തിരുവനന്തപുരം: ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് സർക്കാർ ആശുപത്രികളിൽ ഒ.പിയിലെത്തുന്ന ഒരു രോഗിക്കായി ചെലവഴിക്കാൻ സാധിക്കുന്നത് ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണെന്ന് തുറന്നുപറഞ്ഞ് ഡോക്ടർമാരുടെ സംഘടന. രോഗവിവരം കേൾക്കാനും പരിശോധനക്കും ചികിത്സക്കും ഇത്ര ചുരുങ്ങിയ സമയമാകുന്നത് ഡോക്ടറുടെയും രോഗിയുടെയും അവകാശങ്ങൾ ഒരു പോലെ ലംഘിക്കുകയാണെന്നും കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേൻ (കെ.ജി.എം.ഒ.എ) ഭാരവാഹികൾ പറയുന്നു.
ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഡോക്ടർ - രോഗീ അനുപാതം 1000 രോഗിക്ക് ഒരു ഡോക്ടർ ആണ്. കേരളത്തിൽ മൊത്തത്തിൽ 80,000 ഡോക്ടർമാർ ജോലി ചെയ്യുന്നു എന്നാണ് കണക്കെങ്കിലും ആരോഗ്യ വകുപ്പിൽ 6165 ഡോക്ടർമാരുടെ തസ്തിക മാത്രമാണുള്ളത്.
ഇക്കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ മേഖലയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. ജനസംഖ്യയിൽ 50 ശതമാനത്തോളം പേരും സർക്കാർ മേഖലയെ ചികിത്സക്കായി ആശ്രയിക്കുമ്പോൾ 1: 1000 അനുപാതക്കണക്കിൽ 17,665 ഡോക്ടർമാരുടെ കുറവാണ് സർക്കാർ മേഖലയിലുള്ളത്.
പരിമിത മാനവശേഷിയിലും വണ്ടിക്കാളകളെപ്പോലെ ജോലിയെടുക്കേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകർ വലിയ സമ്മർദമാണ് അനുഭവിക്കുന്നത്. രോഗീപരിചരണത്തിനു പുറമേ, സ്ഥാപനത്തിന്റെ ഭരണപരമായ ചുമതലകൾ, വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട അവലോകന യോഗങ്ങൾ, പരിശീലന പരിപാടികൾ , വി.ഐ.പി ഡ്യൂട്ടികൾ, മെഡിക്കൽ ബോർഡ്, ഇ- സഞ്ജീവനി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജോലികളാണ് മെഡിക്കൽ ഓഫിസർമാർ ചെയ്യേണ്ടി വരുന്നത്.
കേവലം രോഗീപരിചരണത്തിലുപരിയായി രോഗപ്രതിരോധ പ്രവർത്തനങ്ങളും വിവിധ ദേശീയ പദ്ധതികളുടെ നടത്തിപ്പും സാമൂഹിക സുരക്ഷാ പദ്ധതികളിലെ പങ്കാളിത്തവുമെല്ലാം ആരോഗ്യ സ്ഥാപനങ്ങളുടെ ചുമതലയാണ്.
വിവിധ കേഡറുകളിലെ ഡോക്ടർമാരുടെ ജോലിയും ഉത്തരവാദിത്തങ്ങളും കൃത്യമായി നിർവചിക്കണമെന്നും വിവിധ സ്പെഷാലിറ്റികളിലെയും ജനറൽ കേഡറിലെയും ഡോക്ടർമാർ പ്രതിദിനം കാണേണ്ട രോഗികളുടെ എണ്ണം നിജപ്പെടുത്തുകയും വേണമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.