പേവിഷബാധ: പ്രതിരോധം പ്രധാനം

കൊല്ലം: പേവിഷബാധ വഴിയുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിനായി ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍. നായ്ക്കളാണ് പ്രധാന രോഗവാഹികള്‍. പൂച്ച, കുറുക്കന്‍, അണ്ണാന്‍, കുതിര, വവ്വാല്‍, എലി തുടങ്ങിയ രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലൂടെയാണ് വൈറസുകള്‍ പകരുന്നത്. മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ എന്നിവയിലൂടെ വൈറസുകള്‍ ശരീരത്തിലെത്തി സുഷുമ്നാ നാഡിയെയും തലച്ചോറിനെയും ബാധിക്കും.

രോഗലക്ഷണങ്ങള്‍

തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത് വേദന, തരിപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങള്‍. വെളിച്ചത്തോടും വായുവിനോടും വെള്ളത്തിനോടും ഭയം പിന്നാലെ പ്രത്യക്ഷമാകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 2-3 മാസംവരെ എടുക്കും. ചിലര്‍ക്ക് നാലു ദിവസത്തിനകം പ്രകടമാകാം. ആറ് വര്‍ഷം വരെ എടുത്തേക്കാനുമിടയുണ്ട്.

പ്രഥമ ശുശ്രൂഷ പ്രധാനം

വെള്ളവും സോപ്പും ഉപയോഗിച്ച് കടിയേറ്റ ഭാഗം 10-15 മിനിറ്റ് നന്നായി കഴുകണം. പൈപ്പില്‍നിന്ന് വെള്ളം തുറന്ന് വിട്ട് കഴുകുന്നതാണ് നല്ലത്. ബെറ്റഡിന്‍ ലോഷന്‍ ഉപയോഗിച്ചും മുറിവ് വൃത്തിയാക്കാം. മുറിവ് കെട്ടി വെക്കരുത്.

പ്രതിരോധ മാര്‍ഗങ്ങള്‍

രോഗവാഹകരായ വളര്‍ത്ത് മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധം. വളര്‍ത്തുമൃഗങ്ങള്‍ക്ക് ആറു മാസം പ്രായമായാല്‍ ആദ്യ കുത്തിവെപ്പ് എടുക്കാം. ഓരോ വര്‍ഷ ഇടവേളയിലാണ് കുത്തിവെപ്പ് തുടരേണ്ടത്. പേവിഷബാധയേറ്റാൽ ഫലപ്രദമായ ചികിത്സയില്ല. മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ ഏറ്റാല്‍ കുത്തിവെപ്പെടുക്കണം; 0, 3, 7, 28 ദിവസങ്ങളിലാണ് എടുക്കേണ്ടത്. ആദ്യ മൂന്ന് ഡോസുകള്‍ സമ്പര്‍ക്കമുണ്ടായി പത്ത് ദിവസത്തിനുള്ളില്‍തന്നെ പൂര്‍ത്തിയാക്കണം.

ഇമ്യൂണോഗ്ലോബുലിന്‍ 72 മണിക്കൂറിനുള്ളില്‍ അല്ലെങ്കില്‍ ഏഴു ദിവസത്തിനകം എടുക്കണം. വാക്സിൻ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിൽ സൗജന്യമായി ലഭിക്കും. പൂര്‍ണമായ വാക്‌സിന്‍ എടുത്തവര്‍ മൂന്ന് മാസത്തിനുള്ളിലാണ് സമ്പര്‍ക്കം ഉണ്ടാകുന്നതെങ്കില്‍ വാക്‌സിന്‍ വീണ്ടും എടുക്കേണ്ടതില്ല.

മൂന്ന് മാസം കഴിഞ്ഞാണെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം. നായോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി നിസ്സാരമായി കാണരുത്. നായ്, പൂച്ച ഇവയെ സ്ഥിരം കൈകാര്യം ചെയ്യുന്നവരും, വന്യമൃഗങ്ങളുമായി ഇടപഴകുന്നവരും മുന്‍കൂട്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

Tags:    
News Summary - Rabies: Immunization is Important -DMO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.