മലബാര്‍ കാന്‍സര്‍ സെന്ററില്‍ കണ്ണിന്റെ കാഴ്ച നിലനിര്‍ത്തിക്കൊണ്ട് അപൂര്‍വ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കാന്‍സര്‍ ചികിത്സയില്‍ അപൂര്‍വ നേട്ടം കൈവരിച്ചു. കണ്ണിലെ കാന്‍സര്‍ ചികിത്സിക്കാനുള്ള ഒക്യുലാര്‍ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യില്‍ വിജയകരമായി നടത്തി. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ കാഴ്ച നിലനിര്‍ത്തിക്കൊണ്ടുള്ള കാന്‍സര്‍ ചികിത്സാ രീതിയാണിത്.

യുവിയല്‍ മെലനോമ ബാധിച്ച 55 വയസുകാരിയിലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇറക്കുമതി ചെയ്ത പ്‌ളാക്കുകളേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ തദ്ദേശീയമായി നിര്‍മ്മിച്ച റുഥേനിയം 106 പ്ലാക് ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. ചികിത്സക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വീണ ജോര്‍ജും അഭിനന്ദിച്ചു.

കേരളത്തില്‍ ഇത്തരമൊരു ചികിത്സ ആദ്യമായാണ് നടത്തുന്നത്. ഇന്ത്യയിലെ വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമേ ഈ ചികിത്സ നടത്തുന്നുള്ളൂ. ഡല്‍ഹി എയിംസ്, ന്യൂഡല്‍ഹി ആര്‍മി ഹോസ്പിറ്റല്‍, ചണ്ഡിഗഡ് ഗവ. മെഡിക്കല്‍ കോളജ് എന്നിവ കഴിഞ്ഞാല്‍ ഈ ചികിത്സ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സര്‍ക്കാര്‍ ആശുപത്രിയായി ഇതോടെ എം.സി.സി. മാറി. എം.സി.സി.യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണിത്. എം.സി.സി.യിലെ ഒക്യുലാര്‍ ഓങ്കോളജി വിഭാഗവും റേഡിയേഷന്‍ ഓങ്കോളജി വിഭാഗവും ചേര്‍ന്നാണ് ഈ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

കണ്ണിലെ കാന്‍സര്‍ ചികിത്സക്കായി ചെയ്യുന്ന അത്യാധുനിക റേഡിയേഷന്‍ തെറാപ്പിയാണ് പ്ലാക് ബ്രാക്കിതെറാപ്പി. കണ്ണുകള്‍ നീക്കം ചെയ്യാതെ സംരക്ഷിക്കാനും കാഴ്ച നഷ്ടമാകാതെ നിലനിര്‍ത്താനും ഈ ചികിത്സയിലൂടെ കഴിയും. കണ്ണിന്റെ ഉപരിതലത്തിലെ മുഴകള്‍, യൂവിയല്‍ മെലനോമ, റെറ്റിനോബ്ലാസ്റ്റോമ, കണ്ണിനുള്ളിലെ ട്യൂമറുകള്‍ എന്നിവ ചികിത്സിക്കാന്‍ പ്ലാക്ക് ബ്രാക്കിതെറാപ്പി ഏറെ ഫലപ്രദമാണ്.

റേഡിയോ ആക്ടീവ് ഐസോടോപ്പ് അടങ്ങിയ ഒരു പ്‌ളാക് ശസ്ത്രക്രിയയിലൂടെ കണ്ണിലെ ട്യൂമറിന് മുകളില്‍ നിക്ഷേപിക്കുകയും നിശ്ചിത സമയത്തേക്ക് അവിടെ വയ്ക്കുകയും ചെയ്യുന്നു. റേഡിയേഷന്‍ ചികിത്സയുടെ കാലയളവിനുശേഷം ഈ പ്ലാക് നീക്കം ചെയ്യുകയും രോഗിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. രോഗിയുടെ കാഴ്ച നിലനിര്‍ത്താന്‍ സാധിക്കും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകത. എം.സി.സി.യില്‍ ഈ ചികിത്സ യാഥാർഥ്യമായതോടെ മറ്റ് സംസ്ഥാനങ്ങളില്‍ പോകാതെ കേരളത്തില്‍ തന്നെ ഈ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും.

എം.സി.സി. ഡയറക്ടര്‍ ഡോ. ബി. സതീശന്റെ ഏകോപനത്തില്‍ റേഡിയേഷന്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഗീത, ഡോ. ജോനീത, ഡോ. ഗ്രീഷ്മ, ഡോ. ഫൈറൂസ്, ഡോ. ഹൃദ്യ, ഡോ. ശില്‍പ, ഡോ. സോണാലി, സ്റ്റാഫ് നഴ്‌സുമാരായ ജിഷ, മനീഷ്, ശ്രീജില്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് ചികിത്സയില്‍ പങ്കാളികളായത്.

Tags:    
News Summary - Rare surgical success with eye sight preservation at Malabar Cancer Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.