രക്താർബുദം ബാധിച്ച ശ്രീനന്ദന് ജനിതക സാമ്യമുള്ള രക്തമൂല കോശം കണ്ടെത്താൻ ഹസൻ മരക്കാർ ഹാളിലൊരുക്കിയ മെഗാ ക്യാമ്പിൽ സാമ്പ്ൾ നൽകാനെത്തിയവർ

ശ്രീനന്ദനുവേണ്ടി കൈകോ‍ർത്ത് ജനം; രക്തമൂലകോശ ദാതാവിനെ കണ്ടെത്താനുള്ള ക്യാമ്പിൽ എത്തിയത് ആയിരങ്ങൾ

തിരുവനന്തപുരം: ഏഴു വയസ്സുകാരൻ ശ്രീനന്ദന്‍റെ ജീവിതം തിരിച്ചുപിടിക്കാന്‍ ജനം കൈകോർത്തു. അപൂര്‍വ രക്താര്‍ബുദരോഗം സ്ഥിരീകരിച്ച ശ്രീനന്ദന് രക്തമൂലകോശ ദാതാവിനെ കണ്ടെത്താൻ തിരുവനന്തപുരം ഹസൻ മരയ്ക്കാര്‍ ഹാളിൽ നടത്തിയ ക്യാമ്പിൽ പങ്കെടുത്തത് ആയിരങ്ങൾ. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറരവരെ സംഘടിപ്പിച്ച ക്യാമ്പിലേക്ക് സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവർ എത്തി. 18-50 വയസ്സിനിടയിലുള്ള നാലായിരത്തിലധികം പേർ എത്തിയെന്ന് സംഘാടകർ അറിയിച്ചു.

കൊല്ലം അഞ്ചൽ സ്വദേശികളായ രഞ്ജിത്-ആശ ദമ്പതികളുടെ മകൻ ശ്രീനന്ദന് മാസങ്ങൾക്ക് മുമ്പാണ് രക്താർബുദം സ്ഥിരീകരിച്ചത്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സതേടി. രക്തം ഉൽപാദിപ്പിക്കേണ്ട മൂലകോശങ്ങൾ നശിച്ചതിനാൽ തുടർച്ചയായി രക്തം മാറ്റിവെച്ചാണ് ജീവൻ നിലനിർത്തുന്നത്. അധികനാൾ ഇങ്ങനെ തുടരാൻ സാധിക്കില്ല. ജീവൻ നിലനിർത്തണമെങ്കിൽ രക്തമൂലകോശങ്ങൾ മാറ്റിവെക്കണം. അതിനായി ജനിതക സാമ്യമുള്ള രക്തകോശങ്ങൾ ലഭിക്കണം. കുഞ്ഞിനായി കേരളത്തില്‍ ലഭ്യമായ ആറരലക്ഷം പേരുടെ ബ്ലഡ് സ്റ്റെം രജിസ്ട്രി പരിശോധിച്ചിട്ടും ആരെയും കണ്ടെത്താനായില്ല.

രാജ്യത്തും രാജ്യത്തിന് പുറത്തുമുള്ള ഡോണേഴ്സ് ലിസ്റ്റിൽനിന്ന് ശ്രീനന്ദന് യോജിച്ചത് കിട്ടിയില്ല. ശ്രീനന്ദന്‍റെ കുടുംബാംഗങ്ങളിൽനിന്നും ജനിതക സാമ്യമുള്ള മൂലകോശം ലഭ്യമായില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. 10000ൽ ഒന്നുമുതൽ 20 ലക്ഷത്തിൽ ഒന്നുവരെയാണ് രക്തകോശങ്ങൾ കിട്ടാനുള്ള സാധ്യത.

സാമ്പിൾ നൽകാനെത്തിയവരുടെ കവിളിനുള്ളിൽനിന്ന് കോട്ടൺ ബഡ്സ് ഉപയോഗിച്ചാണ് സെല്ലുകൾ ശേഖരിച്ചത്. ഇതിനെ പ്രത്യേക കവറുകളിലാക്കി ഹ്യൂമൻ ലൂക്കോലൈറ്റ് ആന്‍റിജൻ പരിശോധനക്കായി ദാത്രിയുടെ ചെന്നൈ ഓഫിസിലേക്ക് അയച്ചു. ഫലം ലഭിക്കാൻ 45 ദിവസമെടുക്കും.

Tags:    
News Summary - People join hands for Sreenandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.