രോഗികളുടെ വിവരങ്ങള്‍ ഇനി അത്യാഹിത വിഭാഗത്തില്‍ തത്സമയം അറിയാം

തിരുവനന്തപുരം: രോഗിയുമായി ഇനി കനിവ് 108 ആംബുലന്‍സ് മെഡിക്കല്‍ കോളജിലേക്ക് തിരിക്കുമ്പോള്‍ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനില്‍ തെളിയും. കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന ഹോസ്പിറ്റല്‍ പ്രീ അറൈവല്‍ ഇന്റിമേഷന്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ നിര്‍വഹിച്ചു. മികച്ച ട്രോമാകെയര്‍ സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി പൈലറ്റ് പ്രോജക്ടായി മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച സംവിധാനത്തിന്റെ പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി.

ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കനിവ് 108 ആംബുലന്‍സ് സര്‍വീസിന്റെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 108 ആംബുലന്‍സില്‍ ഒരു രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് വരുന്നുണ്ടെങ്കില്‍ അയതിന്റെ വിവരങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനില്‍ തെളിയും. രോഗിയുടെ പേര്, വയസ്, ഏത് തരത്തിലുള്ള അത്യാഹിതം, എവിടെ നിന്നാണ് കൊണ്ട് വരുന്നത് എന്നുള്‍പ്പടെയുള്ള വിവരങ്ങളും എത്ര സമയത്തിനുള്ളില്‍ ആംബുലന്‍സ് ആശുപത്രിയിലെത്തും എന്നുള്ള വിവരങ്ങളും ഈ സ്‌ക്രീനില്‍ തെളിയും.

കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ആംബുലന്‍സുകളില്‍ സ്ഥാപിച്ചിരിക്കുന്ന ജി.പി.എസിന്റെ സഹായത്തോടെയാണ് ആംബുലന്‍സ് ആശുപത്രിയില്‍ എത്തുന്ന സമയം കണക്കാക്കുന്നത്. ഇതിലൂടെ ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാന്‍ കഴിയും. ഭാവിയില്‍ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ഈ സംവിധാനം സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Patient information is now real-time in the emergency department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.