തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളജിൽ ന്യൂക്ലിയര്‍ മെഡിസിനില്‍ പി.ജി സീറ്റുകള്‍ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ പി.ജി സീറ്റുകളും അനുവദിച്ചു. ന്യൂക്ലിയര്‍ മെഡിസിനിലെയും റേഡിയേഷന്‍ ഓങ്കോളജിയിലെയും ഉള്‍പ്പെടെ പി.ജി സീറ്റുകള്‍ കേരളത്തിന്റെ കാന്‍സര്‍ ചികിത്സ രംഗത്തിന് കൂടുതല്‍ കരുത്ത് പകരും.
81 പുതിയ മെഡിക്കല്‍ പി.ജി സീറ്റുകള്‍ക്കാണ് കേരളത്തിന് ഇത്തവണ എൻ.എം.സി അനുമതി നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് -17, എറണാകുളം മെഡിക്കല്‍ കോളജ് -15, കണ്ണൂര്‍ മെഡിക്കല്‍ കോളജ് -15, കൊല്ലം മെഡിക്കല്‍ കോളജ് -30, കോഴിക്കോട് മെഡിക്കല്‍ കോളജ് -രണ്ട്, മലബാര്‍ കാന്‍സര്‍ സെന്റര്‍ -രണ്ട്.
മെഡിക്കല്‍ കോളജുകള്‍ക്കായി 270 അധ്യാപക തസ്തിക സൃഷ്ടിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പി.ജി സീറ്റുകള്‍ ലഭ്യമായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗത്തിലും ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലും പി.ജി സീറ്റുകള്‍ അനുവദിക്കാൻ നടപടി ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.