ട്. ക്രമം തെറ്റിയ ഭക്ഷണശീലം, വ്യായാമക്കുറവ്, അമിതഭാരം, ഉറക്കക്കുറവ്, പുകവലി, അമിത മദ്യപാനം എന്നിവ ഓരോന്നും വ്യത്യസ്ത രീതിയിൽ ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനം ദുർബലമാക്കുന്നു. അതിന്റെ ഫലമായി ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നു. തുടർന്ന് പാൻക്രിയാസിന് ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കാൻ കഴിയാതെ വരുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ഉയരുകയും ടൈപ്പ് 2 പ്രമേഹം വികസിക്കുകയും ചെയ്യും
അമിതമായി പഞ്ചസാരയും മൈദയും അടങ്ങിയ ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ഇടയ്ക്കിടെ കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരും. ഇത് നിയന്ത്രിക്കാൻ പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കേണ്ടിവരും. ദീർഘകാലം ഇങ്ങനെ തുടർന്നാൽ ശരീരകോശങ്ങൾ ഇൻസുലിനോട് വേണ്ടത്ര പ്രതികരിക്കാതെയാകുന്നു.
വ്യായാമം കുറയുന്നതും പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കും. പേശികൾ പ്രവർത്തിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിനെ ഊർജമായി ഉപയോഗിക്കും. എന്നാൽ ശാരീരിക പ്രവർത്തനം കുറയുമ്പോൾ ഗ്ലൂക്കോസിന്റെ ഉപയോഗം കുറയുകയും രക്തത്തിലെ പഞ്ചസാര ഉയരുകയും ചെയ്യുന്നു.
ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്, പ്രത്യേകിച്ച് വയറിനു ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഹോർമോണുകളും രാസവസ്തുക്കളും പുറത്തുവിടുന്നു. ഇവ ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കുന്ന കഴിവ് കുറയ്ക്കുന്നു.
കാലക്രമേണ പാൻക്രിയാസിലെ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങൾക്ക് അമിതഭാരം അനുഭവപ്പെടുകയും ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യാം. മതിയായ ഉറക്കം ലഭിക്കാതിരുന്നാൽ വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥ തകരാറിലാവും. അതിനാൽ കൂടുതൽ ഭക്ഷണം കഴിക്കാനും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളോട് താൽപര്യം കൂടാനും സാധ്യതയുണ്ട്. ഉറക്കക്കുറവ് ശരീരത്തിന്റെ ഇൻസുലിനോടുള്ള പ്രതികരണശേഷിയും കുറയ്ക്കാം. ഇതിലൂടെ അമിതവണ്ണത്തിനും പ്രമേഹത്തിനും സാധ്യത വർധിക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
* സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക.
* മുഴുധാന്യങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പയർവർഗങ്ങൾ, പഴങ്ങൾ എന്നിവ കൂടുതൽ ഉൾപ്പെടുത്തുക.
* പഞ്ചസാര ചേർത്ത പാനീയങ്ങൾ, മധുരപലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക.
* ഭക്ഷണത്തിന്റെ അളവും സമയവും ക്രമീകരിക്കുക.
* ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമം (വേഗത്തിലുള്ള നടത്തം, സൈക്കിൾ ചവിട്ടൽ, നീന്തൽ തുടങ്ങിയവ) ചെയ്യുക.
* ആഴ്ചയിൽ രണ്ടോ അതിലധികമോ ദിവസം പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളും ഉൾപ്പെടുത്തുക.
* ദീർഘനേരം തുടർച്ചയായി ഇരിക്കുന്നത് ഒഴിവാക്കി ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക.
* ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.
* വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
* ദിവസവും 7–9 മണിക്കൂർ ഗുണമേന്മയുള്ള ഉറക്കം ഉറപ്പാക്കുക.
* മാനസിക സമ്മർദ്ദം നിയന്ത്രിക്കുക
* പുകവലി പൂർണമായും ഉപേക്ഷിക്കുക.
* കുടുംബത്തിൽ പ്രമേഹചരിത്രമുണ്ടെങ്കിൽ അല്ലെങ്കിൽ അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അപകടസാധ്യതകളുണ്ടെങ്കിൽ രക്തത്തിലെ പഞ്ചസാര ഇടയ്ക്കിടെ പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.