പ്രമേഹരോഗികളുടെ എണ്ണം രാജ്യത്ത് നാൾക്കുനാൾ വർധിക്കുകയാണ്. നിലവിൽ രാജ്യത്തെ പ്രമേഹ രോഗികളുടെ എണ്ണം 10 കോടിയിലധികമാണ്. വരും വർഷങ്ങളിൽ ഇത് 15 കോടി കടന്നേക്കും. രോഗികൾ വർധിക്കുന്നതോടെ ആസ്വദിച്ച് കഴിച്ചിരുന്ന പല ഭക്ഷണങ്ങളും സംശയത്തിന്‍റെ നിഴലിലുമാകും.
ഉരുളക്കിഴങ്ങ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയർത്തുമെന്നും ഇത് പ്രമേഹത്തിന് കാരണമാകുമെന്നും പലരും കരുതുന്നു. എന്നാൽ ഇത് വെറും മിഥ്യാധാരണയെന്ന് പറയുകയാണ് ന്യൂഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ പ്രിവന്റീവ് ഹെൽത്ത് ആൻഡ് വെൽനസ് ഡയറക്ടർ ഡോ. സോണിയ റാവത്ത്.
ലോകത്ത് ഏറ്റവും കൂടുതൽ ആഹാരമാക്കപ്പെടുന്ന പച്ചക്കറികളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. ഇവ നാരുകൾ, പൊട്ടാസ്യം, വിറ്റമിൻ സി, വിറ്റമിൻ ബി6 എന്നിവയാൽ സമ്പന്നമാണ്.
ഉരുളക്കിഴങ്ങിനെ ആരോഗ്യപൂർണ്ണമായ ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാൻ കഴിയും. പ്രമേഹം ഒരു സങ്കീർണരോഗമാണ്. രോഗം വരാനുള്ള കാരണങ്ങളും പലർക്കും പലതാണ്. ഉരുളക്കിഴങ്ങ് കഴിച്ചത് കൊണ്ടുമാത്രം ആരും പ്രമേഹരോഗികളാവുന്നില്ലെന്നും ഡോ. സോണിയ പറയുന്നു.
എന്നിരുന്നാലും പ്രമേഹം സ്ഥിരീകരിച്ചവർ ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തുന്നതിൽ മിതത്വം പാലിക്കണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസായി മാറുന്നു. അതിനാൽ പ്രമേഹരോഗികൾ അമിതമായോ അനാരോഗ്യകരമായ രീതികളിലോ ഉരുളക്കിഴങ്ങ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ വർധിപ്പിക്കും.
ആരോഗ്യമുള്ള വ്യക്തികളിൽ ഉരുളക്കിഴങ്ങ് വിവേകപൂർവ്വം കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കില്ലെന്നും വിദഗ്ധർ പറയുന്നു. ഉരുളക്കിഴങ്ങിന്‍റെ കൂടെ പ്രോട്ടീൻ സമ്പന്നമായ തൈര്, പച്ചക്കറികൾ, പരിപ്പ് എന്നിവ കഴിക്കുന്നത് രക്തത്തിലേക്ക് പുറന്തള്ളപ്പെടുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്നും ഡോ. സോണിയ പറയുന്നു.
ആളുകൾ ഭക്ഷണത്തിൽ നിന്ന് ഉരുളക്കിഴങ്ങ് പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല. പ്രമേഹരോഗികൾക്ക് ഭക്ഷണ നിയന്ത്രണം, സമീകൃതാഹാരം, പതിവ് വ്യായാമം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കൽ എന്നിവയാണ് പ്രധാനമെന്നും അവർ പറയുന്നു.
ജീവിതശൈലി, പാരമ്പര്യ ഘടകങ്ങൾ, മൊത്തത്തിലുള്ള ഭക്ഷണക്രമം എന്നിവ പ്രമേഹം വരാനുള്ള കാരണങ്ങളിൽ വളരെ വലിയ പങ്കു വഹിക്കുന്നുവെന്നും ഡോക്ടർമാർ ഊന്നിപ്പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.