രാവിലെ എഴുന്നേറ്റയുടൻ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമാണ് മിക്ക ആളുകൾക്കും ഉള്ളത്. എന്നാൽ ഇത്തരം പാനീയങ്ങൾ പതിവാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. രാവിലെ എന്ത് കുടിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ഒരു ദിവസം കടന്നു പോവുക. നെഞ്ചെരിച്ചിൽ, ദഹനപ്രശ്നം, തുടങ്ങിയ അസ്വസ്ഥതകളെല്ലാം അനുഭവപ്പെടുന്നത് രാവിലത്തെ പാനീയങ്ങൾ കാരണമാകും.
എന്നാൽ ചില പാനീയങ്ങൾ കുടിക്കുന്നത് ശരീരഭാരം കുറക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും അധിക കലോറി കുറക്കാനും സഹായിക്കുന്ന ഇത്തരം പാനീയങ്ങൾ നല്ലതാണ്. പ്രഭാതഭക്ഷണത്തിന് 15മിനിറ്റ് മുമ്പ് വേണം ഇവ കുടിക്കാൻ. ദിവസവും ഒരേ പാനീയങ്ങൾ കുടിക്കുന്നതിന് പകരം മാറി മാറി കുടിക്കുന്നത് വിരസത ഒഴിവാക്കാനും സഹായിക്കും.
ചെറുചൂടുള്ള നാരങ്ങാവെള്ളം: ഉന്മേഷം നൽകുന്ന പ്രഭാത പാനീയങ്ങളിൽ ഒന്നാണിത്. ചെറുചൂട് വെള്ളത്തിൽ പകുതി പിഴിഞ്ഞ നാരങ്ങ നീര് ചേർക്കുക. ഇവ ദിവസവും ശീലമാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. നാരങ്ങയിൽ അടങ്ങിയ വിറ്റാമിൻ സി മെറ്റബോളിസത്തിനും പൊണ്ണത്തടി സാധ്യത കുറക്കുന്നതിനും സഹായിക്കും.
ജീരക വെള്ളം: ദഹനം മെച്ചപ്പെടുത്തുന്നതിന് ജീരക വെള്ളം നല്ലതാണ്. കാരണം ജീരകം എൻസൈമുകളുടെ പ്രകാശനം ത്വരിതപ്പെടുത്തുകയും കാർബോഹൈഡ്രേറ്റുകളെ നശിപ്പിക്കുകയും ചെയ്യും. അതിനാൽ ആഴ്ചയിൽ അഞ്ച് മുതൽ ആറ് ദിവസം വരെ ഇവ കുടിക്കാവുന്നതാണ്.
തേനും ഇഞ്ചിയും ചേർത്ത വെള്ളം: ഗ്യാസ്ട്രിക് ഇല്ലാതാക്കാനും ഗ്യാസ് രൂപപ്പെടുന്നത് തടയാനും സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. അതേസമയം തേൻ ആമാശയ സംബന്ധമായ ബുദ്ധിമുട്ടുകളിൽ നിന്നും സഹായിക്കും. രാവിലെ അസിഡിറ്റി അല്ലെങ്കിൽ ഓക്കാനം അനുഭവപ്പെടുന്നവർക്ക് ഇത്തരം പാനീയങ്ങൾ സഹായകരമാണ്. ദിവസവും രാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പ് ഇത് കഴിക്കാവുന്നതാണ്.
കറ്റാർ വാഴ നീര്: കറ്റാർ വാഴക്ക് സ്വാഭാവിക തണുപ്പിക്കൽ, രോഗശാന്തി ഗുണങ്ങൾ എന്നിവ ഉണ്ട്. ഇത് ദഹനനാളത്തിലെ വീക്കം കുറക്കാനും ആസിഡ് റിഫ്ലക്സിൽ നിന്ന് തടയാനും സഹായിക്കും. രാവിലെ വെറും വയറ്റിൽ ചെറിയ അളവിൽ (30 മില്ലിയിൽ കൂടരുത്) വെള്ളത്തിൽ കലർത്തി കഴിക്കുക. ഇങ്ങനെ ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് കഴിക്കുക.
ഉലുവ വെള്ളം: ഉലുവയിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റി കുറക്കുകയും സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതേ നാരുകൾ ദഹനം സുഗമമായി നിലനിർത്തുന്ന നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആഴ്ചയിൽ മൂന്നോ നാലോ ദിവസം രാവിലെ ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.