പന്നിയുടെ അവയവങ്ങൾ മനുഷ്യ ദാതാക്കളേക്കാൾ മികച്ചതാവുന്ന ഒരു നാൾ വരുമെന്ന് ശസ്‍ത്രക്രിയാ വിദഗ്ധൻ

ലണ്ടൻ: മാറ്റിവെക്കാൻ മനുഷ്യ ദാതാക്കളിൽ നിന്നുള്ളവയേക്കാൾ പന്നികളുടെ അവയവങ്ങൾ മികച്ചതാവുന്ന ഒരു നാൾ വരുമെന്ന് പ്രമുഖ ശസ്ത്രക്രിയാ വിദഗ്ധൻ. ജീവിച്ചിരിക്കുന്ന മനുഷ്യരിലേക്ക് പന്നിയുടെ വൃക്കകൾ മാറ്റിവെക്കുന്ന ക്ലിനിക്കൽ പരീക്ഷണത്തിന് പിന്നാലെയാണ് എൻ.വൈ.യു ലാംഗോണിലെ ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ. റോബർട്ട് മോണ്ട്ഗോമറിന്റെ പ്രസ്താവന.

പരീക്ഷണത്തിലെ ആദ്യ അവയവ മാറ്റം ഇതിനകം നടത്തിയതായും മറ്റൊന്ന് ജനുവരിയിൽ നടക്കുമെന്നുമാണ് റിപ്പോർട്ട്. മനുഷ്യ ശരീരം അവയവം തിരസ്കരിക്കുന്നത് കുറക്കുന്നതിന് ജീൻ എഡിറ്റ് ചെയ്ത പന്നിയുടെ അവയവങ്ങൾ ആറു രോഗികൾക്ക് തുടക്കത്തിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അനുമതി നൽകിയാൽ 44 ട്രാൻസ്പ്ലാൻറുകൾ കൂടി ഉൾപ്പെടുത്തി ട്രയൽ വികസിപ്പിക്കുമെന്നും ‘ദ ഗാർഡിയൻ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യാവയവങ്ങളുടെ കുറവ് പരിഹരിക്കുക എന്നതാണ് ‘സെനോട്രാൻസ്പ്ലാന്റേഷൻ’ എന്നറിയപ്പെടുന്ന ഈ സമീപനത്തിന്റെ ലക്ഷ്യം. ഭാവിയിൽ മാറ്റിവെക്കാൻ ആവശ്യത്തിന് മനുഷ്യാവയവങ്ങൾ ഉണ്ടാകില്ല എന്നതാണ് വാസ്തവമെന്ന് മോണ്ട്ഗോമറി പറയുന്നു.

എൻ.എച്ച്.എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാൻറ് പ്രകാരം, കഴിഞ്ഞ 10 വർഷത്തിനിടെ യു.കെയിൽ മാത്രം 12,000ത്തിലധികം ആളുകൾ പുതിയ അവയവം സ്വീകരിക്കുന്നതിന് മുമ്പ് മരിക്കുകയോ ട്രാൻസ്പ്ലാൻറ് വെയിറ്റിങ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. പുതിയ പരീക്ഷണത്തിൽ പങ്കെടുക്കുന്നവർ അവയവത്തിനായി വെയിറ്റിങ് ലിസ്റ്റിൽ ഉള്ളവരാണ്.

വൃക്ക മാറ്റിവെക്കൽ ഉൾപ്പെടെയുള്ള മനുഷ്യാവയവങ്ങളുടെ വിതരണം വർധിപ്പിക്കുന്നതിന് മോണ്ട്ഗോമറി പുതിയ സമീപനങ്ങൾക്ക് തുടക്കമിട്ടു. ലഭ്യമായ മനുഷ്യാവയവങ്ങളുടെ എണ്ണം ക്രമേണ വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് തന്റെ ജീവിതം ചെലവഴിച്ചു. എന്നാൽ, തങ്ങൾ നേടിയ ഏതൊരു പുരോഗതിയും ട്രാൻസ്പ്ലാൻറുകൾക്കായി കാത്തിരിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചുവരുന്നതിലൂടെ ഇല്ലാതാക്കപ്പെട്ടതായി അദ്ദേഹം പറയുന്നു.

‘സെനോട്രാൻസ്പ്ലാന്റേഷൻ’ എന്ന ആശയം പതിറ്റാണ്ടുകളായി നിലവിലുണ്ടെങ്കിലും, ജീൻ എഡിറ്റ് ചെയ്ത പന്നികളെ സൃഷ്ടിക്കാനുള്ള കഴിവ് ഉൾപ്പെടെയുള്ള സമീപകാല സംഭവവികാസങ്ങൾ നിർണായകമാണെന്നും മോണ്ട്ഗോമറി പറഞ്ഞു. 
ലോകത്തിലെ ആദ്യത്തെ ജീൻ എഡിറ്റ് ചെയ്ത പന്നിയിൽ നിന്ന് മനുഷ്യനിലേക്കുള്ള അവയവം മാറ്റിവെക്കൽ 2021ൽ മോണ്ട്ഗോമറി നടത്തിയിരുന്നു.വൃക്ക സ്വീകരിച്ചയാൾ മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയായിരുന്നു. എങ്കിലും അവയവങ്ങൾ ഉടനടി നിരസിക്കപ്പെട്ടില്ല. ഇത് ജീവിച്ചിരിക്കുന്നവരിൽ ഉപയോഗിക്കുന്നതിനുള്ള നിർണായക സുരക്ഷാ ഡാറ്റ നൽകിയെന്നും ഇത് ഒരു പ്രധാന ഘട്ടമാണെന്നും മോണ്ട്ഗോമറി പറഞ്ഞു.

അവയവമാറ്റത്തിനായി പന്നിയുടെ അവയവങ്ങൾ ഒടുവിൽ മനുഷ്യരേക്കാൾ മികച്ചതായിത്തീരാൻ പോലും സാധ്യതയുണ്ട്. കൂടുതൽ ജീൻ എഡിറ്റുകൾ അവയവം നിരസിക്കാനുള്ള സാധ്യത കുറക്കുന്നു. അവ ഒരു ഘട്ടത്തിൽ മികച്ചതായി തീരും. കാരണം നമുക്ക് അവയെ മെച്ചപ്പെടുത്തുന്നതിനായി നിരന്തരം പരിഷ്കരിക്കാൻ കഴിയും. ഒരു മനുഷ്യ അവയവം ഉപയോഗിച്ച് നിങ്ങൾക്കത് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Pig organ transplants could one day be superior to human ones, says expert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.